National
ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം: കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തം, മലയാളി സംഘം മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ ആകെ എണ്ണം 700 ആയി.

ഡെറാഡൂണ്‍| ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ശക്തമായി തുടരുന്നു. ഇന്നലത്തെ കണക്കുപ്രകാരം 128 പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ എണ്ണം 700 ആയി. അതേസമയം ഉത്തരാഖണ്ഡില്‍ കുടുങ്ങിയ 28 അംഗ മലയാളി വിനോദയാത്രാ സംഘം മൂന്ന് ദിവസത്തിനുള്ളില്‍ നാട്ടിലെത്തും. ഇവരെ ഇന്നലെ എയര്‍ലിഫ്റ്റ് ചെയ്ത് ഉത്തരകാശിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് ഡെറാഡൂണ്‍ വഴിയാണ് സംഘം നാട്ടിലേക്ക് മടങ്ങുക. ടൂര്‍ പാക്കേജിന്റെ ഭാഗമായാണ് ഇവര്‍ ഉത്തരാഖണ്ഡിലെത്തിയത്. ഇവരില്‍ 20 പേര്‍ മുംബൈ മലയാളികളും എട്ടു പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്.
ധാരാലി ഗ്രാമത്തിന്റെ പകുതിയും ഒലിച്ചുപോയ അപകടത്തില്‍ നിരവധി പേരെ കണ്ടുകിട്ടാനുണ്ട്. ഇന്ത്യന്‍ സൈന്യം, ഇന്ത്യന്‍ വ്യോമസേന, എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ്, ഐടിബിപി, ബിആര്‍ഒ, സിവില്‍ അഡ്മിനിസ്ട്രേഷന്‍ എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ ധാരാലിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യന്‍ സൈന്യം ഹര്‍സില്‍ മേഖലയില്‍ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.