Kerala
ഹിജ്‌റ എക്‌സ്പെഡിഷന്‍ 19ന് മഅ്ദിന്‍ അക്കാദമിയില്‍
പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കുന്ന 63 വ്യത്യസ്തങ്ങളായ പരിപാടികളുടെ ഭാഗമായാണ് പ്രസന്റേഷന്‍ നടക്കുന്നത്.

മലപ്പുറം | പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തിലെ സുപ്രധാന സംഭവമായ ഹിജ്‌റയുടെ ചരിത്രപരമായ സഞ്ചാര വഴികളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കുന്ന ‘ഹിജ്‌റ എക്‌സ്‌പെഡിഷന്‍’ പ്രസന്റേഷന്‍ ഈ മാസം 19ന് മഅ്ദിന്‍ അക്കാദമിയിലെ പ്രധാന ക്യാമ്പസില്‍ നടക്കും. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കുന്ന 63 വ്യത്യസ്തങ്ങളായ പരിപാടികളുടെ ഭാഗമായാണ് പ്രസന്റേഷന്‍ നടക്കുന്നത്.
നിരവധി ഗവേഷണങ്ങള്‍ക്കും ഗഹനമായ പഠനങ്ങള്‍ക്കും ശേഷം പ്രവാചകരും സഹചാരികളും സഞ്ചരിച്ച വിശുദ്ധ മക്ക മുതല്‍ മദീന വരെയുള്ള പലായനത്തിന്റെ മാതൃകയില്‍ ലോകത്തെ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുത്ത പഠിതാക്കള്‍ യാത്ര ചെയ്തിരുന്നു. ഈ യാത്രാനുഭവത്തിന്റെ ദൃഷ്യാവിഷ്‌കാരമാണ് ഹിജ്‌റ എക്‌സ്പെഡിഷനിലൂടെ സാധാരണക്കാരിലേക്കെത്തിക്കുന്നത്.
1446 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബിയും അനുയായികളും അനുഭവിച്ച ഹിജ്‌റ യാത്രയുടെ ത്യാഗോജ്ജ്വലമായ ചരിത്രത്തെ ആധികാരികമായ വിവരങ്ങളെ മാത്രം അവലംബമാക്കിയുള്ള പരിപാടിയാണിത്. ഹിജ്‌റ എക്‌സ്പെഡിഷന്റെ ആദ്യ പ്രസന്റേഷന്‍ എഡിഷന്‍ അബൂദാബിയിലെ ഫോക് ലോര്‍ തീയേറ്ററില്‍ നടന്നു. വലിയ ജനപങ്കാളിത്തവും സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയിലെ ആദ്യ പ്രസന്റേഷനാണ് മലപ്പുറം മഅ്ദിനില്‍ നടക്കുക. പ്രവാചക പ്രേമികള്‍ വളരെ ആവേശത്തോടെയാണ് പ്രസന്റേഷനെ കാത്തിരിക്കുന്നതെന്ന് സംഘടകര്‍ പറഞ്ഞു. സഊദി അറേബ്യ, മലേഷ്യ, ഇന്ത്യോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കും. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9072310111, 9072310222.