Uae
അന്തർനഗര ബസുകളിൽ ഇനി സൗജന്യ വൈഫൈ
ഷാർജ, അബൂദബി, അജ്മാൻ, ഫുജൈറ യാത്രക്കാർക്ക് പ്രയോജനകരം

ദുബൈ| തങ്ങളുടെ എല്ലാ 259 അന്തർനഗര ബസുകളിലും സൗജന്യ വൈഫൈ സേവനം ലഭ്യമാക്കിയതായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോ ർട്ട് അതോറിറ്റി (ആർ ടി എ) അറിയിച്ചു. യാത്രക്കാർക്ക് അവരുടെ സ്മാർട്ട്ഫോണുകൾ, ടാബ്്ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ ഉപയോഗിച്ച് യാത്രയിലുടനീളം സൗജന്യ വൈഫൈ ആസ്വദിക്കാനാകും. ഈ സേവനം ഉപയോഗിച്ച് യാത്രക്കാർക്ക് ജോലിസ്ഥലവുമായി ബന്ധിപ്പിക്കാനും വ്യക്തിപരമായ കാര്യങ്ങൾ നിർവഹിക്കാനും ഇന്റർനെറ്റ് ബ്രൗസ് ചെയ്യാനും സാധിക്കും. ഇ&യുമായുള്ള സഹകരണത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ദുബൈയിൽ നിന്ന് ഷാർജ, അബൂദബി, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്.
നേരത്തെ, ജൂൺ 17 ന് ദുബൈയിലെ 43 ബസ്, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളിലും ആർ ടി എ സൗജന്യ വൈഫൈ സേവനം പൂർത്തിയാക്കിയിരുന്നു. ഇതിനുപുറമെ രാജ്യത്തെ നിരവധി പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ ലഭ്യമാണ്. ദുബൈ മെട്രോ സ്റ്റേഷനുകൾ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്.