Connect with us

Education Notification

പ്ലാസ്റ്റിക് എന്‍ജിനീയറിംഗ് പഠിക്കാം

പ്ലാസ്റ്റിക് എൻജിനീയറിംഗ് എന്നത് പ്ലാസ്റ്റിക് വസ്തുക്കളുടെ സംസ്‌കരണം, രൂപകൽപ്പന, നിർമാണം എന്നിവയെക്കുറിച്ചുള്ള പഠനശാഖയാണ്.

Published

|

Last Updated

ലോകത്തെമ്പാടുമുള്ള വ്യവസായങ്ങൾ ഭാരം കുറഞ്ഞ സുസ്ഥിരവസ്തുക്കൾക്കും അതിനനുസരിച്ചുള്ള ഉത്പാദന പ്രക്രിയക്കും മുൻഗണന നൽകുന്നതിനാൽ പ്ലാസ്റ്റിക് ടെക്‌നോളജിയുടെ പ്രാധാന്യം വർധിച്ചിരിക്കുന്നു. പ്ലാസ്റ്റിക് എൻജിനീയറിംഗ് എന്നത് പ്ലാസ്റ്റിക് വസ്തുക്കളുടെ സംസ്‌കരണം, രൂപകൽപ്പന, നിർമാണം എന്നിവയെക്കുറിച്ചുള്ള പഠനശാഖയാണ്. ഇന്ന് ഓട്ടോമോട്ടീവ്, മെഡിക്കൽ, പാക്കേജിംഗ് തുടങ്ങിയ വ്യവസായങ്ങൾ ഭാരം കുറഞ്ഞതും ഈട് നിൽക്കുന്നതുമായ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സാങ്കേതിക ശാസ്ത്രത്തിന്റെ പിന്നാലെയാണ്. പ്ലാസ്റ്റിക് എൻജിനീയർമാർ പുതിയ മെറ്റീരിയലുകൾ വികസിപ്പിക്കുകയും ഉത്പാദന പ്രക്രിയകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ വ്യവസായ വളർച്ചക്കനുസൃതമായി ഈ പഠന ശാഖയുടെ പ്രാധാന്യവും ശക്തിയാർജിച്ചിരിക്കുന്നു.

കോഴ്‌സുകൾ ഏതൊക്കെ

നാല് വർഷ ബി ടെക് (പ്ലാസ്റ്റിക് ടെക്‌നോളജി/ പെട്രോകെമിക്കൽ എൻജിനീയറിംഗ്), ബി ഇ(മാനുഫാക്ച്ചറിംഗ് എൻജിനീയറിംഗ്), രണ്ട് വർഷ എം ടെക് (പ്ലാസ്റ്റിക് ടെക്‌നോളജി/പോളിമർ നാനോ ടെക്‌നോളജി), എം ഇ (കാഡ്), രണ്ട് വർഷ പി ജി ഡിപ്ലോമ (പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ആൻഡ് ടെസ്റ്റിംഗ്), രണ്ട് വർഷ എം എസ്‌സി (അപ്ലൈഡ് പോളിമർ സയൻസ്/ ബയോപോളിമർ സയൻസ്/), മൂന്ന് വർഷ ഡിപ്ലോമ (പ്ലാസ്റ്റിക് ടെക്‌നോളജി/ പ്ലാസ്റ്റിക് മോൾഡ് ടെക്‌നോളജി), ഒന്നര വർഷം നീണ്ടുനിൽക്കുന്ന പോസ്റ്റ് ഡിപ്ലോമ ഇൻ പ്ലാസ്റ്റിക് മോൾഡ് ഡിസൈൻ വിത്ത് കാഡ് തുടങ്ങിയ കോഴ്‌സുകൾക്ക് ഈ പഠന മേഖലയിൽ പ്രവേശിക്കാം.

യോഗ്യത

ബി ടെക്, ബി ഇ പ്രോഗ്രാമുകൾക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങൾ പഠിച്ച് ഹയർ സെക്കൻഡറി/ തത്തുല്യം ജയിച്ചവർക്കാണ് അവസരം. എം ടെക്/എം ഇ കോഴ്‌സുകൾക്ക് പ്ലാസ്റ്റിക്/പോളിമർ/കെമിക്കൽ/മെക്കാനിക്കൽ/പ്രൊഡക്‌ഷൻ തുടങ്ങിയവയിൽ എൻജിനീയറിംഗ് ബിരുദം/ പോളിമർ സയൻസ് അനുബന്ധ കെമിസ്ട്രി വിഷയങ്ങളിൽ എം എസ്‌സി എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.

പി ജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് സയൻസ് ബിരുദധാരികൾക്കും മെക്കാനിക്കൽ/ പ്ലാസ്റ്റിക്‌സ്/പോളിമർ/ ടൂൾ/ പ്രൊഡക്‌ഷൻ/മെക്കാട്രോണിക്‌സ്/ഓട്ടോ/ ടൂൾ ആൻഡ് ഡൈ/ പെട്രോകെമിക്കൽസ്/ ഇൻഡസ്ട്രിയൽ/ഇൻസ്ട്രുമെന്റേഷൻ ഇവയൊന്നിലെ മൂന്ന് വർഷ ഡിപ്ലോമ ജയിച്ചവർക്കും പ്ലാസ്റ്റിക് മോൾഡ് ഡിസൈനിൽ ഒന്നര വർഷത്തെ പോസ്റ്റ് ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഡിപ്ലോമ കോഴ്‌സിന് എസ് എസ് എൽ സി/ഐ ടി ഐ പാസ്സായവർക്കും അർഹതയുണ്ട്.

സ്ഥാപനങ്ങൾ

കേന്ദ്ര കെമിക്കൽ ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന്റെ കീഴിൽ ചെന്നൈ ആസ്ഥാനമായുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനീയറിംഗ് ആൻഡ് ടെക്‌നോളജി (സി പെറ്റ്) ഈ വിഷയ മേഖലയിൽ മികച്ച നിലവാരമുള്ള നിരവധി പഠന പ്രോഗ്രാമുകൾ പ്രധാനം ചെയ്യുന്നുണ്ട്. കേന്ദ്ര സ്ഥാപനമായ സി പെറ്റിന്റെ കീഴിൽ കൊച്ചി, മൈസൂരൂ, ബെംഗളൂരു, മധുര, ഹൈദരബാദ്, വിജയവാഡ, ഡെറാഡൂൺ തുടങ്ങിയ 40 ൽ പരം കേന്ദ്രങ്ങളിൽ വിവിധ കോഴ്‌സുകൾ പഠിക്കാം.

മറ്റ് സ്ഥാപനങ്ങൾ

മുബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി, റൂർക്കി കോളജ് ഓഫ് എൻജിനീയറിംഗ്, ബാലസോർ അഡ്വാൻസ്ഡ് പ്ലാസ്റ്റിക്‌സ് പ്രൊസസ്സിംഗ് ടെക്‌നോളജി സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിലും മുംബൈ, ഔറംഗാബാദ് എന്നിവടങ്ങളിലെ ഐ ഐ ടികളിലും ബിറ്റ്‌സ് പിലാനിയിലും പ്ലാസ്റ്റിക് എൻജിനീയറിംഗിൽ വിവിധ കോഴ്‌സുകൾക്ക് ചേരാം.
ഡൽഹി, ഖ്വരഗ്പൂർ, കാൺപൂർ തുടങ്ങിയ ഐ ഐ ടികളിൽ പ്ലാസ്റ്റിക്‌സ്/പോളിമർ എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുള്ള മെറ്റീരിയൽ സയൻസ് കോഴ്‌സ് പഠിക്കാം.

കേരളത്തിലും പഠിക്കാം

സി പെറ്റിന്റെ കൊച്ചി കളമശ്ശേരി ക്യാമ്പസിൽ മൂന്ന് വർഷം ദൈർഘ്യമുള്ള പ്ലാസ്റ്റിക് ടെക്‌നോളജി/ പ്ലാസ്റ്റിക് മോൾഡ് ടെക്‌നോളജി എന്നീ രണ്ട് ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കാൻ അവസരമുണ്ട്. കൊച്ചി സാങ്കേതിക സർവകലാശാലയിൽ ബി ടെക് പോളിമർ സയൻസ് എൻജിനീയറിംഗ്, എം ടെക് പോളിമർ ടെക്‌നോളജി എന്നീ പഠന പ്രാഗ്രാമുകളുണ്ട്. കൂടാതെ കൊച്ചി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് സി പെറ്റ്, പോളിമർ സയൻസ്, ബയോ പോളിമർ സയൻസ് എന്നീ രണ്ട് എം എസ്‌സി കോഴ്‌സുകളും നടത്തുന്നുണ്ട്. വിവരങ്ങൾക്ക്: www.cipet.gov.in, cusat.ac.in, psrt.cusat.ac.in  ഫോൺ: 0484/2546740, 2547741, 8129497182, ഇ മെയിൽ:kochi@cipet.gov.in

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ പോളിമർ കെമിസ്ട്രിയിൽ എം ടെക്/എം എസ്‌സി എന്നിവ പഠിക്കാൻ അവസരമുണ്ട്. യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് തൊടുപുഴ, ഗവ. എൻജിനീയറിംഗ് കോളജ് ഇടുക്കി എന്നിവിടങ്ങളിൽ പോളിമർ എൻജിനീയറിംഗിൽ ബി ടെക്കിന് ചേരാം. കോട്ടയം, കൊരട്ടി തുടങ്ങിയ പോളിടെക്‌നിക് കോളജുകളിലും ഈ വിഷയത്തിൽ ഡിപ്ലോമ കോഴ്‌സുകളുണ്ട്.

തൊഴിൽ സാധ്യതകൾ

ഭാരക്കുറവ് കാരണം ബോട്ട് മുതൽ വിമാനങ്ങൾ വരെയുള്ളവ നിർമിക്കുന്നതിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നു. സ്വാഭാവികമായും പ്ലാസ്റ്റിക് ഉപയോഗം വർധിതമായ തോതിൽ ഉയരുന്നു. അതിനാൽ ഇതിന്റ സാങ്കേതിക മേഖലയിൽ പഠനം കഴിഞ്ഞിറങ്ങുന്നവർക്കുള്ള ജോലി സാധ്യതകൾ നിരവധിയുണ്ട്. ഓട്ടോമോട്ടീവ്, മെഡിക്കൽ ഉപകരണങ്ങൾ, പാക്കേജിംഗ് തുടങ്ങിയ വ്യവസായ മേഖല ഇവർക്കായി തുറന്നുകിടക്കുന്നു. പ്ലാസ്റ്റിക് ടെസ്റ്റിംഗ് ടെക്‌നോളജിസ്റ്റ്, ഡിസൈൻ ടെക്‌നീഷ്യൻ, മോൾഡ് ഡിസൈനർ, പ്രൊസസ് എൻജിനീയർ, പൂപ്പൽ എൻജിനീയർ തുടങ്ങിയ ജോലികളിൽ പ്രവേശിക്കാം. പ്ലാസ്റ്റിക് മേഖലയിലെ സ്വയംതൊഴിൽ സംരഭങ്ങൾക്കും ഏറെ സാധ്യതയുണ്ട്.

മറ്റ് വിവരങ്ങൾ

വിവിധ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത ഒരുപോലെയാണെങ്കിലും പ്രവേശന രീതിക്ക് വ്യത്യാസമുണ്ടാകാം. ദേശീയ അടിസ്ഥാനത്തിലുള്ള എൻട്രൻസ് പരീക്ഷയിലെ സ്‌കോർ കണക്കിലെടുത്തും കോളജ് നടത്തുന്ന എൻട്രൻസ് ടെസ്റ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലും പ്രവേശനം നൽകുന്ന കോളജുകളുണ്ട്. അതിനാൽ അതത് സമയത്തുള്ള ഇത്തരം സ്ഥാപനങ്ങളുടെ പ്രവേശന വിജ്ഞാപനം കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്.

 

---- facebook comment plugin here -----

Latest