Connect with us

Kerala

വയനാടിന്റെ സ്വപ്‌ന പദ്ധതി; ഇരട്ട തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന്

ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Published

|

Last Updated

കോഴിക്കോട് | വയനാടിന്റെ സ്വപ്‌ന പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഇന്ന്. വയനാട് തുരങ്കപാത നിര്‍മാണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണത്തിനാണ് തുടക്കമാവുക. ആനക്കാംപൊയില്‍ സെന്റ് മേരീസ് യു പി സ്‌കൂള്‍ മൈതാനത്താണ് കല്ലിടല്‍. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, ഒ ആര്‍ കേളു, എ കെ ശശീന്ദ്രന്‍, പ്രിയങ്ക ഗാന്ധി എം പി പങ്കെടുക്കും.

വയനാടിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള പാത നാല് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. രാജ്യത്തെ ദൈര്‍ഘ്യമേറിയ ട്വിന്‍ ട്യൂബ് ടണലായ ഇത് താമരശ്ശേരി ചുരത്തിലെ മുടിപിന്‍ വളവുകളില്‍ കയറാതെ വയനാട്ടിലേക്കുള്ള വേഗ മാര്‍ഗമാകും. വയനാട് ജില്ലയില്‍ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയില്‍ 3.15 കിലോമീറ്ററുമായി ആകെ 8.735 കിലോമീറ്റര്‍ നീളം വരുന്നതാണ് പാത.

വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രാ ദുരിതത്തിന് തുരങ്കപാത പരിഹാരമാവും. ടൂറിസം രംഗത്തും വലിയ നേട്ടമാണ് കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ ഉണ്ടാവുക. ടൂറിസം, കാര്‍ഷിക, വ്യാപാര മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിനും വഴിയൊരുക്കും. കിഫ്ബി വഴി 2,134.50 കോടി രൂപ ചെലവില്‍ നാലുവരിയായാണ് നിര്‍മാണം നടത്തുക. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ ലിമിറ്റഡ് (കെ ആര്‍ സി എല്‍) ആണ് പ്രവൃത്തി നിര്‍വഹണ ഏജന്‍സി.

മറിപ്പുഴ (കോഴിക്കോട്) മുതല്‍ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉള്‍പ്പെടെ വരെ വരുന്ന തുരങ്കപാതയുടെ 8.11 കിലോമീറ്റര്‍ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയില്‍ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉള്‍പ്പെടും. ആറ് വളവുകളുള്ള റൂട്ടില്‍ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും.

പദ്ധതിക്കായി 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 5,771 മീറ്റര്‍ വനമേഖലയിലൂടെയും 2,964 മീറ്റര്‍ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയില്‍ വയനാട് ജില്ലയില്‍ 8.0525 ഹെക്ടര്‍ ഭൂമിയും കോഴിക്കോട് ജില്ലയില്‍ 8.1225 ഹെക്ടര്‍ ഭൂമിയും ഇതിനായി ഏറ്റെടുത്തു കൈമാറിയിട്ടുണ്ട്. വയനാട്ടില്‍ മേപ്പാടി-കള്ളാടി-ചൂരല്‍മല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയില്‍-മുത്തപ്പന്‍പുഴ-മറിപ്പുഴ റോഡ് എന്നീ രണ്ട് റോഡുകള്‍ തുരങ്ക പാതയുമായി ബന്ധിപ്പിക്കും.

 

Latest