articles
കീം റാങ്ക് ലിസ്റ്റ് പ്രതിസന്ധി: ആരാണ് പ്രതി?
ഒന്നര പതിറ്റാണ്ടായി പിന്തുടരുന്ന മാർക്ക് ഏകീകരണ ഫോർമുലക്കെതിരെ ശക്തമായ വിമർശങ്ങൾ ഉയർന്നിട്ടും സമയബന്ധിതമായ പരിഹാരമോ പുതിയ ഫോർമുലയോ ഉണ്ടാക്കുന്നതിൽ സർക്കാർ കാണിച്ച അനാസ്ഥയാണ് ഈ പ്രതിസന്ധിയിലെ യഥാർഥ വില്ലൻ. അത് നേരത്തേ പരിഹരിച്ചിരുന്നെങ്കിൽ ഇത്ര തിടുക്കത്തിൽ ഫോർമുല മാറ്റാൻ തിരക്ക് കൂട്ടേണ്ടതില്ലായിരുന്നു.

കീം പരീക്ഷ ഏറെ വിവാദമായിരിക്കുകയാണ്. ഈ മാസം ഒന്നിന് പുറത്തിറക്കിയ റാങ്ക് ലിസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് സി ബി എസ് ഇ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതോടെ ഹൈക്കോടതി റാങ്ക് ലിസ്റ്റ് റദ്ദാക്കി. പഴയ ഫോർമുല പ്രകാരം പത്തിന് പുറത്തിറക്കിയ പുതിയ റാങ്ക് ലിസ്റ്റ് ആദ്യ ലിസ്റ്റിൽ നിന്ന് വലിയ വ്യത്യാസമുള്ളതാണ്. പഴയ പട്ടികയിൽ ഒന്നാമതായിരുന്ന ജോൺ ഷിനോജ് പുതിയ പട്ടികയിൽ ഏഴാമതാവുകയും പഴയ പട്ടികയിൽ അഞ്ചാം സ്ഥാനത്തായിരുന്ന ജോഷ്വ ജേക്കബ് തോമസ് പുതിയ പട്ടികയിൽ ഒന്നാമതാവുകയും ചെയ്തു. പഴയ റാങ്ക് ലിസ്റ്റിൽ ആദ്യ 100ൽ 43 പേർ കേരള സിലബസിൽ നിന്നുള്ളവരായിരുന്നുവെങ്കിലും പുതിയ ലിസ്റ്റിൽ അത് 21ലൊതുങ്ങി. കീമിലെ മാർക്ക് ഏകീകരണത്തിൽ അവസാന സമയത്ത് വരുത്തിയ മാറ്റമാണ് ഈ വർഷം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
2011 മുതലാണ് കീമിൽ സമീകരണ രീതി തുടങ്ങിയത്. ഇതനുസരിച്ച് എൻട്രൻസ് പരീക്ഷയുടെ സ്‌കോറും പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിലെ മാർക്കും അമ്പത് അമ്പത് അനുപാതത്തിൽ ചേർത്താണ് റാങ്ക് ലിസ്റ്റ് പുറത്തുവിടുന്നത്. പന്ത്രണ്ടാം ക്ലാസ്സിലെ മാത്്സ്, ഫിസിക്‌സ്, കെമിസ്ട്രി മാർക്കുകൾ 1:1:1 അനുപാതത്തിലാണ് കണക്കാക്കുന്നത്. പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണവും ശരാശരി സ്‌കോറും മറ്റും പരിഗണിച്ച് എൻട്രൻസ് പരീക്ഷാ കമ്മീഷണറേറ്റ് നടപ്പാക്കിയ സമീകരണം സി ബി എസ് ഇ അടക്കമുള്ള മറ്റ് സിലബസുകളിലെ വിദ്യാർഥികൾക്ക് നേട്ടം ലഭിക്കുന്ന രീതിയിലായിരുന്നു നടന്നുവന്നിരുന്നത്. ഈ രീതി തന്നെയാണ് ഈ വർഷം ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്‌പെക്ടസിലും സർക്കാർ പറഞ്ഞിരുന്നത്.
സ്റ്റേറ്റ് ബോർഡ് വിദ്യാർഥികൾക്ക് ന്യായമായ വെയിറ്റേജ് ലഭിക്കുന്നതിന് വേണ്ടി ഫലപ്രഖ്യാപനത്തിന്റെ മണിക്കൂറുകൾക്ക് മുമ്പ് സർക്കാർ ഈ രീതിയിൽ മാറ്റം വരുത്തുകയാണുണ്ടായത്. പഴയ ഫോർമുലയിൽ മാറ്റം വരുത്തി പുതിയ ഫോർമുല കൊണ്ടുവന്നപ്പോൾ, കീം റാങ്ക് പട്ടികയിൽ കേരള സിലബസ് വിദ്യാർഥികൾക്കായിരുന്നു ആധിപത്യം. ഒന്നാം റാങ്ക് അടക്കം ആദ്യ പത്ത് റാങ്കുകളിൽ അഞ്ചും നേടിയത് കേരള സിലബസ് വിദ്യാർഥികളായിരുന്നു. സാധാരണ വർഷങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു ഈ വർഷത്തെ റാങ്ക് ലിസ്റ്റിലെ സേറ്റ് സിലബസ് വിദ്യാർഥികളുടെ നില.
ആദ്യ 5,000 റാങ്കിൽ കേരള സിലബസുകാരാണ് മുൻതൂക്കം നേടിയത്. അവരുടെ എണ്ണം 2,539 ആണെങ്കിൽ സി ബി എസ് ഇക്കാരുടേത് 2,220 ആയി കുറഞ്ഞു. പ്ലസ് ടു മാർക്കിലെ അനുപാതത്തിൽ ഭേദഗതി വരുത്തി 5:3:2 അനുപാതമാണ് പുതിയ റാങ്ക്പട്ടിക പരിഗണിച്ചത്. അതായത് മൂന്ന് വിഷയങ്ങൾക്കും ആകെയുള്ള 300 മാർക്കിൽ, മാത്തമാറ്റിക്‌സിന് 150 മാർക്കിന്റെയും ഫിസിക്‌സിന് 90 മാർക്കിന്റെയും കെമിസ്ട്രിക്ക് 60 മാർക്കിന്റെയും വെയ്‌റ്റേജാണ് നൽകിയത്.
സമീകരണം പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. ജൂൺ രണ്ടിന് വിദഗ്ധ സമിതി റിപോർട്ട് നൽകുമ്പോഴേക്കും കീം പ്രവേശനപരീക്ഷ പൂർത്തിയായി സ്‌കോർ പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ 30ന് ചേർന്ന മന്ത്രിസഭാ യോഗം ഇത് ശരിവെക്കുകയും പുതിയ രീതി ഈ വർഷം തന്നെ പ്രാബല്യത്തിൽ വരുത്താൻ അനുമതിയും നൽകി.
കീം പരീക്ഷയുടെയോ അല്ലെങ്കിൽ പ്രോസപെക്ട് പ്രസിദ്ധപ്പെടുത്തുന്നതിന്റെയോ മുമ്പ് ഇക്കാര്യം അറിയിച്ചിരുന്നെങ്കിൽ ഇതിത്ര വിവാദമാകുമായിരുന്നില്ല. സ്റ്റേറ്റ് സിലബസ് പഠിച്ച വിദ്യാർഥികൾ പുറന്തള്ളപ്പെടുന്ന ഈ രീതി ഈയടുത്ത് തുടങ്ങിയതൊന്നുമല്ല. 14 വർഷം മുമ്പേ തുടങ്ങിയതുമാണ്.
ഒന്നര പതിറ്റാണ്ടായി പിന്തുടരുന്ന മാർക്ക് ഏകീകരണ ഫോർമുലക്കെതിരെ ശക്തമായ വിമർശങ്ങൾ ഉയർന്നിട്ടും സമയബന്ധിതമായ പരിഹാരമോ പുതിയ ഫോർമുലയോ ഉണ്ടാക്കുന്നതിൽ സർക്കാർ കാണിച്ച അനാസ്ഥയാണ് ഈ പ്രതിസന്ധിയിലെ യഥാർഥ വില്ലൻ. അത് നേരത്തേ പരിഹരിച്ചിരുന്നെങ്കിൽ ഇത്ര തിടുക്കത്തിൽ ഫോർമുല മാറ്റാൻ തിരക്ക് കൂട്ടേണ്ടതില്ലായിരുന്നു.
പരീക്ഷ നടത്തിയതിനു ശേഷം പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താനാകില്ലെന്നാണ് കേസിൽ കോടതി ചൂണ്ടിക്കാട്ടിയത്. പ്രോസ്‌പെക്ടസിൽ മാറ്റം വരുത്താൻ സർക്കാറിന് അധികാരമുണ്ടെങ്കിലും അത് എപ്പോൾ, എങ്ങനെ വിനിയോഗിക്കുന്നുവെന്നതിൽ ചിന്തയുണ്ടാകണമെന്നും കളി തുടങ്ങിയ ശേഷം ഇടക്കുവെച്ച് കളിനിയമങ്ങൾ മാറ്റാനാകില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്.
സർക്കാറിന് ഏത് സമയത്തും മാറ്റം വരുത്താം എന്ന പ്രൊവിഷൻ പ്രോസ്‌പെക്ടസിൽ കൊടുത്തിരുന്നുവെന്നും അത് പ്രകാരമാണ് മാറ്റം വരുത്തിയതെന്നുമുള്ള സർക്കാർ വാദം സാമാന്യ നീതിക്ക് നിരക്കുന്നതേയല്ല. പുതിയ ഫോർമുല ഇപ്പോൾ നടപ്പാക്കരുതെന്നും കൂടുതൽ പഠനങ്ങൾക്ക് ശേഷം മാത്രമേ നടപ്പാക്കാവൂവെന്നും വിദഗ്ധ സമിതി റിപോർട്ടിൽ തന്നെയുണ്ട്. ആ നിർദേശം പോലും പരിഗണിക്കാതെയാണ് സർക്കാർ ധൃതി കാണിച്ചത്.
ഈ വർഷം നടപ്പാക്കേണ്ട സുപ്രധാന നിർദേശമായി വിദഗ്ധ സമിതി മുന്നോട്ടു വെച്ച എൻട്രൻസ് പരീക്ഷ- പ്ലസ് ടു മാർക്ക് അനുപാതം 50:50 അനുപാതത്തിൽ നിന്ന് 60:40 അനുപാതത്തിലേക്ക് മാറ്റണമെന്ന നിർദേശം സർക്കാർ പാലിച്ചതുമില്ല. പുതിയ ഫോർമുല അടുത്ത വർഷം മുതൽ നടപ്പാക്കിയാൽ മതിയെന്ന സമീപനമെങ്കിലും സർക്കാർ സ്വീകരിക്കേണ്ടതായിരുന്നു.
കേന്ദ്ര സിലബസ് ആയാലും സംസ്ഥാന സിലബസ് ആയാലും എല്ലാം നമ്മുടെ കുട്ടികളാണ്. എന്നാൽ വിവിധ പരീക്ഷാ ബോർഡുകളിൽ മൂല്യനിർണയത്തിലെ വ്യത്യാസങ്ങളുടെ ഇരകളായി മാറുന്നത് അവരാണ്. കേരള സിലബസ് പോലെ എളുപ്പത്തിൽ മാർക്ക് ലഭിക്കുന്നതല്ല സി ബി എസ് ഇയെന്ന വാദവും മുഖവിലക്കെടുക്കേണ്ടതുണ്ട്.
കാലങ്ങളായി കേരള സിലബസ് സ്വീകരിച്ചുവരുന്ന ലിബറൽ മൂല്യനിർണയം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. 15 വർഷം മുമ്പ് കൊണ്ടുവന്ന 50:50 അനുപാതം ഒഴിവാക്കി അഡ്മിഷൻ പൂർണമായും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാക്കുക മാത്രമാണ് ഇതിന് പരിഹാരം. അതല്ലാതെയുള്ള ഏത് ഒത്തുതീർപ്പും മുഴച്ചുതന്നെ നിൽക്കും.