Connect with us

local body election 2025

വിഴിഞ്ഞത്ത് കോണ്‍ഗ്രസ്സിന് വെല്ലുവിളിയായി മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി

എം എൽ എയുടെ ഇഷ്ടക്കാർക്ക് സ്ഥാനം നൽകിയതിൽ പ്രതിഷേധം

Published

|

Last Updated

വിഴിഞ്ഞം | തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം ഡിവിഷനില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളി ഉയര്‍ത്തി മുന്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഹിസാന്‍ ഹുസൈന്‍ മത്സര രംഗത്ത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി കെ എച്ച് സുധീര്‍ ഖാനാണ് ഹിസാന്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.

ഹാര്‍ബര്‍, വിഴിഞ്ഞം, പോര്‍ട്ട് ഡിവിഷനുകളില്‍ ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം അവഗണിച്ച് ഏകപക്ഷീയമായി കോവളം എം എല്‍ എ. എം വിന്‍സെന്റ് തന്റെ ഇഷ്ടക്കാരെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ഹിസാന്‍ ഹുസൈന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് വിഴിഞ്ഞം വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. എം എല്‍ എയുടെ നടപടിയില്‍ അതൃപ്തരായ വലിയൊരു വിഭാഗം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നോടൊപ്പം ഉണ്ടെന്നാണ് ഹിസാന്റെ അവകാശവാദം. വിഴിഞ്ഞം വാര്‍ഡ് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയായി പരിഗണിക്കാവുന്ന പത്ത് പേരുൾക്കൊള്ളുന്ന പട്ടിക മേല്‍ഘടകത്തിന് നല്‍കിയിരുന്നു. ബൂത്ത് പ്രസിഡന്റ്, രണ്ട് മണ്ഡലം പ്രസിഡന്റുമാര്‍, രണ്ട് വാര്‍ഡ് പ്രസിഡന്റുമാര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ബ്ലോക്ക് വൈസ് പ്രസിഡണ്ട്, രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള 46 പേര്‍ ചേര്‍ന്ന് കൂടിയ വാര്‍ഡ് കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായി പട്ടികയില്‍ ഇല്ലാത്ത കഴിഞ്ഞ തവണ വിഴിഞ്ഞത്ത് വിമതനായി മത്സരിച്ച സുധീര്‍ഖാനെ സ്ഥാനാര്‍ഥിയാക്കിയത് എം എല്‍ എയുടെ താത്പര്യത്തിനനുസരിച്ചാണെന്നും എം എല്‍ എയുടെ ഏകാധിപത്യ ശൈലിയും വിമര്‍ശിക്കുന്നവരെ വെട്ടി മാറ്റുന്ന നിലപാടിനുമെതിരെ ഡി സി സിക്കും കെ പി സി സിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ഹിസാന്‍ പറഞ്ഞു.

ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ്സ് അംഗത്വം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുന്നത്.കൂടാതെ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച നിലവിലെ ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ എം നിസാമുദ്ദീന് വീണ്ടും അംഗത്വം നല്‍കിയതിനെതിരെയും പ്രദേശത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് അമര്‍ശമുള്ളതായി പറയപ്പെടുന്നു. വിഴിഞ്ഞം വാര്‍ഡില്‍ എൽ ഡി എഫ് സ്ഥാനാര്‍ഥി സിപിഎമ്മിലെ നൗഷാദിനെ സ്ഥാനാർഥിയാക്കിയതിനെതിരെ മുന്‍ കൗണ്‍സിലര്‍ കൂടിയായ എന്‍ എ റഷീദ് രംഗത്ത് വരികയും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു.റഷീദും വിഴിഞ്ഞം ഡിവിഷനില്‍ മത്സരിക്കുന്നു. എങ്കിലും എൽ ഡി എഫ് സ്ഥാനാർഥി ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.

വിഴിഞ്ഞത്തിന് പുറമേ ഹാര്‍ബര്‍ വാര്‍ഡിലും കോണ്‍ഗ്രസ്സ് സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി പൊട്ടിത്തെറി ഉണ്ടാവുകയും കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ്ഉപേഷ് സുഗതന്റെ നേതൃത്വത്തില്‍ വിഴിഞ്ഞം മണ്ഡലം സെക്രട്ടറി വിനോദ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസി. എ മനോജ് എന്നിവരുള്‍പ്പെടെ 50ഓളം പേര്‍ രാജി വെക്കുകയും ചെയ്തിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ ലതാ സുഗതനെ ഹാര്‍ബര്‍ വാര്‍ഡില്‍ സ്ഥാനാർഥിയാക്കാനാണ് പ്രാദേശിക നേതൃത്വം തീരുമാനിച്ചത്. ഇത് അവഗണിച്ചാണ് ഹാര്‍ബര്‍ വാര്‍ഡില്‍ മറ്റൊരാളെ എം എൽ എ സ്ഥാനാർഥിയായി നിര്‍ണയിച്ചതെന്നാണ് ആരോപണം.

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് സ്ഥാനാർഥി നിസാബീവിക്കെതിരെ ലതാസുഗതന്‍ റിബല്‍ സ്ഥാനാർഥിയായി മത്സരിക്കുന്നു. ഇതോടെ വിഴിഞ്ഞം, ഹാര്‍ബര്‍ വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാർഥികള്‍ക്ക് ശക്തമായ വെല്ലുവിളിയാണുള്ളത്.ഇത് മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോണ്‍ഗ്രസ്സ് സ്ഥാനാർഥികള്‍. ഹാര്‍ബര്‍ വാര്‍ഡില്‍ സി പി എമ്മിലെ അഫ്‌സ സജീനയാണ് ഇടത് സ്ഥാനാർഥി. രണ്ടിടത്തും ആദ്യമായി എന്‍ഡിഎ സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്.

Latest