National
ഡൽഹി വിമാനത്താവളത്തിൽ വിമാന സർവീസുകൾ വൈകുന്നു; കാരണം എ ടി സിയിലെ സോഫ്റ്റ്‌വെയർ തകരാർ
പുറപ്പെടൽ സമയത്തിൽ നിലവിൽ ഏകദേശം ഒരു മണിക്കൂർ വരെ കാലതാമസം നേരിടുന്നുണ്ട്. വിമാനങ്ങൾക്ക് കൃത്യസമയത്ത് പറന്നുയരാൻ സാധിക്കാത്തതുകൊണ്ട്, എത്തിച്ചേരുന്ന വിമാനങ്ങൾ പാർക്ക് ചെയ്യാൻ വിമാനത്താവളത്തിൽ സ്ഥലമില്ലാത്ത അവസ്ഥയും വൈകാതെ സംജാതമാകും.
ന്യൂഡൽഹി | എയർ ട്രാഫിക് കൺട്രോളിൽ (എ ടി സി) ഉണ്ടായ ഒരു സോഫ്റ്റ്‌വെയർ തകരാർ കാരണം ഡൽഹി വിമാനത്താവളത്തിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ വൈകുന്നു. എയറോണോട്ടിക്കൽ മെസ്സേജ് സ്വിച്ചിങ് സിസ്റ്റത്തിൽ (എ എം എസ് എസ്.) ഉണ്ടായ പ്രശ്നമാണ് വിമാന സർവീസുകളെ ബാധിക്കുന്നത്. വെള്ളിയാഴ്ച രാവിലെയോടെ പ്രശ്നം കൂടിയെന്നും വിമാനത്താവളവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
പുറപ്പെടൽ സമയത്തിൽ നിലവിൽ ഏകദേശം ഒരു മണിക്കൂർ വരെ കാലതാമസം നേരിടുന്നുണ്ട്. വിമാനങ്ങൾക്ക് കൃത്യസമയത്ത് പറന്നുയരാൻ സാധിക്കാത്തതുകൊണ്ട്, എത്തിച്ചേരുന്ന വിമാനങ്ങൾ പാർക്ക് ചെയ്യാൻ വിമാനത്താവളത്തിൽ സ്ഥലമില്ലാത്ത അവസ്ഥയും വൈകാതെ സംജാതമാകും. ഇത് എത്തിച്ചേരുന്ന വിമാനങ്ങളെയും ബാധിക്കും. എ എം എസ് എസ്. സിസ്റ്റത്തിലെ തകരാർ വൈകുന്നേരത്തോടെ പരിഹരിക്കാൻ സാധിക്കുമെന്നാണ് സൂചന.
പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിന് ഡി ഐ എ എൽ ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളുമായും എ ടി സി. ടീം സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡൽഹി വിമാനത്താവള അധികൃതർ വെള്ളിയാഴ്ച രാവിലെ എക്സിൽ അറിയിച്ചു. ഏറ്റവും പുതിയ വിമാന വിവരങ്ങൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അസൗകര്യത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും അറിയിപ്പിൽ പറയുന്നു.
എയർ ട്രാഫിക് കൺട്രോളിലെ പ്രശ്നം ചൂണ്ടിക്കാട്ടി ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വിമാന സർവീസുകളിൽ കാലതാമസത്തിനും തടസ്സങ്ങൾക്കും സാധ്യതയുണ്ടെന്ന് സ്പൈസ് ജെറ്റ്, യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇൻഡിഗോയും സമാനമായ അറിയിപ്പ് നൽകിയിട്ടുണ്ട്.
ഡൽഹിയിലെ എ ടി സി. സിസ്റ്റത്തിലെ ഒരു സാങ്കേതിക പ്രശ്നം എല്ലാ വിമാനക്കമ്പനികളുടെയും വിമാന സർവീസുകളെ ബാധിച്ചതായി എയർ ഇന്ത്യ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു: ഈ അപ്രതീക്ഷിത തടസ്സത്തിൽ ഉണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ വ്യക്തമാക്കി.




