Kerala
നിമിഷ പ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടൽ ഫലപ്രാപ്തിയിലേക്ക്; വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
യമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം ഫേസ്ബുക്കിൽ പങ്കുവെച്ചു

കോഴിക്കോട് | യെമെനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിനായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇടപെടൽ ഫലപ്രാപ്തിയിലേക്ക്. നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവെച്ചു. ഇതുസംബന്ധിച്ച് യമൻ അധികൃതരുടെ ഔദ്യോഗിക അറിയിപ്പ് കാന്തപുരം ഫേസ്ബുക്കിൽ പങ്കുവെച്ചു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.
പബ്ലിക് പ്രോസിക്യൂട്ടറുടെ നിർദ്ദേശപ്രകാരം, നാളെ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന, ഇന്ത്യൻ പൗര നിമിഷ പ്രിയ ടോമി തോമസിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് മാറ്റിവെച്ചതായി യെമൻ പബ്ലിക് പ്രോസിക്യൂട്ടർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചുവെന്നാണ് അറിയിപ്പിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ എംഎൽഎയുടെ അഭ്യർഥനെയ തുടർന്നാണ് കാന്തപുരം വിഷയത്തിൽ ഇടപെട്ടത്. കാന്തപുരം ഉസ്താദിന്റെ അഭ്യര്‍ഥന പ്രകാരം യമനിലെ പ്രമുഖ പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ബ്നു ഹഫീസ് വിഷയത്തില്‍ ഇടപെട്ടു. രണ്ട് ദിവസമായി നടന്ന അനൗദ്യോഗിക സംഭാഷണങ്ങളുടെ അവസാനഘട്ടമെന്ന നിലക്ക് ഇന്നലെ രണ്ട് തവണയായാണ് ചര്‍ച്ച നടന്നത്. ശൈഖ് ഹബീബ് ഉമറിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍റഹ്മാന്‍ അലി മശ്ഹൂര്‍ ആണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
രണ്ടാം ദിവസത്തെ ചർച്ചകളിലാണ് നിർണായക പുരോഗതി ഉണ്ടായത്. യമൻ സമയം രാവിലെ പത്ത് മണിക്കാണ് കുടുംബവുമായുള്ള സുപ്രധാന യോഗം തുടുങ്ങിയത്. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിലിന്റെ അംഗവുമായ വ്യക്തി ശൈഖ് ഹബീബ് ഉമറിന്റെ നിർദേശ പ്രകാരം ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം ശൈഖ് ഹബീബ് ഉമറിന്റെ സൂഫി ഓർഡർ അനുയായിയും മറ്റൊരു പ്രധാന സൂഫി വര്യന്റെ മകനും ആണ് എന്ന കാര്യം വലിയ പ്രതീക്ഷ നൽകുന്നു.
കുടുംബങ്ങൾക്ക് പുറമെ ഗോത്രങ്ങൾക്കിടയിലും ദമാർ പ്രദേശ വാസികൾക്കിടയിലും വളരെ വൈകാരിക പ്രശ്നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആർക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള കമ്യൂണിക്കേഷൻ ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിർദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്.
നിമിഷപ്രിയയുടെ മോചനത്തിനായി ഏറെ വർഷങ്ങളായി നടക്കുന്ന നീക്കങ്ങളാണ് അവസാന ഘട്ടത്തിൽ ഫലപ്രാപ്തിയിലേക്ക് എത്തിയത്. നിമിഷപ്രിയ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഇതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുവരികയായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകളും വിഷയത്തിൽ ഇടപെട്ടുവെങ്കിലും നിർണായക തീരുമാനത്തിലേക്ക് എത്തിച്ചത് കാന്തപുരം നടത്തിയ ഇടപെടലാണ്. യെമനില്‍ ഇന്ത്യന്‍ എംബസി ഇല്ലാത്തത് നിമിഷ പ്രിയയുടെ വധശിക്ഷ വിഷയത്തില്‍ ഇടപെടുന്നതില്‍ പ്രതിസന്ധിയാണെന്നും സര്‍ക്കാരിന് പരിമിതിയുണ്ടെന്നും കേന്ദ്രം ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.
കാന്തപുരത്തിന്റെ നിർണായക ഇടപെടലിൽ നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി. തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും കാന്തപുരത്തിന്റെ ശക്തമായ ഇടപെടൽ ഏറെ നിർണായകമായെന്നും നിമിഷയുടെ ഭർത്താവ് ടോമിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരുപാട് പേരുടെ പ്രയത്നം ഇതിനുപിന്നിലുണ്ടെന്നും പേരെടുത്ത് പറഞ്ഞാൽ തീരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശ്വാസകരമായ റിസൽട്ടാണ് ഇപ്പോൾ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, നിമിഷപ്രിയയുടെ മോചനത്തിനായി താൻ ഇടപെട്ടത് ജനങ്ങൾക്ക് നന്മ ചെയ്യൽ തന്റെ കർത്തവ്യമാണെന്ന ബോധ്യത്തിലാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ പറഞ്ഞു. ഇസ്‍ലാം വർഗീയ പ്രസ്ഥാനം അല്ല എന്ന് ലോകത്തിന് പഠപിപ്പിച്ചുകൊടുക്കാനും ഇതുവഴി ലക്ഷ്യമിടുന്നതായി കാന്തപുരം വ്യക്തമാക്കി. മർകസിൽ യുവജന നൈപുണ്യ സംഗമത്തിൽ സംസാരിക്കവെയാണ് കാന്തപുരം ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയയുടെ മോചനത്തിൽ ഇടപെട്ടതിന് ശേഷം കാന്തപുരത്തിന്റെ ആദ്യ പ്രതികരണമാണിത്.
2017 ജൂലൈയിൽ യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് 38കാരിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. 2020-ൽ യെമൻ കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. പിന്നീട് 2023 നവംബറിൽ രാജ്യത്തെ സുപ്രീം ജുഡീഷ്യൽ കൗൺസിൽ നിമിഷയുടെ അപ്പീൽ തള്ളുകയായിരുന്നു.
ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിലവിൽ നിമിഷ പ്രിയ കഴിയുന്നത്.