Uae
ആഗോള മത്സരക്ഷമതാ സൂചികയില്‍ യു എ ഇ അഞ്ചാമത്; നേട്ടത്തില്‍ അഭിമാനമെന്ന് ശൈഖ് മുഹമ്മദ്
അറബ് ലോകത്തും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലും തുടര്‍ച്ചയായി പത്താം വര്‍ഷവും ഏറ്റവും മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം യു എ ഇ നിലനിര്‍ത്തി.
ദുബൈ | ലോകരാജ്യങ്ങള്‍ക്കിടയിലെ സാമ്പത്തിക പ്രകടനവും ഭരണമികവും വിലയിരുത്തുന്ന ഈ വര്‍ഷത്തെ ഐ എം ഡി വേള്‍ഡ് കോംപറ്റിറ്റീവ്‌നെസ് ഇയര്‍ബുക്കില്‍ യു എ ഇക്ക് വന്‍ നേട്ടം. ആഗോളതലത്തില്‍ അഞ്ചാം സ്ഥാനമാണ് രാജ്യം സ്വന്തമാക്കിയത്. ഇതോടെ അറബ് ലോകത്തും മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലും തുടര്‍ച്ചയായി പത്താം വര്‍ഷവും ഏറ്റവും മത്സരാധിഷ്ഠിത സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം യു എ ഇ നിലനിര്‍ത്തി.
സാമ്പത്തിക പ്രകടനം, ഉദ്യോഗസ്ഥ ഭരണ കാര്യക്ഷമത, സര്‍ക്കാര്‍ നയങ്ങളുടെ പൊരുത്തപ്പെടുത്തല്‍ എന്നിവയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ യു എ ഇക്ക് കഴിഞ്ഞു. 21 അന്താരാഷ്ട്ര മത്സര സൂചകങ്ങളില്‍ മുന്നിലെത്തിയ രാജ്യം, 67 ഉപ ഘടകങ്ങളില്‍ ലോകത്തിലെ മികച്ച അഞ്ച് സ്ഥാനങ്ങളിലും ഇടം നേടിയിട്ടുണ്ട്.
ഔദ്യോഗിക ഫലങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിവേകപൂര്‍ണമായ നേതൃത്വവും രാജ്യത്തിന്റെ ദീര്‍ഘകാല വികസന തന്ത്രവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിത രാജ്യങ്ങള്‍ക്കിടയില്‍ യു എ ഇ സ്ഥാനം ഉറപ്പിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
കാര്യക്ഷമമായ സ്ഥാപനങ്ങളെയും വിവിധ മേഖലകളിലെ വര്‍ക്ക് ടീമുകളുടെ കഠിനാധ്വാനത്തെയും അടിസ്ഥാനമാക്കിയുള്ള ദേശീയ സമീപനമാണ് ഈ റാങ്കിംഗിലൂടെ പ്രതിഫലിക്കുന്നത്. മത്സരക്ഷമത എന്നത് ഒരു ഹ്രസ്വകാല ലക്ഷ്യമല്ല, മറിച്ച് ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും യു എ ഇയില്‍ ആഗോളതലത്തിലുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള തുടര്‍ച്ചയായ ശ്രമമാണെന്നും രാജ്യം കൂടുതല്‍ സമ്പന്നമായ ഭാവിയിലേക്ക് സ്ഥിരമായി നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രകടനം, ഉദ്യോഗസ്ഥ സംവിധാനത്തിന്റെ അഭാവം, സര്‍ക്കാര്‍ നയങ്ങളുടെ പൊരുത്തപ്പെടുത്തല്‍, തൊഴില്‍, അന്താരാഷ്ട്ര അനുഭവം, ദേശീയ സംസ്‌കാരം, വ്യോമഗതാഗത നിലവാരം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ യു എ ഇ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ എ ഐ, പുതിയ കമ്പനികളുടെ രൂപവത്കരണം, പാര്‍ലിമെന്റിലെ സ്ത്രീ പ്രാതിനിധ്യം, നഗരങ്ങളുടെ മാനേജ്മെന്റ് എന്നിവയില്‍ പൗരന്മാര്‍ക്കുള്ള വിശ്വാസത്തിലും രാജ്യം ലോകത്ത് രണ്ടാം സ്ഥാനം കൈവരിച്ചു.
Content Highlights:
The UAE has achieved the fifth position globally in the IMD World Competitiveness Ranking. Sheikh Mohammed bin Rashid Al Maktoum expressed immense pride in this milestone achievement for the nation. The ranking highlights the UAE’s continuous growth and strong economic performance on the global stage.







