Kerala
അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പങ്കാളിത്തം; വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മന്ത്രി വാസവന്‍
ദേവസ്വം ബോര്‍ഡ് നടത്തുന്ന പരിപാടികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാരിന് യാതൊരു ഇടപെടലും നടത്താന്‍ കഴിയില്ല.
കോട്ടയം | ആഗോള അയ്യപ്പ സംഗമത്തില്‍ നന്ദഗോവിന്ദം ഭജന്‍സ് പങ്കെടുത്തിരുന്നോ, പണം നല്‍കിയോ എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് മന്ത്രി വാസവന്‍. ദേവസ്വം ബോര്‍ഡ് നടത്തുന്ന പരിപാടികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സര്‍ക്കാരിന് യാതൊരു ഇടപെടലും നടത്താന്‍ കഴിയില്ല. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദത്തിലെ എല്ലാ കാര്യങ്ങളും ദേവസ്വം ബോര്‍ഡ് വിശദീകരിച്ച് കണക്ക് ബോധ്യപ്പെടുത്തും.
അയ്യപ്പ സംഗമത്തിനായി മുന്‍കൂറായി എടുത്ത പണം തിരികെ സര്‍ക്കാരിലേക്ക് അടച്ചോ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ നിയമസഭയില്‍ ചോദിച്ചിരുന്നു. 2025 ഒക്ടോബര്‍ 17ന് മൂന്ന് കോടി രൂപ തിരികെ സര്‍ക്കാരിലേക്ക് അടച്ചതായി മറുപടി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
താന്‍ അയ്യപ്പ സംഗമത്തില്‍ എത്തുന്നതിനു മുമ്പ് ഒരു ഭജന്‍ നടന്നിരുന്നു. എന്നാല്‍, അത് നന്ദഗോവിന്ദം ഭജന്‍സിന്റേതാണോ എന്ന് തനിക്കറിയില്ലെന്ന് മന്ത്രി പറഞ്ഞു. കലാപരിപാടികള്‍ക്ക് അടക്കം പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡ് ആയതിനാല്‍ താന്‍ ഈ കാര്യങ്ങള്‍ തിരക്കാറില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍, ആകെ നോക്കുമ്പോള്‍ സംഗമം വിജയമായിരുന്നുവെന്നും സംതൃപ്തി ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.
കഴിഞ്ഞ സെപ്തംബര്‍ 20-ന് പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്ല് നല്‍കിയിരുന്നു. എന്നാല്‍, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തില്‍ നടന്നത് തട്ടിപ്പാണെന്നാണ് ആരോപണം.


