International
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എ ഐ കാരിക്കേച്ചറുകള്‍; കൗതുകത്തിനിടയിലും ആശങ്ക പുകയുന്നു
വര്‍ണച്ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തൊഴില്‍ ഭീഷണിയുടെയും സ്വകാര്യതയുടെയും കരിനിഴലുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് സാങ്കേതിക വിദഗ്ധര്‍.
ദുബൈ | വര്‍ണങ്ങള്‍ പെയ്യുന്ന ഡിജിറ്റല്‍ ക്യാന്‍വാസുകളില്‍ വിരിയുന്നത് നമ്മുടെ തന്നെ അപരരൂപങ്ങള്‍. തമാശയും കാര്യവും കലര്‍ന്ന ആ പുതിയ ചിത്രങ്ങള്‍ സ്‌ക്രീനുകളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക് അതിവേഗം പടരുകയാണ്. ചാറ്റ് ജി പി ടി പോലുള്ള കൃത്രിമബുദ്ധി സംവിധാനങ്ങള്‍ ഒരുക്കുന്ന ഈ കാരിക്കേച്ചര്‍ വിസ്മയം സാമൂഹിക മാധ്യമങ്ങളെ അക്ഷരാര്‍ഥത്തില്‍ കീഴടക്കിയിരിക്കുന്നു. എന്നാല്‍, ഈ വര്‍ണച്ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തൊഴില്‍ ഭീഷണിയുടെയും സ്വകാര്യതയുടെയും കരിനിഴലുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് സാങ്കേതിക വിദഗ്ധര്‍.
നമ്മുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കൃത്രിമബുദ്ധി പ്ലാറ്റ്ഫോമുകള്‍ നിമിഷനേരം കൊണ്ട് ആകര്‍ഷകമായ കാരിക്കേച്ചറുകളാക്കി മാറ്റുന്നു. കളിചിരികള്‍ക്കും ലൈക്കുകള്‍ക്കും അപ്പുറം, ഈ സാങ്കേതിക വിദ്യയുടെ വളര്‍ച്ച പരമ്പരാഗത കാരിക്കേച്ചര്‍ കലാകാരന്മാരുടെയും ഗ്രാഫിക് ഡിസൈനര്‍മാരുടെയും തൊഴിലിനെ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഒരു കാലത്ത് മനുഷ്യന്റെ വിരലുകളില്‍ മാത്രം ഒതുങ്ങിയിരുന്ന സര്‍ഗാത്മകത ഇന്ന് അല്‍ഗോരിതങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, കലയും യന്ത്രവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മായുകയാണ്.
കാരിക്കേച്ചറുകള്‍ക്കായി നമ്മുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ലോകത്ത് അവ എത്രത്തോളം സുരക്ഷിതമാണെന്ന ഗൗരവതരമായ ചോദ്യവും ഉയരുന്നു. നമ്മള്‍ നല്‍കുന്ന ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കൃത്യമായ മാര്‍ഗരേഖകള്‍ ഇല്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വിസ്മയങ്ങള്‍ ആസ്വദിക്കുമ്പോള്‍ തന്നെ, സ്വന്തം വിവരങ്ങളുടെ സുരക്ഷയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. കൗതുകങ്ങള്‍ക്കും കലയ്ക്കും ഇടയില്‍ നമ്മുടെ സ്വകാര്യത അടിയറവ് വെക്കരുതെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.



