Kerala
ശൈഖ് ഹബീബ് ഉമറും കേരളവും
നിമിഷപ്രിയ കേസില്‍ കാന്തപുരത്തിനായി ഇടപെട്ട ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കേരളം അടുത്ത് പരിചയപ്പെടുന്നത് മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയിലൂടെയാണ്

മലപ്പുറം | നിമിഷപ്രിയ കേസില്‍ കാന്തപുരത്തിനായി ഇടപെട്ട ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് കേരളം അടുത്ത് പരിചയപ്പെടുന്നത് മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ അക്കാദമിയിലൂടെയാണ്. 2004 ഡിസംബറിലാണ് അദ്ദേഹം ആദ്യമായി കേരളത്തിലെത്തുന്നത്. മഅ്ദിന്‍ അക്കാദമിയുടെ പ്രധാന കെട്ടിടത്തിന്റെ തറക്കല്ലിടലിനും ആത്മീയ സമ്മേളനത്തിനും അദ്ദേഹം നേതൃത്വം നല്‍കി. 1997ല്‍ 118 കുട്ടികളുമായി ആരംഭിച്ച മഅ്ദിന്‍ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ നാഴികക്കല്ലായിരുന്നു ആ സന്ദര്‍ശനമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓര്‍മിക്കുന്നു. തുടര്‍ന്ന് 2017ല്‍ വൈസനിയം സമ്മേളന പരപാടികളുടെ ഉദ്ഘാടനത്തിനെത്തി. മര്കസ് നോളജ് സിറ്റിയിലെ ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ ഉദ്ഘാടനം 2022ല്‍ അദ്ദേഹം നിര്‍വ്വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കുന്ന ഹദീസ് പഠന ക്ലാസിന്റെ വാര്‍ഷിക വേദിയായ ഖത്മുല്‍ ബുഖാരിയില്‍ സംബന്ധിക്കുന്നതിനും മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ് വിപുലീകരണം സമര്‍പ്പിക്കുന്നതിനുമായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനം കേരളത്തിലെത്തിയത്.
മമ്പുറം തങ്ങള്‍, പാണക്കാണ് തങ്ങന്മാരുള്‍പ്പെടെ മുപ്പതോളം സയ്യിദ് കുടുംബങ്ങളുടെ പൂര്‍വ്വികരുടെ ദേശമായ യമനിലെ ഹളര്‍മൗത്തിലെ തരീമിലാണ് അദ്ദേഹത്തിന്റെ ആസ്ഥാനം. കേരളീയ മുസ്ലിം ജീവിതവുമായി ഏറെ അടുപ്പമുള്ള ‘ബാഅലവി’ സൂഫി ധാരയുടെ ആത്മീയ ഗുരുവായാണ് ഹബീബ് ഉമറിനെ വിശ്വാസികള്‍ കാണുന്നത്. തരീമില്‍ സ്ഥാപിച്ച ‘ദാറുല്‍ മുസ്തഫാ’ എന്ന ഇസ്ലാമിക സര്‍വ്വകലാശാല കേന്ദ്രീകരിച്ച് വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ശൈഖിന്റെ ശിഷ്യന്മാരാണ് അമ്പതോളം രാജ്യങ്ങളിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. എഴുപതോളം രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നിലവില്‍ ദാറുല്‍ മുസ്തഫയില്‍ പഠനം നടത്തി കൊണ്ടിരിക്കുന്നു. യമനിലെ അഭ്യന്തര രാഷ്ട്രീയം പ്രശ്ന കലുഷിതമാകുന്നതിനു മുമ്പ് കാന്തപുരവും ഖലീല്‍ ബുഖാരി തങ്ങളുമുള്‍പ്പെടെയുള്ള പണ്ഡിതരും വിദ്യാര്‍ത്ഥികളും ദാറുല്‍ മുസത്വഫയിലെ വിവധ പരിപാടികളില്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
ഐ എസ്, അല്‍ ഖ്വയ്ദ പോലുള്ള അതിതീവ്ര ഗ്രൂപ്പുകളും അവരുടെ ആശയ സ്വാധീനമുള്ളവരും മാത്രമാണ് ശൈഖ് ഹബീബ് ഉമറിനെ അംഗീകരിക്കാത്തവര്‍. ഉത്തര യമനില്‍ ചില തീവ്രഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കലുഷിതാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും ഹളര്‍മത്തില്‍ ഇന്നും സമാധാന ജീവിതം സാധ്യമായത് ശൈഖ് ഹബീബിന്റെ സ്വാധീനം കാരണമാണ്. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും ഒരുമയും സൃഷ്ടിക്കുന്നതിനുള്ള വിവിധ അന്താരാഷ്ട്ര പദ്ധതികള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. 2007ല്‍ പുറത്തിറക്കിയ ‘നമ്മളും നിങ്ങള്‍ക്കും ഇടയിലുള്ള ഒരു പൊതു വചനം’ (A Common Word Between Us and You) എന്ന ക്രൈസ്തവ – മുസ്ലിം സൗഹാര്‍ദ്ദ രേഖയുടെ ആശയാടിത്തറക്ക് രൂപം നല്‍കുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചു. മാര്‍പ്പാപ്പയടക്കമുള്ളവര്‍ ഇതിന് പിന്തുണ നല്‍കി. ലോകത്തിലെ എല്ലാ പ്രധാന ഇസ്ലാമിക രാജ്യങ്ങളെയും പ്രദേശങ്ങളെയും ഈ സന്ദേശത്തില്‍ പ്രതിനിധീകരിക്കുന്നു, ഇത് ലോകത്തിലെ എല്ലാ സഭകളുടെയും നേതാക്കള്‍ക്കും, എല്ലായിടത്തുമുള്ള എല്ലാ ക്രിസ്ത്യാനികള്‍ക്കും വേണ്ടിയുള്ളതാണ്.