Kerala
സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീമിന് തുടക്കം; ആദ്യഘട്ടമായി 12 സംഘങ്ങള്‍ക്ക് ധനസഹായം
സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി
കോട്ടയം | കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പദ്ധതി പ്രകാരം സഹായത്തിന് 12 സംഘങ്ങളെ തിരഞ്ഞെടുത്തുതായി സഹകരണമന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ഇന്ത്യയില്‍ ഇതാദ്യമായാണ് സഹകരണ ബേങ്കുകള്‍ക്കായി ഇത്തരത്തില്‍ ഒരു പദ്ധതി വിഭാവനം ചെയ്തു നടപ്പിലാക്കുന്നത്.
കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം, 2025 പദ്ധതി പ്രകാരം ധനസഹായത്തിനായി വിവിധ ജില്ലകളില്‍ നിന്നായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് ശുപാര്‍ശ ചെയ്ത് സഹകരണസംഘം രജിസ്ട്രാര്‍ ആഫീസില്‍ ലഭിച്ച 93 അപേക്ഷകളില്‍ സംസ്ഥാന തല മോണിറ്ററിംഗ് സെല്‍ യോഗം തിരഞ്ഞെടുത്തതാണ് ഈ സംഘങ്ങള്‍. സ്‌കീമിലെ വ്യവസ്ഥ പ്രകാരമുള്ള സ്‌കോര്‍ നേടിയയാണ് 12 സംഘങ്ങള്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇവര്‍ തയാറാക്കി സമപ്പിക്കുന്ന പുനരുദ്ധാരണ പദ്ധതി പരിശോധിച്ചാണ് തുകനല്‍കുക. ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക. ആദ്യഘട്ടമായി 10 കോടിരൂപയുടെ ധനസഹായം വരെ കേരള സഹകരണ പുനരുദ്ധാരണ ഫണ്ട് സ്‌കീം പ്രകാരം ബേങ്കുകള്‍ക്ക് ലഭ്യമാവും.
പ്രതിസന്ധി നിമിത്തം ദുര്‍ബലമായതോ സുഷുപ്താവസ്ഥയിലായതോ ആയ സംഘങ്ങള്‍ പുനരുദ്ധരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകള്‍ തുടര്‍ന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു.
കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സഹകരണ രജിസ്ട്രാര്‍ ഡോ: ഡി. സജിത്ത് ബാബുവും പങ്കെടുത്തു.





