National
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം ഇനി 'സേവാ തീർഥ്'; പ്രധാനമന്ത്രി സമർപ്പിച്ചു
സേവാ തീർഥിന് പുറമെ വിവിധ മന്ത്രാലയങ്ങൾക്കായി സജ്ജമാക്കിയ കർത്തവ്യ ഭവൻ ഒന്ന്, രണ്ട് എന്നീ ബ്ലോക്കുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.
ന്യൂഡൽഹി | രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം പുതിയ ആസ്ഥാനത്തേക്ക് മാറി. പ്രധാനമന്ത്രിയുടെ ഓഫീസും (പി എം ഒ.) വിവിധ മന്ത്രാലയങ്ങളും ഉൾക്കൊള്ളുന്ന സംയോജിത സമുച്ചയമായ ‘സേവാ തീർഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സൗത്ത് ബ്ലോക്കിൽ നിന്നും അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. ചടങ്ങിന്റെ സ്മരണാർത്ഥം 100 രൂപയുടെ സ്മാരക നാണയവും പ്രധാനമന്ത്രി പുറത്തിറക്കി.
സേവാ തീർഥിന് പുറമെ വിവിധ മന്ത്രാലയങ്ങൾക്കായി സജ്ജമാക്കിയ കർത്തവ്യ ഭവൻ ഒന്ന്, രണ്ട് എന്നീ ബ്ലോക്കുകളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഏകോപനം എളുപ്പമാക്കുന്നതിനുമാണ് പുതിയ മാറ്റം. നിലവിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന സൗത്ത് ബ്ലോക്കും നോർത്ത് ബ്ലോക്കും ഇനി ‘യുഗെ യുഗീൻ ഭാരത് സംഗ്രഹാലയ’ എന്ന പേരിൽ പൊതു മ്യൂസിയമായി മാറും. ഇതിനായി ഫ്രാൻസിലെ മ്യൂസിയം ഡെവലപ്‌മെന്റ് ഏജൻസിയുമായി സർക്കാർ കരാറൊപ്പിട്ടു കഴിഞ്ഞു.
പുതിയ ആസ്ഥാനത്തെ ആദ്യ ദിനത്തിൽ തന്നെ ജനക്ഷേമകരമായ നാല് സുപ്രധാന തീരുമാനങ്ങളിൽ പ്രധാനമന്ത്രി ഒപ്പുവെച്ചു. അപകടബാധിതർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന പി എം. റാഹത് പദ്ധതി, ലക്ഷ്വപതി ദീദിമാരുടെ എണ്ണം 2029 ഓടെ ആറ് കോടിയായി വർദ്ധിപ്പിക്കൽ, കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഒരു ലക്ഷം കോടിയിൽ നിന്നും രണ്ട് ലക്ഷം കോടിയായി ഉയർത്തൽ, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 10,000 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് 2.0 എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
പ്രധാനമന്ത്രിയുടെ ഓഫീസ്, നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ ഇനി മുതൽ സേവാ തീർഥിന്റെ വിവിധ ബ്ലോക്കുകളിലായി ഒരേ കുടക്കീഴിൽ പ്രവർത്തിക്കും. കൂടാതെ ധനം, പ്രതിരോധം, ആരോഗ്യം, കൃഷി തുടങ്ങി പ്രധാനപ്പെട്ട 11 മന്ത്രാലയങ്ങൾ കർത്തവ്യ ഭവനിലേക്ക് മാറും. ഡിജിറ്റൽ സൗകര്യങ്ങൾ, സൗരോർജ്ജ സംവിധാനം, ജലസംരക്ഷണം തുടങ്ങി പരിസ്ഥിതി സൗഹൃദമായ ഫോർ സ്റ്റാർ ഗ്രിഹ (GRIHA) മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ സമുച്ചയങ്ങൾ നിർമ്മിച്ചിരിക്കുന്നത്.



