From the print
പൊരുതി, വീണു
അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ടിന് 2-1ന്റെ ലീഡ്.

ലോര്‍ഡ്സ് | അവിസ്മരണീയ വിജയത്തിന്റെ തൊട്ടരികില്‍ ഇന്ത്യ ഇടറി വീണു. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവും സമ്മാനിച്ച ഇംഗ്ലണ്ടിനെതിരായ ആന്‍ഡേഴ്സണ്‍- ടെണ്ടുല്‍ക്കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ 22 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 170 റണ്‍സിന് പുറത്തായി. തോറ്റെങ്കിലും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും കാണിച്ച പോരാട്ട വീര്യം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ എന്നെന്നുമോര്‍ക്കും. മുന്‍നിര ബാറ്റര്‍മാര്‍ ആയുധംവെച്ച് കീഴടങ്ങിയതോടെ അനായാസ ജയം പ്രതീക്ഷിച്ച ഇംഗ്ലണ്ടിനെ മൂവരും ചേര്‍ന്ന് വിറപ്പിച്ചുനിര്‍ത്തി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം മത്സരം ഈ മാസം 23 മുതല്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടക്കും. ആള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് കളിയിലെ താരം. 61 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 പന്തുകള്‍ പ്രതിരോധിച്ച ബുംറ അഞ്ച് റണ്‍സും 30 പന്തുകള്‍ നേരിട്ട സിറാജ് നാല് റണ്‍സുമെടുത്ത് പുറത്തായി.
സിറാജിനെ ബൗള്‍ഡാക്കി ശുഐബ് ബഷീറാണ് ഇന്ത്യന്‍ ഇന്നിംഗ്സിന് തിരശ്ശീലയിട്ടത്. സ്‌കോര്‍: ഇംഗ്ലണ്ട് 387, 192, ഇന്ത്യ 387, 170.
നാല് വിക്കറ്റിന് 58 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഋഷഭ് പന്തിന്റെ വിക്കറ്റാണ് (ഒമ്പത്) ആദ്യം നഷ്ടമായത്. ആര്‍ച്ചറിന്റെ പന്തില്‍ ബൗള്‍ഡായി പന്ത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 71. തലേദിവസത്തെ സ്‌കോറിനോട് ആറ് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് കെ എല്‍ രാഹുലും (39) റണ്ണൊന്നുമെടുക്കാതെ വാഷിംഗ്്ടണ്‍ സുന്ദറും കീഴടങ്ങിയതോടെ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ തീരുമെന്ന് ഇംഗ്ലണ്ട് കണക്കുകൂട്ടി. എന്നാല്‍, അത്ര എളുപ്പം കീഴടങ്ങാന്‍ ഇന്ത്യ ഒരുക്കമല്ലായിരുന്നു. എട്ടാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഢി- ജഡേജ സഖ്യം 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 112ലെത്തിച്ചു. 40ാം ഓവറില്‍ നിതീഷിനെ ക്രിസ് വോക്സ് പുറത്താക്കി. പിന്നീട് ശക്തമായ പ്രതിരോധമൊരുക്കി ബുംറ ജഡേജക്ക് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ആര്‍ച്ചറിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ബുംറ പുറത്തായി.
75ാം ഓവര്‍വരെ പിടിച്ചു നിന്ന ശേഷം സിറാജും കീഴടങ്ങി. ബഷീറിന്റെ പന്ത് പ്രതിരോധിച്ചെങ്കിലും നിലത്ത് വീണ് സ്റ്റമ്പിലിടിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ ഇടിത്തീയായാണ് അനുഭവപ്പെട്ടത്. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റെടുത്തു. ബ്രൈഡന്‍ കാഴ്സ് രണ്ട് വിക്കറ്റ് വീഴ്ത്തി.
സിറാജിന് പിഴ
ലോര്‍ഡ്‌സ് ടെസ്റ്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് ഐ സി സിയുടെ പിഴ ശിക്ഷ. മാച്ച് ഫീ യുടെ 15 ശതമാനമാണ് പിഴയിട്ടത്. ഒരു ഡീ മെറിറ്റ് പോയിന്റും ചുമത്തി.
നാലാം ദിനം ഇംഗ്ലണ്ട് ഓപണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയതിനു പിന്നാലെ നടത്തിയ ആഘോഷമാണ് പിഴയിലേക്ക് നയിച്ചത്. ഡക്കറ്റിന്റെ മുഖാമുഖമെത്തിയായിരുന്നു സിറാജിന്റെ വിക്കറ്റ് ആഘോഷം. ഇതിനിടെ ഡക്കറ്റിന്റെയും സിറാജിന്റെയും തോളുകള്‍ തമ്മില്‍ ഉരസുകയും ചെയ്തിരുന്നു.