Connect with us

NEWS ROUND UP @ 4PM

WAR UPDATES: യുദ്ധഭൂമിയായി പശ്ചിമേഷ്യ; ഇറാനിൽ മരണം 555; ആണവനിലയങ്ങളും ആക്രമിക്കപ്പെട്ടു; ഗൾഫ് രാജ്യങ്ങളിൽ മിസൈൽ മഴ; വ്യോമഗതാഗതം താറുമാറായി

ഇറാന്റെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിലെ പ്ലാന്റിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്റാഈലും ആക്രമണം നടത്തിയതായി ഐ എ ഇ എയിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി സ്ഥിരീകരിച്ചു.

Published

|

Last Updated

ടെഹ്‌റാൻ | ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യൻ മേഖല അനിയന്ത്രിതമായ യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നു. അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളിൽ ഖാംനഈ ഉൾപ്പെടെ 555 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 131 കൗണ്ടികളിലായി ഇസ്റാഈൽ ബോംബാക്രമണം തുടരുകയാണ്. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ താവളങ്ങൾക്കും ഇസ്റാഈൽ അനുകൂല രാജ്യങ്ങൾക്കും നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു.

എണ്ണ ശുദ്ധീകരണശാലയും പവര്‍പ്ലാന്റും ആക്രമിച്ച് ഇറാന്‍

ദുബൈ അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. സഊദിയില്‍ എണ്ണശുദ്ധീകരണശാലക്കും ഖത്വറില്‍ പവര്‍പ്ലാന്റിന് നേരെയും ആക്രമണമുണ്ടായി. കുവൈത്തിലും ബഹ്‌റൈനിലും വ്യാപക ആക്രമണം നടക്കുന്നു. സഊദിയില്‍ ഇന്നലെ രണ്ട് തവണ ആക്രമണമുണ്ടായി. കുവൈത്തിലെ അമേരിക്കന്‍ എംബസിക്ക് നേരെയും ആക്രമണം നടന്നു.

ഇറാന്റെ തിരിച്ചടിയില്‍ ജി സി സിയിലെ വിവിധ സ്ഥലങ്ങളില്‍ ഏതാനും ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. വിമാനത്താവളങ്ങള്‍ പരിമിതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നുണ്ട്. യു എ ഇയില്‍ ഇതിന് തുടക്കമായി. ഏതാണ്ട് മൂന്ന് ലക്ഷം യാത്രക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപോര്‍ട്ട്.

ഡ്രോണ്‍ ആക്രമണം

ദുബൈയിലെ ആമസോണ്‍ ഡാറ്റാ സെന്ററില്‍ ഇന്നലെ മിസൈല്‍ അവശിഷ്ടം വീണ് തീപ്പിടിത്തമുണ്ടാകുകയും സേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു. അബൂദബിയിലെ മുസഫ്ഫ, ഐ കാഡ് മേഖലകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി.
റാസ് അല്‍ ഖൈമയിലെ അല്‍ ഹംറ വില്ലേജ് മേഖലയില്‍ ചൊവ്വാഴ്ച രാവിലെ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു. ആര്‍ക്കും പരുക്കേറ്റതായി റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ വിമാനങ്ങള്‍ ഇന്ന് ഉച്ച വരെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. യു എ ഇ അധികൃതരുമായി ഏകോപിപ്പിച്ച് പ്രത്യേക ഒഴിപ്പിക്കല്‍ വിമാനങ്ങളും ചരക്ക് വിമാനങ്ങളും സര്‍വീസ് നടത്തി. അബൂദബി സായിദ് എയര്‍പോര്‍ട്ട്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ വൈകിട്ടോടെ പരിമിതമായ തോതില്‍ സര്‍വീസ് പുനരാരംഭിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകര ശാലകളിലൊന്നായ സഊദിയിലെ റാസ് തനൂറ റിഫൈനറിക്ക് നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് തീപ്പിടിത്തമുണ്ടായി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയിലെ ചില പ്രവര്‍ത്തന യൂനിറ്റുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. എണ്ണ ഉത്പാദനത്തെയോ വിതരണത്തെയോ ബാധിച്ചിട്ടില്ലെന്ന് ഊര്‍ജ മന്ത്രാലയം അറിയിച്ചു. റാസ് തനൂറ റിഫൈനറി ലക്ഷ്യമിട്ട് രണ്ട് ഡ്രോണ്‍ ആക്രമണമാണുണ്ടായത്.

പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിന് സമീപം വന്ന അഞ്ച് ഡ്രോണുകള്‍ സഊദി പ്രതിരോധ സേന തകര്‍ത്തു.

എണ്ണക്കപ്പലിന് നേരെ ആക്രമണം

ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് തീരത്ത് എണ്ണക്കപ്പലിന് നേരെ നടന്ന ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. മസ്‌കത്ത് തീരത്ത് നിന്ന് 52 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ‘എം കെ ഡി വ്യോമം’ എന്ന എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഡ്രോണ്‍ ബോട്ട് കപ്പലില്‍ വന്നിടിച്ചതിനെത്തുടര്‍ന്ന് എന്‍ജിന്‍ റൂമില്‍ വന്‍ സ്ഫോടനവും തീപ്പിടിത്തവുമുണ്ടായി. കപ്പലിലുണ്ടായിരുന്ന ബാക്കി 16 ഇന്ത്യക്കാരുള്‍പ്പെടെ ശേഷിക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

ബഹ്റൈനിലെ സല്‍മാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് ഏഷ്യന്‍ വംശജനായ തൊഴിലാളി കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.

അമേരിക്കന്‍ നാവികസേനയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനമായ മനാമയിലെ നാവിക കേന്ദ്രത്തിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

ഖത്വറിലെ മീസഈദ് പവര്‍ പ്ലാന്റിന് നേരെയും റാസ് ലഫാന്‍ വ്യോമകേന്ദ്രത്തിന് നേരെയും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. മുന്‍കരുതല്‍ നടപടിയായി ദ്രാവക പ്രകൃതിവാതക (എല്‍ എന്‍ ജി) ഉത്പാദനം താത്കാലികമായി നിര്‍ത്തിവെച്ചു. ദോഹയില്‍ പലയിടത്തും ശക്തമായ സ്ഫോടനശബ്ദങ്ങള്‍ കേട്ടു.

കുവൈത്തിലെ മിന അല്‍ അഹ്മദി എണ്ണ ശുദ്ധീകരണശാലക്ക് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരുക്കേറ്റു.

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് അനവധി കണ്ടെയ്‌നര്‍ കപ്പലുകളും എണ്ണ ടാങ്കറുകളും

ഇറാനെതിരായ യു എസ്-ഇസ്റാഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് നൂറിലധികം കണ്ടെയ്‌നര്‍ കപ്പലുകളും 450 എണ്ണ ടാങ്കറുകളും. ഷിപ്പിംഗ് ഏതാണ്ട് സ്തംഭിച്ചതിനാല്‍ എണ്ണവില ഉയരുകയും ഏഷ്യന്‍ രാജ്യങ്ങളിലെ ഊര്‍ജ വിപണിയെ ഇത് സാരമായി ബാധിക്കുകയും ചെയ്യും.

അമേരിക്ക, ഇസ്റാഈല്‍, ഇറാന്‍ എന്നിവ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ ടാങ്കര്‍ സര്‍വീസുകള്‍ വരും ദിവസങ്ങളില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. കയറ്റുമതി മേഖലയിലെ നിലവിലെ പ്രതിസന്ധിമൂലം എണ്ണവില വില ബാരലിന് 100 ഡോളറിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ത്തന്നെ ലോകത്തിലെ ഏറ്റവും നിര്‍ണായകമായ എണ്ണ ചെക്ക്‌പോയിന്റിലൂടെയുള്ള കയറ്റുമതി ടാങ്കര്‍ ഉടമകളും എണ്ണ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്.

ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യയും മരിച്ചു

ഇറാന്റെ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഭാര്യ മൻസൂറെ ഖൊജസ്തേ ബാഖെർസാദെ അന്തരിച്ചു. ശനിയാഴ്ച ഖാംനഈ കൊല്ലപ്പെട്ട അതേ അമേരിക്കൻ-ഇസ്റാഈൽ സംയുക്ത വ്യോമാക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഖാംനഈയുടെ വസതിക്കും ഓഫീസിനും നേരെ നടന്ന മിസൈൽ ആക്രമണത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇതേ ആക്രമണത്തിൽ തന്നെയായിരുന്നു ഖാംനഈയും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്.

1964-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ആറ് മക്കളുണ്ട്.

ആണവനിലയങ്ങൾക്ക് നേരെ ആക്രമണം

ഇറാന്റെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിലെ (Natanz) പ്ലാന്റിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്റാഈലും ആക്രമണം നടത്തിയതായി ഐ എ ഇ എയിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി സ്ഥിരീകരിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങളെയാണ് ശത്രുക്കൾ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഇറാന്റെ ആണവ അതോറിറ്റിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും നിലയങ്ങൾക്ക് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) മേധാവി റാഫേൽ ഗ്രോസി അറിയിച്ചത്.

ഇറാൻ നേതൃത്വത്തിന് കനത്ത പ്രഹരം

യുദ്ധത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇറാന്റെ ഇന്റലിജൻസ് വിഭാഗത്തിലെ രണ്ട് കരുത്തരായ ഉദ്യോഗസ്ഥരെ വധിച്ചതായി ഇസ്റാഈൽ അവകാശപ്പെട്ടു. ഇന്റലിജൻസ് ഡെപ്യൂട്ടി മിനിസ്റ്റർ സയ്യിദ് യഹ്‌യ ഹമീദി, ചാരവൃത്തി വിഭാഗം തലവൻ ജലാൽ പൂർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്റാഈലിനെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ഇവരാണെന്നാണ് ഇസ്റാഈൽ സൈന്യത്തിന്റെ വാദം.

ഇതിന് പുറമെ ഖുറമാബാദിൽ നടന്ന അമേരിക്കൻ ആക്രമണത്തിൽ അഞ്ച് ഇറാൻ സൈനികർ കൂടി കൊല്ലപ്പെട്ടു. ടെഹ്‌റാനിന്റെ ഹൃദയഭാഗത്താണ് ഇപ്പോൾ ആക്രമണം നടക്കുന്നതെന്ന് ഇസ്റാഈൽ സൈന്യം വ്യക്തമാക്കി.

മജീദ് ഇബ്നുൽറേസ ഇറാന്റെ ആക്ടിംഗ് പ്രതിരോധ മന്ത്രി

അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ടതിനെത്തുടർന്ന് പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയെ നിയമിച്ച് ഇറാൻ. റെവല്യൂഷണറി ഗാർഡ് ജനറൽ മജീദ് ഇബ്നുൽറേസയെയാണ് പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പുതിയ ആക്ടിംഗ് പ്രതിരോധ മന്ത്രിയായി നിയമിച്ചത്. പ്രസിഡൻഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡെപ്യൂട്ടി മെഹ്ദി തബതബഈ ആണ് എക്സിലൂടെ നിയമന വിവരം പുറത്തുവിട്ടത്.

ഇറാന്റെ മുൻ പ്രതിരോധ മന്ത്രി അസീസ് നാസിർസാദെ കഴിഞ്ഞദിവസം നടന്ന മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ

ഇറാന്റെ റെവല്യൂഷണറി ഗാർഡ് അയച്ച ഡ്രോണുകളും മിസൈലുകളും അയൽരാജ്യങ്ങളിലെ സമാധാന അന്തരീക്ഷം തകർത്തു.

സൗദി അറേബ്യ അറേബ്യയിലെ ദമ്മാമിന് സമീപമുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് (Ras Tanura) നേരെ ഡ്രോൺ ആക്രമണമുണ്ടായി. വെടിവെച്ചിട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ച് റിഫൈനറിയിൽ വൻ തീപിടുത്തമുണ്ടായതിനെത്തുടർന്ന് പ്ലാന്റ് താൽക്കാലികമായി അടച്ചുപൂട്ടി.മുൻകരുതൽ നടപടിയായാണ് പ്ലാന്റുകൾ അടച്ചതെന്നും പ്രാദേശിക വിപണിയിലേക്കുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെ ഇത് ബാധിക്കില്ലെന്നും സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു.

യു എ ഇയിലെ അബുദാബിയിലെ ഐ സി എ ഡിയിലുള്ള വെയർഹൗസിലും മുസഫയിലെ ഒരു വാണിജ്യ സ്ഥാപനത്തിലും ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു. റാസൽഖൈമയിലെ അൽ ഹംറ ഗ്രാമത്തിലും സമാനമായ രീതിയിൽ ഡ്രോൺ ഭാഗങ്ങൾ വീണെങ്കിലും ആളപായമില്ല.

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ദുബൈയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഇന്ന് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക നിർദ്ദേശത്തെത്തുടർന്നാണ് തീരുമാനമെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഗ്ലോബൽ വില്ലേജ് മാനേജ്‌മെന്റ് വ്യക്തമാക്കി.

ഖത്തറിലെ ദോഹ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ തൊടുത്തതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. ഇറാൻ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ ഖത്തറിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ പതിച്ചു. മിസൈദ് പവർ പ്ലാന്റിലെ വാട്ടർ ടാങ്കിന് നേരെയും റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ഖത്തർ എനർജിയുടെ സ്ഥാപനത്തിന് നേരെയുമാണ് ആക്രമണം ഉണ്ടായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ആളപായമില്ല. നാശനഷ്ടങ്ങൾ അധികൃതർ വിലയിരുത്തി വരികയാണ്. പരിഭ്രാന്തരാകരുതെന്നും ഔദ്യോഗിക നിർദ്ദേശങ്ങൾ മാത്രം പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും ഖത്തർ വ്യക്തമാക്കി.

ബഹ്‌റൈൻ തുറമുഖത്തുള്ള കപ്പലിന് നേരെ മിസൈൽ ആക്രമണമുണ്ടായി. കപ്പലിലെ തീപിടുത്തം നിയന്ത്രണവിധേയമാണെന്നും ജീവനക്കാർ സുരക്ഷിതരാണെന്നും യു കെ എം ടി ഒ അറിയിച്ചു. ബഹ്‌റൈനിലെ യു എസ് പൗരന്മാർക്ക് നേരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ എംബസി മുന്നറിയിപ്പ് നൽകി.

കുവൈത്തിൽ അമേരിക്കയുടെ നിരവധി യുദ്ധവിമാനങ്ങൾ തകർന്നുവീണു. സാങ്കേതിക തകരാറാണോ അതോ ആക്രമണമാണോ എന്ന് വ്യക്തമല്ലെങ്കിലും പൈലറ്റുമാർ രക്ഷപ്പെട്ടതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് കുവൈത്തില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണത്. തകര്‍ന്ന വിമാനങ്ങളില്‍ യുഎസ് എയര്‍ഫോഴ്‌സിന്റെ എഫ് 15-ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനങ്ങളും ഉള്‍പ്പെടും. അതേ സമയം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് കുവൈത്ത് സൈനിക വക്താവ് കേണല്‍ സൗദ് അല്‍-അത്വന്‍ അറിയിച്ചു.

ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ബോംബ് ബോട്ട് ആക്രമണത്തിൽ ഒരു കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. മസ്‌കറ്റ് ഗവർണറേറ്റ് തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ സഞ്ചരിക്കുകയായിരുന്ന എം കെ ഡി വ്യോം (MKD VYOM) എന്ന എണ്ണക്കപ്പലിന് നേരെയാണ് സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ച് ആക്രമണം നടന്നതെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.ആക്രമണത്തെത്തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ സ്ഫോടനവും വൻ തീപിടുത്തവും ഉണ്ടായതായാണ് റിപ്പോർട്ട്.

ഖത്തർ എനർജി എൽ എൻ ജി ഉൽപ്പാദനം നിർത്തി; യൂറോപ്പിൽ ഗ്യാസ് വർധിച്ചു

ദോഹ | ഖത്തറിലെ ഊർജ്ജനിലയങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഖത്തർ എനർജി എൽ എൻ ജി (LNG) ഉൽപ്പാദനം നിർത്തിവെച്ചു. ഇതോടെ യൂറോപ്പിലെ ഗ്യാസ് വിലയിൽ 50 ശതമാനത്തോളം വൻ വർധനവുണ്ടായി. ബെഞ്ച്മാർക്ക് ഡച്ച്, ബ്രിട്ടീഷ് ഹോൾസെയിൽ ഗ്യാസ് വിലകളിലാണ് ഈ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്.

വ്യോമപാതകൾ അടച്ചു; വിമാനങ്ങൾ റദ്ദാക്കി

യുദ്ധം രൂക്ഷമായതോടെ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വ്യോമപാതകൾ അതീവ അപകടകരമായ നിലയിലാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) മുന്നറിയിപ്പ് നൽകി. ഇറാൻ, ഇസ്റാഈൽ, യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, ഇറാഖ്, ജോർദാൻ, ലെബനൻ എന്നീ രാജ്യങ്ങളുടെ വ്യോമപാത ഒഴിവാക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.

ഇതോടെ എയർ ഇന്ത്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകശ എയർ, സ്പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികൾ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു.
ജോർദാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. വിമാനങ്ങൾ റദ്ദാക്കിയതോടെ ആയിരക്കണക്കിന് പ്രവാസികളാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. അന്താരാഷ്ട്ര സർവീസുകളെല്ലാം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതോടെ വ്യോമഗതാഗതം പൂർണ്ണമായും താറുമാറായി.

യു എ ഇയിലെ ഇത്തിഹാദ് എയർവേസ് അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നാളെ യുഎഇ സമയം ഉച്ചക്ക് രണ്ട് മണി വരെ നിർത്തിവെച്ചു.

ലബനനിലും ഇറാഖിലും ചോരപ്പുഴ

ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണത്തിന് മറുപടിയായി ഇസ്റാഈൽ ലബനനിൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇറാഖിലെ ബാഗ്ദാദിന് തെക്ക് ഭാഗത്തുള്ള കാതൈബ് ഹിസ്ബുല്ല കേന്ദ്രങ്ങൾക്ക് നേരെയും ഇർബിലിലും ശക്തമായ സ്ഫോടനങ്ങൾ നടന്നു. സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി.
അമേരിക്കയുടെയും ഫ്രാൻസിന്റെയും നിലപാട്

കൊല്ലപ്പെട്ട മൂന്ന് അമേരിക്കൻ സൈനികർക്ക് പകരം വീട്ടുമെന്നും ലക്ഷ്യം കാണുന്നത് വരെ ആക്രമണം തുടരുമെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. എന്നാൽ അമേരിക്കയുമായി ചർച്ചകൾക്ക് ഇറാൻ ശ്രമിക്കുന്നുവെന്ന വാർത്തകൾ ഇറാന്റെ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി നിഷേധിച്ചു.

അതേസമയം, ഗൾഫ് രാജ്യങ്ങളുടെയും ജോർദാന്റെയും സുരക്ഷയ്ക്കായി ഫ്രാൻസ് രംഗത്തെത്തിയിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് ജോർദാൻ തങ്ങളുടെ വ്യോമപാത ഭാഗികമായി അടച്ചു. മേഖലയിലുടനീളം യുദ്ധ സൈറണുകൾ മുഴങ്ങുന്ന അതീവ ഭീതിദമായ സാഹചര്യമാണ് നിലവിലുള്ളത്.

Summary

The conflict in the Middle East has entered a devastating phase following the assassination of Iranian Supreme Leader Ayatollah Ali Khamenei in a large-scale US-Israeli operation that has claimed over 555 lives. In a series of high-stakes escalations, Israeli and US forces reportedly struck Iran’s Natanz nuclear facility and targeted senior intelligence officials, while Iran responded with significant missile and drone strikes on civilian and military infrastructure in Saudi Arabia, the UAE, Qatar, and Bahrain. As US President Donald Trump vows to continue the offensive until all objectives are met and casualties rise in Lebanon and Iraq, the region remains on the brink of an all-out war with global implications.

Latest