Kerala
കാന്തപുരത്തിന്റെ പ്രവര്‍ത്തനം മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്, പ്രതീക്ഷയുടെ പൊന്‍കിരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി ; നന്ദിയും കടപ്പാടുമറിയിച്ച് നാടൊന്നാകെ
മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനമെന്ന് കാന്തപുരം കാണിച്ചുതന്നുവെന്ന് ശശി തരൂര്‍ എം പി

കോഴിക്കോട് | യമന്‍ ജയിലില്‍ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷപ്രിയയെ കൊലക്കയറില്‍ നിന്ന് രക്ഷപ്പെടുത്താനായതില്‍ ഗ്രാന്റ് മുഫ്തി കാന്തപുരം ഉസ്താദിന് നന്ദിയും കടപ്പാടും അറിയിച്ച് നാടൊന്നാകെ. ഉസ്താദിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളില്‍ നിറയുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.
മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ മനുഷ്യരെ വേര്‍തിരിക്കാനും വെറുപ്പും വിദ്വേഷവും വളര്‍ത്താനും ശ്രമം നടക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ മനുഷ്യത്വമാണ് ഏറ്റവും പരമപ്രധാനമെന്ന് കാന്തപുരം കാണിച്ചുതന്നുവെന്ന് ശശി തരൂര്‍ എം പി ഫേസ്ബുക്കില്‍ പ്രതികരിച്ചു.
കാന്തപുരത്തിന്റെ പ്രവര്‍ത്തനം മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസും കേരളത്തിനാകെ ആശ്വാസകരമെന്ന് മന്ത്രി പി രാജീവും മനുഷ്യസ്‌നേഹത്തിന്റെ മഹദ് സന്ദേശമെന്ന് മന്ത്രി ആര്‍ ബിന്ദുവും കാന്തപുരം ഉസ്താദിന് സ്‌നേഹാദരമെന്ന് മന്ത്രി വീണാജോര്‍ജും പറഞ്ഞു.
നിമിഷ പ്രിയയുടെ കാര്യത്തില്‍ എല്ലാ വാതിലുകളും അടഞ്ഞ് മലയാളി മനസ്സാക്ഷി വല്ലാതെ സങ്കടപ്പെട്ട് നില്‍ക്കുമ്പോഴാണ് പ്രതീക്ഷയുടെ പൊന്‍കിരണം പോലെ ആദരണീയനായ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഉണ്ടായതെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഉസ്താദിനെ ഫോണില്‍ ബന്ധപ്പെട്ട് ഹൃദയം നിറഞ്ഞ അഭിനന്ദനവും സന്തോഷവും അറിയിച്ചതായും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമൂഹത്തിനും സമുദായത്തിനും വേണ്ടി ഇനിയും ഒരുപാട് കാലം പ്രവര്‍ത്തിക്കാന്‍ കാന്തപുരത്തിന് കഴിയട്ടേയെന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും ഇടപെടല്‍ മാതൃകാപരവും അഭിനന്ദാനര്‍വഹവുമെന്ന് ഡോ. എം കെ മുനീറും പ്രതികരിച്ചു.
കാന്തപുരത്തിന് കേരള ജനതയുടെ അകൈതവമായ നന്ദിയെന്ന് രമേശ് ചെന്നിത്തലയും ഒരോ മലയാളിയുടെയും മുഖത്ത് വിടര്‍ന്ന ആശ്വാസത്തിന്റെ പുഞ്ചിരിക്ക് പ്രിയപ്പെട്ട കാന്തപുരം ഉസ്താദിന് മലയാളക്കരയുടെ ഹൃദയം നിറഞ്ഞ നന്ദിയെന്ന് ശാഫി പറമ്പില്‍ എംപിയും പറഞ്ഞു.
യമന്‍ ഭരണകൂടവുമായി ഇടപെടല്‍ നടത്തി ലക്ഷ്യപ്രാപ്തിയിലേക്ക് നയിച്ച സഹോദര സുന്നി പ്രസ്ഥാനത്തിന്റെ അഭിവന്ദ്യ നേതൃത്വം കാന്തപുരം ഉസ്താദിനു അഭിനന്ദനങ്ങളെന്നായിരുന്നു സയ്യിദ് മൊയീന്‍ അലി ശിഹാബ് തങ്ങളുടെ പ്രതികരണം. മനുഷ്യത്വത്തിന്റെ വിജയമെന്ന് രാഹുല്‍ ഈശ്വറും അഭിപ്രായപ്പെട്ടു.