യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടത്തുന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുന്നത് നീട്ടിവെച്ചു. ഇതുസംബന്ധിച്ച് യമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം ഫേസ്ബുക്കിൽ പങ്കുവെച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം, നാളെ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന, ഇന്ത്യൻ പൗര നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതായാണ് യെമൻ പബ്ലിക് പ്രോസിക്യൂട്ടർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചുവെന്നാണ് അറിയിപ്പിൽ പറയുന്നത്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചകൾക്ക് സന്നദ്ധരായതും ചർച്ചകളിൽ നിർണായക പുരോഗതി ഉണ്ടായതുമാണ് വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കുന്നതിലേക്ക് കാര്യങ്ങൾ നയിച്ചത്. ദിയ ധനത്തിന്റെ കാര്യത്തിൽ ഉൾപ്പെടെ അന്തിമ തീരുമാനമാകുന്നതോടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള നിർണായക തീരുമാനത്തിലേക്ക് ഉടൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.