Articles
ഇ വോട്ടിംഗ്; പ്രവാസികളെ ഇനിയും പുറത്തുനിര്‍ത്തണോ?
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് വഴി നടത്തിയ രാജ്യത്തിന്റെ രാഷ്ട്രപിതാവിന്റെ സത്യാഗ്രഹ സമരത്തിന് തുടക്കം കുറിച്ച ബിഹാറിലെ ചമ്പാരനില്‍ നിന്ന് ഇപ്പോള്‍ ഇ വോട്ടിംഗിനും തുടക്കം കുറിച്ചിരിക്കുകയാണ്. 'നാട്ടില്‍ ഇല്ലാത്തവര്‍' എന്ന കാരണത്താല്‍ വോട്ട് ചെയ്യാനാകാത്ത ഓവര്‍സീസ് വോട്ടര്‍മാര്‍ കൂടിയായ പ്രവാസികള്‍ക്ക് കൂടി ലഭിക്കുമ്പോഴേ ഇ വോട്ടിംഗ് പൂര്‍ണാര്‍ഥത്തില്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയമാകുകയുള്ളൂ.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രംഗത്ത് സമഗ്രമായ ഡിജിറ്റല്‍ വത്കരണമാണ് സംജാതമായിട്ടുള്ളത്. അതിന്റെ ഭാഗമായാണ് അടുത്തിടെ ബിഹാറിലെ ചമ്പാരന്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലെ മുനിസിപല്‍ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. സി ഡാക് വികസിപ്പിച്ച ഇ വോട്ടിംഗ് മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുമ്പോള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്താണ് ഇത് സാധ്യമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ അമ്പതിനായിരം പേരും മൊബൈല്‍ ആപ്പില്‍ പതിനായിരം പേരുമാണ് ഇ വോട്ടിംഗിനായി രജിസ്റ്റര്‍ ചെയ്തത്. ലോകത്ത് ആദ്യമായി ഇ വോട്ടിംഗ് നടന്നത് എസ്റ്റോണേഷ്യയിലാണ്. എന്നാല്‍ ഇന്ത്യയെ പോലുള്ള ഒരു രാജ്യത്ത് ഈ വോട്ടിംഗ് നടപ്പാക്കുമ്പോഴുള്ള സങ്കീര്‍ണത ഏറെയാണ്. ബിഹാറില്‍ ഇപ്പോള്‍ ഇ വോട്ടിംഗ് നടപ്പാക്കിയത് പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായാണ്. വികലാംഗര്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ തുടങ്ങിയവരായിരുന്നു അതിന്റെ ഗുണഭോക്താക്കള്‍. അതോടൊപ്പം പ്രവാസികള്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതയും പരിശോധിക്കേണ്ടിയിരിക്കുന്നു.
തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുകയും മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാതിരിക്കുകയും ചെയ്ത ഒരു ഇന്ത്യന്‍ പൗരനെയാണ് വിദേശ വോട്ടര്‍ എന്ന് വിളിക്കുന്നത്. അവരുടെ ഇന്ത്യന്‍ പാസ്സ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ വിലാസത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാനാകും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍, ഇ ആര്‍ നെറ്റ് എന്നീ ആപ്പുകള്‍ ആണ് നിലവില്‍ ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ വേര്‍ഷനായ ഇ സി ഐ നെറ്റ് ഉപയോഗിച്ച് പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ആവശ്യമായ രേഖ അപ്ലോഡ് ചെയ്യണം എന്നേയുള്ളൂ. നിലവില്‍ വോട്ടര്‍ പട്ടികയോടൊപ്പം അനുബന്ധമായി പ്രവാസി വോട്ടര്‍ എന്ന പ്രത്യേക പട്ടികയും ഉണ്ട്. അതുകൊണ്ട് നാട്ടിലെത്തിയാല്‍ വോട്ട് രേഖപ്പെടുത്താനാകും. പ്രവാസിയായി വിദേശത്ത് നിന്ന് വോട്ട് ചെയ്യാനുള്ള അവസരം ഇല്ല. ഇ വോട്ടിംഗ് അതിന്റെ സാധ്യതയാണ് തേടുന്നത്. ഡിജിറ്റല്‍ മുന്നേറ്റം നടത്തുന്ന രാജ്യത്തെ പൗരന്മാരായ പ്രവാസികള്‍ക്ക് നാട്ടില്‍ ഇല്ലാത്തവര്‍ എന്ന ഒറ്റക്കാരണത്താല്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരമില്ലാതെ വരുന്നു.
ജനാധിപത്യത്തിന്റെ വജ്രായുധമായ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ അവസരം നല്‍കുന്നതിലൂടെ പ്രവാസികള്‍ക്ക് അവരുടെ അവകാശങ്ങള്‍ വകവെച്ച് നല്‍കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇന്ന് വോട്ടര്‍ പട്ടികയും വോട്ടര്‍ ഐഡിയും ഒരു ആധികാരിക രേഖ കൂടിയാണ്. വിദേശിയാണെന്ന് ആരോപിച്ച് അസം സ്വദേശിനിയായ വനിതയെ ബംഗ്ലാദേശിലേക്ക് നാടുകടത്താന്‍ വിധിച്ചപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് അവര്‍ക്ക് അനുകൂല വിധി സമ്പാദിക്കാനായത് വോട്ടര്‍ പട്ടികയുടെ കൂടി പിന്‍ബലത്തിലാണ്.
തിരഞ്ഞെടുപ്പ് രംഗത്ത് ഏറ്റവും ചെലവ് കുറഞ്ഞ വോട്ടിംഗ് ചാനലാണ് ഇന്റര്‍നെറ്റ് വോട്ടിംഗ്. വോട്ടര്‍ ഐ ഡി കാര്‍ഡിനെയും വോട്ടര്‍ പട്ടികയെയും അടിസ്ഥാനപ്പെടുത്തിയാണ് ഇ വോട്ടിംഗ് നടക്കുക. ബിഹാറില്‍ അതുമായി ബന്ധപ്പെട്ട യാതൊരു പരാതിയും ഉയര്‍ന്നു വന്നിട്ടില്ല. ബിഹാറില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച ഇ വോട്ടിംഗിനെ കുറിച്ചല്ല, മറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ച സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെ കുറിച്ചാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ താമസിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ വലിയൊരു വിഭാഗം പേര്‍, പ്രത്യേകിച്ച് ഒരു മത വിഭാഗത്തിലെ ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ പേര് ചേര്‍ക്കാന്‍ അവസരം കിട്ടാതിരിക്കുകയോ ചെയ്യും. ഇതുപ്രകാരമാണ് ബിഹാറിലെ ലക്ഷക്കണക്കിന് ആളുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെട്ടത്. പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ജനസംഖ്യാനുപാതികമായി വോട്ടിംഗ് ഇല്ലാതാകുകയും ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഇതുവഴി സംജാതമാകുക. മാത്രമല്ല പ്രവാസികളില്‍ ഏറെയും ഒരു പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് വീട്ടുവിലാസമായി നല്‍കിയിരുന്നത് ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ആണ്. അതിലാണിപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഏതെങ്കിലും രേഖ നല്‍കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റ പുതിയ നിര്‍ദേശം. ഇത്തരം നീക്കങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) നടപ്പാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഒരു വ്യക്തി ഒരു വോട്ട് എന്ന തത്ത്വം ഏറ്റവും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന മാര്‍ഗം കൂടിയാണ് ഇ വോട്ടിംഗ്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിലുള്ള പൗരന് പോലും ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി വോട്ട് ചെയ്യാനുള്ള അവസരമുള്ള ഡിജിറ്റല്‍ ഇന്ത്യയില്‍ പ്രവാസി എന്ന കാരണത്താല്‍ വോട്ടിംഗ് അവസരം ലഭിക്കാതിരിക്കുന്നത് പരിതാപകരമാണ്. അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കേണ്ടത്. അതിനായി പാര്‍ലിമെന്റ് ഉള്‍പ്പെടെ എല്ലാ ഭരണസിരാകേന്ദ്രങ്ങളിലും ശബ്ദം ഉയരേണ്ടിയിരിക്കുന്നു.
ഇ വോട്ടിംഗിനിടെ കൃത്രിമ വോട്ടിംഗ് തടയാനായി പല മാര്‍ഗങ്ങളുമുണ്ട്. അതിനുള്ള സാങ്കേതിക വിദ്യയും വികസിപ്പിച്ചിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍ സുരക്ഷ, ഫേസ് മാച്ചിംഗ് പോലുള്ള ബയോമെട്രിക് പ്രാമാണികതയിലൂടെ അതിന് പരിഹാരം കാണാനാകും. പാര്‍ലിമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന വോട്ടര്‍ പട്ടികയും തിരിച്ചറിയല്‍ കാര്‍ഡും തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇഷ്യൂ ചെയ്യുന്നത്. അതുകൊണ്ടുതന്നെ വോട്ടര്‍ ഐ ഡി എന്നത് ഒരു ദേശീയ തിരിച്ചറിയല്‍ രേഖ കൂടിയാണ്.
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് വഴി നടത്തിയ രാജ്യത്തിന്റെ രാഷ്ട്രപിതാവിന്റെ സത്യഗ്രഹ സമരത്തിന് തുടക്കം കുറിച്ച ബിഹാറിലെ ചമ്പാരനില്‍ നിന്ന് ഇപ്പോള്‍ ഇ വോട്ടിംഗിനും തുടക്കം കുറിച്ചിരിക്കുകയാണ്. ‘നാട്ടില്‍ ഇല്ലാത്തവര്‍’ എന്ന കാരണത്താല്‍ വോട്ട് ചെയ്യാനാകാത്ത ഓവര്‍സീസ് വോട്ടര്‍മാര്‍ കൂടിയായ പ്രവാസികള്‍ക്ക് കൂടി ലഭിക്കുമ്പോഴേ ഇ വോട്ടിംഗ് പൂര്‍ണാര്‍ഥത്തില്‍ ഒരു ജനാധിപത്യ സംവിധാനത്തിന്റെ വിജയമാകുകയുള്ളൂ. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രംഗത്ത് കാലാകാലങ്ങളില്‍ സന്ദര്‍ഭോചിതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും വന്നിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ വി എം), വോട്ടര്‍ വെരിഫയര്‍ ഓഡിറ്റ് പേപ്പര്‍ (വി വി പാറ്റ്), വെബ് കാസ്റ്റിംഗ് എന്നിവയെല്ലാം വോട്ടെടുപ്പിന്റെ ഭാഗമായി വന്ന സാങ്കേതിക കണ്ടുപിടിത്തങ്ങളും പരിഷ്‌കരണവും ആണ്. അതുപോലെ ശാരീരിക പ്രയാസം കാരണം വോട്ട് രേഖപ്പെടുത്താനാകാത്തവര്‍ക്കായി ഹോം വോട്ടിംഗ് സംവിധാനവും നിലവിലുണ്ട്. അതുപോലെ പ്രവാസികള്‍ക്കും അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വോട്ട് രേഖപ്പെടുത്താനുള്ള ഒരവസരം കൈവരേണ്ടതുണ്ട്. അതിന് ഭരണാധികാരികളും രാഷ്ട്രീയ പാര്‍ട്ടികളും ജനാധിപത്യ മതേതരത്വ വിശ്വാസികളും മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ബിഹാറില്‍ നടന്ന ഇ വോട്ടിംഗ് അതിന് പ്രചോദനമാകട്ടെ.