Kerala
വര്‍ഗവഞ്ചകിയെന്ന് വിളിച്ചാലും അത് തന്നെ കൂടുതല്‍ ശക്തയാക്കും; കോണ്‍ഗ്രസ് തറവാടാണ്: ഐഷ പോറ്റി
വളരെ മ്ലേച്ഛമായ ഭാഷയില്‍ വരും ദിവസങ്ങളില്‍ എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൂടി ധാരാളം കാര്യങ്ങള്‍ വരുമെന്ന് അറിയാം
തിരുവനന്തപുരം | വര്‍ഗ വഞ്ചകിയെന്ന് വിമര്‍ശിച്ചാലും അത് തന്നെ കൂടുതല്‍ ശക്തയാക്കുകയേ ഉള്ളൂ എന്ന് മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി. 25 വര്‍ഷം ജനപ്രതിനിധിയായും പാര്‍ട്ടിയുടെ ഭാഗമായും പ്രവര്‍ത്തിച്ചു. എന്നാല്‍ തനിക്ക് ഒരു പിആര്‍ വര്‍ക്കും ഉണ്ടായിട്ടില്ല. ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അധികാരമോഹിയല്ലെന്നും ഒന്നും കിട്ടാനല്ല കോണ്‍ഗ്രസിലേക്ക് വരുന്നതെന്നും ഐഷാ പോറ്റി പറഞ്ഞു.
തിരുവനന്തപുരത്ത് രാപ്പകല്‍ സമരപ്പന്തലില്‍ കോണ്‍ഗ്രസ് അംഗത്വമെടുത്ത ശേഷംസംസാരിക്കുകയായിരുന്നു ഐഷാ പോറ്റി.
വളരെ മ്ലേച്ഛമായ ഭാഷയില്‍ വരും ദിവസങ്ങളില്‍ എനിക്കെതിരെ സോഷ്യല്‍മീഡിയയില്‍ കൂടി ധാരാളം കാര്യങ്ങള്‍ വരുമെന്ന് അറിയാം. പക്ഷേ ഞാന്‍ അതിനെ ഒട്ടും ഭയക്കുന്നില്ല. വിമര്‍ശനത്തെ സന്തോഷത്തോടെ കേള്‍ക്കുകയാണ്. വിമര്‍ശനമാണ് മനുഷ്യനെ ഇത്രത്തോളം എത്തിക്കുക. വക്കീലായി വരുന്ന സമയത്ത് പ്രസംഗിക്കാന്‍ പോലും അറിയില്ലായിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ ആദ്യം പ്രവര്‍ത്തിച്ച പ്രസ്ഥാനം എന്നെ ഒത്തിരി സഹായിച്ചു. എന്നാല്‍ നല്ല വിഷമവും തന്നു. എന്താണ് എന്ന് പറയാന്‍ ഞാന്‍ ഒട്ടും ഇഷ്ടപ്പെടുന്നില്ല. ആരെയും കുറ്റം പറയാന്‍ ഇഷ്ടമല്ലെന്നും ഐഷാ പോറ്റി പറഞ്ഞു.
ജൂലൈ മാസം 18ന് എന്റെ വീട്ടിലേക്ക് എല്ലാവരും വന്നു. ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാക്കള്‍ വിളിച്ചു. ഉമ്മന്‍ ചാണ്ടി വലിയ മനുഷ്യനാണ്. മുഖ്യമന്ത്രിയായിരുന്ന ആളാണ്. നായനാരും മുഖ്യമന്ത്രിയായിരുന്ന ആളണല്ലോ. അദ്ദേഹത്തിന്റെ അനുസ്മരണത്തിന് വിളിച്ചാലും എല്ലാം പാര്‍ട്ടികളും പോവില്ലേ. അതുപോലെ എന്നെയും വിളിച്ചു. എത്ര വലിയ നേതാവായാലും മന്ത്രിയായാലും മനുഷ്യനോട് സ്നേഹത്തോടെ പെരുമാറുന്നതില്‍ നഷ്ടമുണ്ടോ. സത്യസന്ധമായി ഇടപെടുന്നതില്‍ നഷ്ടമുണ്ടോ.പഴയകാലം മുതലുള്ള തറവാടാണ് കോണ്‍ഗ്രസ് പ്രസ്ഥാനം. എല്ലാ പാര്‍ട്ടികളോടും ഇഷ്ടമാണ്. എല്ലാ മനുഷ്യരോടും ഇഷ്ടമാണ്. സഖാക്കളോടും പ്രവര്‍ത്തകരോടും അങ്ങേയറ്റം ഇഷ്ടമാണ്. അവര്‍ക്ക് നല്ല വിഷമം വരും.സാരമില്ല. ഐഷാ പോറ്റി എന്നും ഐഷാ പോറ്റിയായിരിക്കുമെന്നും അവര്‍ പറഞ്ഞു






