Uae
ഇത്തിഹാദ് വിമാനയാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം
മൊറാഫിക് ഏവിയേഷന്റെ കീഴില്‍ മീന തുറമുഖത്തും, അബൂദബി എക്‌സിബിഷന്‍ കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.

അബൂദബി | ഇത്തിഹാദ് വിമാനക്കമ്പനിയുടെ മുഴുവന്‍ സര്‍വീസുകളും നവംബര്‍ 14 മുതല്‍ ടെര്‍മിനല്‍ എ യിലേക്ക് മാറുന്നതിനോടനുബന്ധിച്ച്, ഇത്തിഹാദ് യാത്രക്കാര്‍ക്ക് സൗജന്യ സിറ്റി ചെക്ക് ഇന്‍ സൗകര്യം നല്‍കാന്‍ തീരുമാനിച്ചു. മൊറാഫിക് ഏവിയേഷന്റെ കീഴില്‍ മീന തുറമുഖത്തും, അബൂദബി എക്‌സിബിഷന്‍ കേന്ദ്രത്തിലും പ്രവര്‍ത്തിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കേന്ദ്രങ്ങളിലാണ് അടുത്ത ഒരു മാസത്തേക്ക് സൗജന്യ ചെക്ക് ഇന്‍ സേവനം ലഭിക്കുക.
മിന തുറമുഖത്തെ ചെക്ക് ഇന്‍ സൗകര്യം 24 മണിക്കൂറും പ്രവര്‍ത്തിക്കും. എക്‌സിബിഷന്‍ സെന്ററില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് സേവനം ലഭിക്കുക. ഇത്തിഹാദിന് പുറമെ എയര്‍ അറേബ്യ, വിസ് എയര്‍, ഈജിപ്ത് എയര്‍ എന്നിവയുടെ യാത്രക്കാര്‍ക്കും ഇവിടങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ചെക്ക് ഇന്‍ സൗകര്യം പ്രയോജനപ്പെടുത്താം.
വിമാന സമയത്തിന് നാലു മുതല്‍ 24 മണിക്കൂര്‍ മുമ്പ് വരെ ഇവിടെ ബാഗേജുകള്‍ നല്‍കി ചെക്ക് ഇന്‍ നടത്തി ബോര്‍ഡിങ് പാസ് ലഭിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.