Connect with us

Kerala

മേയര്‍ പദവിക്ക് കോണ്‍ഗ്രസ് പണം ആവശ്യപ്പെട്ടു; വെളിപ്പെടുത്തിയ ലാലി ജെയിംസിനു സസ്‌പെന്‍ഷന്‍

ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

Published

|

Last Updated

തൃശൂര്‍ | മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ സസ്പെന്‍ഡ് ചെയ്ത് കെ പി സി സി നേതൃത്വം. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പണം വാങ്ങി മേയര്‍ പദവി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി ഉന്നയിച്ചത്. തൃശൂര്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയായിരുന്നു ആരോപണം. മേയറായി പാര്‍ട്ടി നിശ്ചയിച്ച നിജി ജസ്റ്റിനെതിരെയും ലാലി ആരോപണം ഉന്നയിച്ചു. പണപ്പെട്ടിയുമായി നേതാക്കളെ പോയി കണ്ടെന്നും പണം ഇല്ലാത്തതിനാലാണ് തന്നെ തഴഞ്ഞതെന്നുമാണ് ലാലി മാധ്യമങ്ങളോട് പറഞ്ഞത്.
തൃശൂര്‍ മേയര്‍ സ്ഥാനാര്‍ഥിയായി ആദ്യം ലാലി ജെംയിസിന്റെ പേരാണ് ഉയര്‍ന്നതെങ്കിലും പിന്നീട് അപ്രതീക്ഷിതമായി നിജി ജസ്റ്റിനെ പരിഗണിക്കുകയായിരുന്നു.

പ്രസ്ഥാനത്തിനായി നാളിതുവരെ നിലകൊണ്ട തനിക്ക് അര്‍ഹതപ്പെട്ടതായിരുന്നു മേയര്‍ പദവിയെന്ന് ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. മേയറെ തീരുമാനിക്കുമ്പോള്‍ ചില നേതാക്കള്‍ക്ക് ചില പ്രത്യേത താത്പര്യങ്ങളുണ്ടായെന്ന് ലാലി ആരോപിച്ചു. ആര് മേയറാകണമെന്ന് ജനങ്ങളോട് ചോദിച്ച് ഒരു സര്‍വെ നടത്തിയാല്‍ താന്‍ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ലാലി കൂട്ടിച്ചേര്‍ത്തു.

കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി തുടങ്ങിയ നേതാക്കള്‍ക്ക് തൃശ്ശൂര്‍ നഗരത്തില്‍ തങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും അറിയാതെ പോയതില്‍ വിഷമമുണ്ടെന്ന് ലാലി പറഞ്ഞു. ടേം വ്യവസ്ഥയില്‍ മേയറാകുന്നതിനോട് യോജിപ്പില്ല. തൃശൂരിനെ അഞ്ച് വര്‍ഷവും നയിക്കാന്‍ ഒരാള്‍ വേണം. താനിനി മേയറാകാനോ സ്റ്റാന്റിംഗ് കമ്മിറ്റിയിലിരിക്കാനോ മറ്റൊരു പദവിയിലിരിക്കാനോ ഇല്ലെന്നും ലാലി വ്യക്തമാക്കിയിരുന്നു.

 

---- facebook comment plugin here -----

Latest