Connect with us

Ongoing News

സ്‌കൂള്‍ ബസ് റോഡരികിലെ ചളിയില്‍ താഴ്ന്നു; വെള്ളക്കെട്ടിലേക്ക് മറിയാത്തതിനാല്‍ ദുരന്തമൊഴിവായി

ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം ആറടിയോളം വെള്ളമുള്ള വെള്ളക്കെട്ടിലേക്ക് സ്‌കൂള്‍ ബസ് മറിയുന്നത് ഒഴിവാക്കാനായി.

Published

|

Last Updated

തിരുവല്ല|  വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ ബസ് വെള്ളക്കെട്ടിന് സമീപത്ത് റോഡരികിലെ ചളിയില്‍ താഴ്ന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം ആറടിയോളം വെള്ളമുള്ള വെള്ളക്കെട്ടിലേക്ക് സ്‌കൂള്‍ ബസ് മറിയുന്നത് ഒഴിവാക്കാനായി. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ബസിന് ഉള്ളില്‍ നിന്നും വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്തിറക്കി.

കാവുംഭാഗം – ചാത്തങ്കരി റോഡില്‍ പെരിങ്ങര പഞ്ചായത്ത് ഓഫീസിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. 25ഓളം വിദ്യാര്‍ഥികളുമായി ചാത്തങ്കരി ഭാഗത്തു നിന്നും എത്തിയ തിരുവല്ല എസ് സി എസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. കാവുംഭാഗത്ത് നിന്നും അമിത വേഗത്തില്‍ എത്തിയ മല്ലപ്പള്ളി – ചാത്തങ്കരി റൂട്ടില്‍ ഓടുന്ന ചന്ദനാട്ട് എന്ന സ്വകാര്യ ബസ് പെട്ടെന്ന് വെട്ടിച്ചത് മൂലം ഇടതുവശത്തേക്ക് എടുത്ത സ്‌കൂള്‍ ബസ്സിന്റെ മുന്‍ചക്രം റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്നുള്ള മണ്ണില്‍ പുതയുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ ബസ് നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞിട്ടു.