Connect with us

Articles

ഇസ്റാഈലികൾ എങ്ങോട്ടുപോകും?

ഇറാനെക്കുറിച്ചുള്ള എല്ലാ വിമര്‍ശങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ച് പറയാനാകും, ആ രാജ്യം ശക്തമായി പ്രതികരിച്ചതിന്റെ ആത്യന്തിക ഫലമാണ് ഈ ശാന്തത. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന ഗൂഢാലോചനാ സിദ്ധാന്തം കണക്കിലെടുത്താല്‍പ്പോലും സംഘര്‍ഷം ഇസ്‌റാഈലിനെ കൂടുതല്‍ ദുര്‍ബലമാക്കിയെന്ന വസ്്തുത തിളങ്ങിനില്‍ക്കും. കൊട്ടിഘോഷിക്കപ്പെട്ട സുരക്ഷാ സംവിധാനങ്ങളൊന്നും എതിരാളിയുടെ നിശ്ചയദാര്‍ഢ്യത്തെ ഭേദിക്കാന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവ് ഇസ്‌റാഈല്‍ ജനതയുടെ ഉറക്കം കെടുത്തുകയാണ്.

Published

|

Last Updated

ഇറാനെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയും ശക്തമായ തിരിച്ചടി ഏറ്റുവാങ്ങുകയും യു എസ് നേരിട്ടിറങ്ങിയിട്ടും ലക്ഷ്യങ്ങള്‍ നേടാന്‍ സാധിക്കാതെ വെടിനിര്‍ത്തലിന് തയ്യാറാകുകയും ചെയ്തത് ഇസ്‌റാഈലില്‍ ദൂരവ്യാപകമായ ഫലങ്ങളുളവാക്കുകയാണ്. യുദ്ധവ്യാപനത്തിന്റെ അന്തരീക്ഷം തത്കാലം നീങ്ങിയതും ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതും പശ്ചിമേഷ്യയില്‍ മാത്രമല്ല, ലോകത്താകെ വലിയ ആശ്വാസമാണുണ്ടാക്കിയത്.
ഇറാനെക്കുറിച്ചുള്ള എല്ലാ വിമര്‍ശങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു കാര്യം ഉറപ്പിച്ച് പറയാനാകും, ആ രാജ്യം ശക്തമായി പ്രതികരിച്ചതിന്റെ ആത്യന്തിക ഫലമാണ് ഈ ശാന്തത. എല്ലാം ഒരു അഡ്ജസ്റ്റ്‌മെന്റാണെന്ന ഗൂഢാലോചനാ സിദ്ധാന്തം കണക്കിലെടുത്താല്‍പ്പോലും സംഘര്‍ഷം ഇസ്‌റാഈലിനെ കൂടുതല്‍ ദുര്‍ബലമാക്കിയെന്ന വസ്്തുത തിളങ്ങിനില്‍ക്കും. കൊട്ടിഘോഷിക്കപ്പെട്ട സുരക്ഷാ സംവിധാനങ്ങളൊന്നും എതിരാളിയുടെ നിശ്ചയദാര്‍ഢ്യത്തെ ഭേദിക്കാന്‍ പര്യാപ്തമല്ലെന്ന തിരിച്ചറിവ് ഇസ്‌റാഈല്‍ ജനതയുടെ ഉറക്കം കെടുത്തുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞിരുന്ന ജ്യൂയിഷ് സമൂഹം തികച്ചും അസ്വാഭാവികമായി, അക്രമാസക്തമായി ബ്രിട്ടീഷ് മാന്‍ഡേറ്റ് ഓഫ് ഫലസ്്തീനിലേക്ക് കുടിയേറിയത് യൂറോപ്പിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നുള്ള മോചനം തേടിയായിരുന്നവല്ലോ. തോറാ കഥകളും വിശ്വാസപരമായ വൈകാരികതയുമൊക്കെ സയണിസ്റ്റ് രാഷ്ട്ര രൂപവത്കരണത്തിന്റെ ന്യായീകരണങ്ങള്‍ മാത്രമായിരുന്നു. ഇന്ന് ചരിത്രത്തിന്റെ ഇങ്ങേയറ്റത്ത് ബെഞ്ചമിന്‍ നെതന്യാഹുവെന്ന ഭരണാധികാരിയുടെ യുദ്ധോത്സുകതയും തന്റെ പേരിലുള്ള അഴിമതി മൂടിവെക്കാന്‍ നടത്തുന്ന ചോരക്കളികളും അധികാരപ്രമത്തതയും ജൂത സമൂഹത്തെ കൂടുതല്‍ അരക്ഷിതരാക്കിയിരിക്കുന്നു.

സത്യത്തില്‍ ഇത് ഇസ്‌റാഈലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗൂറിയനില്‍ തൊട്ടുതന്നെ തുടങ്ങിയതാണ്. ഫലസ്തീനും ചുറ്റുമുള്ള രാജ്യങ്ങളും പിടിച്ചടക്കി മാത്രമേ നിലനില്‍ക്കാനാകൂ എന്ന ഈ ഭരണാധികാരികളുടെ വിപരീത ബുദ്ധി ഇസ്‌റാഈലെന്ന ബലാത്കാരമായി സ്ഥാപിച്ച രാജ്യത്തെ എക്കാലവും അരക്ഷിതമാക്കി നിര്‍ത്തുകയായിരുന്നു. ഇന്ന് അതിന്റെ പാരമ്യത്തിലെത്തിയെന്നേയുള്ളൂ. ഏത് വിധേനയും ഇസ്‌റാഈലില്‍ നിന്ന് പുറത്തുകടക്കണമെന്നാണ് ഇപ്പോള്‍ ജൂത ജനത ആഗ്രഹിക്കുന്നത്. അതിന്റെ ഏറ്റവും കൃത്യമായ തെളിവാണ് മെഡിറ്ററേനിയൻ ദ്വീപ് രാജ്യമായ സൈപ്രസില്‍ നടക്കുന്ന ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍.

യൂറോപ്യൻ യൂനിയൻ രാജ്യമായ സൈപ്രസിലെ അയഞ്ഞ നിയമങ്ങളും ടൂറിസത്തിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയും കുടിയേറ്റം എളുപ്പമാക്കുന്നുവെന്നതിനാല്‍ കഴിഞ്ഞ ഒരു ദശകമായി ഇസ്‌റാഈലികളുടെ ഇഷ്ട കേന്ദ്രമായി ഈ രാജ്യം മാറിയിരിക്കുകയാണ്. വന്‍ തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയും വിവിധ പദ്ധതികളില്‍ മുതല്‍ മുടക്കിയും സൈപ്രസിലെ “ക്ഷണിക്കപ്പെടാത്ത’ അതിഥികളായി ജൂതന്‍മാര്‍ മാറിത്തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. 2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണവും ഇറാന്റെയും ഹൂതികളുടെയും ആക്രമണങ്ങളും ഈ കുടിയേറ്റത്തിന്റെ വേഗം കൂട്ടിയിരിക്കുന്നു. മെഡിറ്ററേനിയന്‍ തീരത്തെ ഹെര്‍സ്‌ലിയയില്‍ നിന്ന് ഡസന്‍ കണക്കിന് യാട്ടുകള്‍ ദിവസവും പുറപ്പെടുന്നുണ്ടെന്ന് ഇസ്‌റാഈലി പത്രമായ ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. വ്യോമപാത അധികൃതര്‍ അടച്ച ഘട്ടത്തിലായിരുന്നു ഈ കടല്‍ യാത്രകളേറെയും. ഇത്തരം കുടിയൊഴിഞ്ഞുപോകലുകള്‍ക്ക് താത്പര്യമുള്ളവര്‍ക്കായി ഉണ്ടാക്കിയ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വന്‍ ജനാവലിയാണ് വൈകാരികമായ കുറിപ്പുകളുമായി വരുന്നത്.
ഹെര്‍സ്‌ലിയക്ക് പുറമേ, വടക്ക് ഹൈഫയിലും തെക്ക് അഷ്‌കെലോണിലും ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഹാരറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. ഒഴിഞ്ഞു പോകല്‍ പ്രവണതയുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറായിട്ടില്ല. പോകുന്നവര്‍ രാജ്യം വിടുകയല്ല, ബന്ധുക്കളെ കാണാനും വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള യാത്രയാണ് നടത്തുന്നതെന്നാണ് സര്‍ക്കാറിന്റെ “കണ്ടെത്തല്‍’.

ഇരട്ട പൗരത്വമുള്ളവര്‍ സൈപ്രസില്‍ ചെന്ന ശേഷം വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കടക്കാനാണ് പോകുന്നത്. ദ്വീപ് രാഷ്ട്രത്തിന്റെ അയഞ്ഞ ഘടനയില്‍ അള്ളിപ്പിടിച്ച് കയറുക തന്നെയാണ് മിക്കവരുടെയും ലക്ഷ്യം. പക്ഷേ ഇത് പുറത്ത് പറയില്ല. ഏത് നിമിഷവും മിസൈല്‍ തലയില്‍ പതിക്കുമെന്ന് പേടിച്ച് നാടുവിടുകയാണെന്ന് ആരെങ്കിലും സമ്മതിക്കുമോ? അമേരിക്കയുടെയും നിരവധിയായ പാശ്ചാത്യ മേലാളന്മാരുടെയും സംരക്ഷണ വലയമുള്ള, ലോകത്തെ ഏറ്റവും ഗംഭീരമായ സുരക്ഷാ സംവാധാനമുണ്ടെന്ന് ഇടക്കിടെ ഉദ്‌ഘോഷിക്കുന്ന ഒരു രാഷ്ട്രത്തില്‍ നിന്ന് പേടിച്ചോടുന്നുവെന്ന് പറയുന്നത് വലിയ നാണക്കേടല്ലേ?
പണമെറിഞ്ഞും കൂട്ടമായി കുടിയേറിയും സൈപ്രസിന്റെ സാമൂഹിക സാമ്പത്തിക ഘടനയിലേക്ക് ഇരച്ചുകയറാനുള്ള ജ്യൂയിഷ് പദ്ധതിയെ അത്യന്തം ആശങ്കയോടെയാണ് സൈപ്രസ് ജനത കാണുന്നത്. ഫലസ്തീനിലേക്ക് നടന്ന അക്രമാസക്ത ജൂത കുടിയേറ്റത്തിന്റെ ചരിത്രം അവരെടുത്ത് വായിക്കുകയാണിപ്പോള്‍. സൈപ്രസിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ പ്രോഗ്രസ്സീവ് പാര്‍ട്ടി ഓഫ് വര്‍ക്കിംഗ് പീപ്പിള്‍ (എ കെ ഇ എൽ) ശക്തമായ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നു. ജൂത കുടിയേറ്റവും സ്ഥലം വാങ്ങിക്കൂട്ടലും ഒട്ടും സ്വാഭാവികമല്ലെന്നും ചെറുത്തു തോല്‍പ്പിച്ചില്ലെങ്കില്‍ സൈപ്രസിന്റെ ഭാവി സംഘര്‍ഷഭരിതമായിരിക്കുമെന്നും ഈ ഇടത് പാര്‍ട്ടി വാദിക്കുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്റ്റെഫാനോ സ്റ്റെഫാനോസ് കടുത്ത സയണിസ്റ്റ്‌വിരുദ്ധനും ഇസ്‌റാഈലിന്റെ ഗസ്സാ ആക്രമണത്തെ വംശഹത്യയെന്നും വംശീയ ഉന്മൂലനമെന്നും വിശേഷിപ്പിച്ചയാളുമാണ്. ജൂത കടിയേറ്റം ആസൂത്രിതമാണെന്നും അഭയാര്‍ഥികളായി അവരെ കാണാനാകില്ലെന്നും വിശദീകരിക്കുന്ന സ്റ്റെഫാനോയുടെ പ്രസംഗങ്ങള്‍ക്ക് സൈപ്രസ് ജനങ്ങൾക്കിടയില്‍ വന്‍ സ്വീകാര്യതയുണ്ട്.
“അവര്‍ അരക്ഷിതരായത് അവരുടെ രാഷ്ട്രം ഒരു കാലത്ത് അഭയം നല്‍കിയ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്തത് കൊണ്ടാണ്. ഇസ്‌റാഈലി സമ്പന്നര്‍ ഭൂമി വാങ്ങിക്കൂട്ടി അടഞ്ഞ ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അവര്‍ സിനഗോഗുകള്‍ പണിയുന്നു. സയണിസ്റ്റ് സ്‌കൂളുകള്‍ സ്ഥാപിക്കുന്നു. സ്വന്തം അധികാര മേഖലകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിനകത്ത് രാജ്യം പണിയുന്നവരാണവര്‍. പണ്ട് അറബികള്‍ക്ക് മേല്‍ നടപ്പാക്കിയ പദ്ധതിയാണിത്’- സ്റ്റെഫാനോസ് പറയുന്നു. (വൈ നെറ്റ് ന്യൂസ്).

ആന്റി സെമിറ്റിക് എന്ന് വിളിച്ച് സ്റ്റെഫാനോയെപ്പോലുള്ളവരെ നിശബ്ദമാക്കാന്‍ സയണിസ്റ്റുകള്‍ ശ്രമിക്കുന്നുണ്ട്. ജ്യൂയിഷ് ജനതയോട് പണ്ട് യൂറോപ്പ് ചെയ്തതിന്റെ തുടര്‍ച്ചയാണിതെന്നും ഒരു ഇടത് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല ഈ പ്രചാരണമെന്നും വാദമുയരുന്നുണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റെഫാനോ തരംഗമാണ്. ഫലസ്തീനിലേക്കുള്ള ജൂത കടിയേറ്റത്തിന്റെ ചരിത്രം നിരത്തിയും സമാനത ചൂണ്ടിക്കാട്ടിയുമാണ് ഇസ്‌റാഈല്‍വിരുദ്ധ ക്യാമ്പയിന്‍ കത്തിപ്പടരുന്നത്.
1917ല്‍ ബാല്‍ഫര്‍ പ്രഖ്യാപനം നടത്തി ബലാത്കാരമായി ഇസ്റാഈല്‍ രാഷ്്ട്രം സ്ഥാപിക്കുന്നതിന് ബ്രിട്ടന്‍ തുല്യം ചാര്‍ത്തുന്നതിന് മുമ്പ് തന്നെ ഫലസ്തീന്‍ മണ്ണിലേക്ക് സയണിസ്റ്റ് കുടിയേറ്റം തുടങ്ങിയിരുന്നു. നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ സമാധാനമാണ് സാധാരണ ജൂതന്‍മാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാഷ്ട്രീയ സയണിസ്റ്റുകള്‍ പ്രചണ്ഡ പ്രചാരണം അഴിച്ചുവിട്ടു. ജൂത ജനത അനുഭവിക്കുന്ന പീഡനങ്ങളുടെ നേര്‍കഥകള്‍ മാത്രമല്ല അവര്‍ പാടിനടന്നത്. നിറം പിടിപ്പിച്ച കഥകള്‍ കൂടിയാണ്. ഹോളോകോസ്റ്റ് യാഥാര്‍ഥ്യം മാത്രമല്ല, മിത്തും കൂടിയാണെന്ന് ഗവേഷകര്‍ പറയുന്നത് ഈ പശ്ചാത്തലത്തിലാണ്.

സമ്പന്ന സയണിസ്റ്റുകള്‍ പണം ഇടിച്ചു തള്ളി. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും സംഘടിത കുടിയേറ്റത്തിന് ആസൂത്രിതമായ നീക്കങ്ങള്‍ രാഷ്ട്രീയ സയണിസ്റ്റുകള്‍ നടത്തി. വൃദ്ധരോടും ആയുധം പ്രയോഗിക്കാന്‍ ത്രാണിയില്ലാത്തവരോടും ചഞ്ചല ചിത്തരോടും അതതിടങ്ങളില്‍ തന്നെ കഴിയാന്‍ പറഞ്ഞു. യുവാക്കളും രക്തത്തില്‍ സയണിസ്റ്റ് സ്പിരിറ്റുള്ളവര്‍ക്കുമായിരുന്നു മുന്‍ഗണന. അവര്‍ക്ക് ആയുധവും പണവും യഥേഷ്ടം നല്‍കി. പരിശീലനം നല്‍കി. പുറപ്പെട്ടുപോരുന്ന ഇടത്തെ പൗരത്വം നിലനില്‍ക്കുമെന്ന ഉറപ്പും നല്‍കി.
1920കളില്‍ അനധികൃത കുടിയേറ്റം ഏറ്റവും ശക്തമായി. തുടക്കത്തില്‍ ഉദാസീനരായ അറബ് സമൂഹം ചെറിയ രീതിയിലുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് മുതിര്‍ന്നു. ബ്രിട്ടീഷ് മേലധികാരികളോടായിരുന്നു അവരുടെ കലഹം. ഐതിഹാസികമായ സമരങ്ങള്‍ നടന്നു. ചിലയിടങ്ങളില്‍ ഏറ്റുമുട്ടലും. ഈ സമരപരമ്പരക്കൊടുവില്‍ ബ്രിട്ടീഷ് അധികാരികള്‍ വഴങ്ങി. സയണിസ്റ്റ് കുടിയേറ്റം നിയന്ത്രിക്കാന്‍ തീരുമാനിച്ചു. ബ്രിട്ടന്‍ വൈറ്റ് പേപര്‍ ഇറക്കി. ചര്‍ച്ചില്‍ പേപര്‍ എന്ന് വിളിക്കുന്ന ഈ രേഖ പ്രകാരം ജൂത കടിയേറ്റം അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10,000 പേരായി നിജപ്പെടുത്തി.

ബാല്‍ഫര്‍ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടും സയണിസ്റ്റുകള്‍ പാല് കൊടുത്ത കൈക്ക് തന്നെ കടിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ ആക്രമണത്തിന് കോപ്പു കൂട്ടി. ഹഗാനാ, ഇര്‍ഗുന്‍ തുടങ്ങിയ ജൂത ഭീകരസംഘങ്ങള്‍ രൂപവത്കരിച്ചു. അന്ന് സയണിസ്റ്റ് അക്രമികളെ ബ്രിട്ടീഷുകാര്‍ തടവിലിട്ട ഇടമാണ് സൈപ്രസ്. 1946 മുതല്‍ 1949 വരെ ഏകദേശം 53,000 ജൂതന്മാരെ സൈപ്രസിലെ ക്യാമ്പുകളില്‍ ബ്രിട്ടീഷുകാര്‍ തടവിലാക്കിയിരുന്നുവെന്നാണ് ചരിത്രം. സൈപ്രസ് വാഗ്ദത്ത ഭൂമിയാണെന്ന തരത്തില്‍ ചില ടിക്‌ടോക്ക് വീഡിയോകള്‍ കറങ്ങി നടക്കുന്നുണ്ട്. അത് ജൂതവിരുദ്ധര്‍ പടച്ചുവിടുന്നതാണെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങളും അല്ല, സയണിസ്റ്റ് മനസ്സിലിരിപ്പ് പുറത്തുവരുന്നതാണെന്ന് സൈപ്രസ് മാധ്യമങ്ങളും വാദിക്കുന്നു. ഒരു വീഡിയോയില്‍, തീവ്ര ഓര്‍ത്തഡോക്‌സ് ജൂതന്റെ വേഷം ധരിച്ചയാള്‍, ഇസ്‌റാഈലി ഉച്ചാരണമുള്ള ഹീബ്രുവില്‍ പറയുന്നത് “ദൈവം ഇസ്‌റാഈലിന് ശേഷം സൈപ്രസ് നമുക്ക് വാഗ്ദാനം ചെയ്തതുകൊണ്ടാണ്’ സൈപ്രസില്‍ നിരന്തരം ഭൂമി വാങ്ങുന്നതെന്നാണ്.

ഗസ്സയില്‍ ഇപ്പോഴും കുഞ്ഞുങ്ങളെ കൊന്നു തള്ളുകയാണ്. വിശന്ന് മരിക്കുകയാണ്. ഈ കുഞ്ഞുങ്ങളുടെ മയ്യിത്തുകള്‍ കൊണ്ട് ജൂത ജനതയുടെ സരുക്ഷിതത്വം പണിയാമെന്ന നുണയില്‍ നിന്ന് എന്നാണ് ഇസ്‌റാഈല്‍ ഭരണാധികാരികള്‍ക്കും അവരുടെ സംരക്ഷകര്‍ക്കും പുറത്തുകടക്കാനാകുക. ഫലസ്തീനികളെ പറഞ്ഞയക്കാൻ കുറേയിടങ്ങൾ നിങ്ങൾ കണ്ടെത്തി വെച്ചിട്ടുണ്ട്. ഇസ്റാഈലികൾ എങ്ങോട്ടുപോകും?.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest