Connect with us

Articles

വെടിക്കെട്ട് ദുരന്തങ്ങളും അധികാരികളുടെ നിസ്സംഗതയും

കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള അനധികൃത പടക്ക സംഭരണകേന്ദ്രങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറുകയാണ്. അനുവദിച്ചതിലും അധികം പടക്കങ്ങള്‍ സംഭരിക്കുന്നത് സ്‌ഫോടനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടവരുത്തുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പടക്കങ്ങള്‍ സംഭരിക്കുന്നത്.

Published

|

Last Updated

കൂടുതലും വിശ്വാസി സമൂഹങ്ങളുള്ള നമ്മുടെ നാട്ടില്‍ ആഘോഷങ്ങളും ആചാരങ്ങളും ഒഴിച്ചുകൂടാനാകാത്തവ തന്നെയാണ്. എന്നാല്‍ ഏത് തരത്തിലുള്ള ആഘോഷങ്ങളായാലും ആചാരങ്ങളായാലും അത് മനുഷ്യജീവനും ജീവനോപാധികള്‍ക്കും വസ്തുവകകള്‍ക്കും ഹാനികരമാകുന്ന ദുരന്തങ്ങളായി ഒരിക്കലും മാറാന്‍ പാടില്ല. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ സുരക്ഷാപരമായ മുന്‍കരുതലും ജാഗ്രതയും ഉത്തരവാദപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാല്‍ വെടിക്കെട്ട് ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എത്ര അനുഭവിച്ചാലും അതില്‍ നിന്ന് പാഠം പഠിക്കാത്തവരായി മലയാളികള്‍ മാറുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞയാഴ്ച നടന്ന തൃപ്പൂണിത്തുറ വെടിക്കെട്ട്
ദുരന്തം.

തൃപ്പൂണിത്തുറയില്‍ അനധികൃത പടക്ക സംഭരണകേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചത് രണ്ട് പേരാണ്. 23 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. തൃപ്പൂണിത്തുറ പുതിയ കാവ് ഭഗവതിക്ഷേത്ര താലപ്പൊലിയുടെ ഭാഗമായുള്ള വെടിക്കെട്ടിനായി പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്താണ് ഉഗ്രസ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കാരണം വീടുകള്‍ അടക്കം ഇരുനൂറോളം കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടമുണ്ടായത്. നിരവധി വാഹനങ്ങളും തകര്‍ന്നു. നാല് വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകരുകയായിരുന്നു. തമിഴ്നാട്ടിലെ പടക്കശാലയിലെ ദുരന്തവും ഇതിനോട് ചേര്‍ത്ത് വായിക്കണം.

വാഹനത്തില്‍ കൊണ്ടുവന്ന പടക്കങ്ങള്‍ ഷെഡിലേക്ക് മാറ്റുന്നതിനിടെയാണ് തൃപ്പൂണിത്തുറയില്‍ സ്‌ഫോടനമുണ്ടായത്. തുടരെ ആറ് സ്‌ഫോടനങ്ങളാണ് ഇവിടെ നടന്നത്. വെടിക്കെട്ട് നടത്തരുതെന്ന് ക്ഷേത്ര കമ്മിറ്റിക്കും പടക്ക കരാറുകാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നതായി പോലീസ് പറയുന്നു. ക്ഷേത്രഭാരവാഹികള്‍ക്കെതിരെ പോലീസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിരിക്കുകയാണ്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തം നടന്നത് കൊല്ലം ജില്ലയിലെ പരവൂര്‍ പുറ്റിങ്ങലിലാണ്. 2016 ഏപ്രില്‍ 16ന് പുലര്‍ച്ചെ പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലപ്പെട്ടത് 110 പേരായിരുന്നു. 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ കമ്പപ്പുരയില്‍ തീപ്പിടിച്ചാണ് ഒട്ടേറെ മനുഷ്യജീവനുകള്‍ക്ക് ഹാനിവരുത്തിയ ദുരന്തം സംഭവിച്ചത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് ഇവിടെ ദുരന്തത്തിന് കാരണമായത്. മത്സരക്കമ്പമുള്ള വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കി ക്ഷേത്രം അധികൃതര്‍ വെടിക്കെട്ട് നടത്താന്‍ തീരുമാനിച്ചതാണ് അന്ന് ദുരന്തത്തില്‍ കലാശിച്ചത്.

60 വര്‍ഷം മുമ്പും പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം നടന്നിരുന്നു. അന്ന് കമ്പത്തിനിടെ കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക കലായിക്കോട്ട തകര്‍ന്നാണ് കുറേ പേര്‍ മരിച്ചത്.
കണ്ടങ്കാളി, പേട്ട വിഭാഗങ്ങള്‍ തമ്മിലുള്ള കമ്പത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിനു ശേഷം നിര്‍ത്തിവെച്ച ഉത്സവം 1966 മുതലാണ് വീണ്ടും തുടങ്ങിയത്. 1952ല്‍ ശബരിമലയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 68പേരാണ് മരിച്ചത്. സംസ്ഥാനത്ത് 20 വര്‍ഷത്തിനിടെ ചെറുതും വലുതുമായ 750ഓളം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതില്‍ സ്ത്രീകള്‍ അടക്കം 400ലധികം പേര്‍ മരിച്ചു.

1978ല്‍ തൃശൂര്‍ പൂരത്തോടനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആള്‍ക്കൂട്ടത്തിനിടയില്‍ പതിച്ചിരുന്നു. അന്ന് എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1984ല്‍ തൃശൂര്‍ കണ്ടശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊലിഞ്ഞത് 20 മനുഷ്യജീവനുകളാണ്. 1987ല്‍ തൃശൂര്‍ വേലൂര്‍ വെള്ളാട്ടഞ്ചൂര്‍ കുട്ടന്‍മൂലി ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ കരിമരുന്ന് ദുരന്തത്തില്‍ മരിച്ചത് 20 പേര്‍. 1987ല്‍ തലശ്ശേരി ക്ഷേത്രത്തിലെ വെടിക്കെട്ട് 27 പേരുടെ മരണത്തിന് കാരണമായി. വെടിക്കെട്ട് കാണാന്‍ റെയില്‍പാളത്തിലിരുന്ന 27 പേര്‍ ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. 1988ല്‍ തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് മരുന്ന്പുരയ്ക്ക് തീപ്പിടിച്ച് പത്ത് സ്ത്രീ തൊഴിലാളികളാണ് വെന്തുമരിച്ചത്.

തൃശൂര്‍ കണ്ടശംകടവ് പള്ളിയില്‍ അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടും അപകടം സംഭവിക്കുകയും 12 പേര്‍ മരിക്കുകയും ചെയ്തു. 1990ല്‍ കൊല്ലം മലനടയില്‍ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് പുരക്ക് തീപ്പിടിച്ച് 26 പേരാണ് മരിച്ചത്. 1997ല്‍ ചിയ്യാരം പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ്പേര്‍ മരിച്ചു. 1998ല്‍ പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 13 പേരാണ് മരിച്ചത്.

1999ല്‍ പാലക്കാട് ആളൂരില്‍ ചാമുണ്ഡിക്കാവ് താലപ്പൊലി ഉത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തില്‍ എട്ട് പേര്‍ മരണപ്പെടുകയുണ്ടായി. 2006ല്‍ തൃശൂര്‍ പൂരത്തിന് തയ്യാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തിലുണ്ടായ അപകടത്തില്‍ ഏഴ് പേരും 2007ല്‍ കോഴിക്കോട്ട് പടക്കകടക്ക് തീപ്പിടിച്ചതിനെ തുടര്‍ന്ന് എട്ട് പേരും വെന്തുമരിച്ചു. 2013ല്‍ പാലക്കാട് പന്നിയംകുറുശി കുളങ്കുന്നത്ത് പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.

ഇതിനിടയില്‍ ചെറുതും വലുതുമായ വെടിക്കെട്ട് അപകടങ്ങളും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി നടന്നിട്ടുണ്ട്. 2023 ജനുവരിയില്‍ തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം നടന്നെങ്കിലും ഭാഗ്യം കൊണ്ട് ആര്‍ക്കും ജീവപായം സംഭവിച്ചില്ല. തൃശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളുടെ ഉത്സവങ്ങള്‍ക്ക് വേണ്ടി വെടിക്കോപ്പുകള്‍ ഉണ്ടാക്കുന്ന പുരയിലാണ് അപകടം നടന്നത്.

സ്ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. മിനുട്ടുകളുടെ വ്യത്യാസത്തില്‍ രണ്ട് സ്‌ഫോടനങ്ങളാണുണ്ടായത്. സ്‌ഫോടനത്തിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അകലെ വരെ അനുഭവപ്പെട്ടു. മറ്റു തൊഴിലാളികള്‍ കുളിക്കാന്‍ പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഈ സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയില്‍ വെടിക്കട്ട് ദുരന്തം നടന്നത്.

കേരളത്തിലെ പല ഭാഗങ്ങളിലുമുള്ള അനധികൃത പടക്ക സംഭരണകേന്ദ്രങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായി മാറുകയാണ്. അനുവദിച്ചതിലും അധികം പടക്കങ്ങള്‍ സംഭരിക്കുന്നത് സ്‌ഫോടനങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും ഇടവരുത്തുന്നു. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പടക്കങ്ങള്‍ സംഭരിക്കുന്നത്. വലിയ ഉത്സവങ്ങളുണ്ടാകുമ്പോള്‍ അതിന്റെ ഭാഗമായി വെടിക്കെട്ടുകളും നടത്താറുണ്ട്. ഇതിനായുള്ള പടക്കങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമായ രീതിയിലാണോയെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാകാറില്ല. വെറും വാക്കാലുള്ള നിര്‍ദേശങ്ങള്‍ നല്‍കി അധികാരികള്‍ തങ്ങളുടെ കടമ അവസാനിപ്പിക്കുകയാണ്.

ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം നടപടി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലുള്ള വെടിക്കോപ്പ് സംഭരണത്തിനും വെടിമരുന്ന് പ്രയോഗത്തിനും തടയിട്ടേ മതിയാകൂ. ആചാരങ്ങളുടെ ഭാഗമായി വെടിക്കെട്ട് അനിവാര്യമാണെന്ന വിശ്വാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ അനിവാര്യമാണ്. ശ്രദ്ധക്കുറവും ജാഗ്രതയില്ലായ്മയും കാരണം വില നല്‍കേണ്ടിവരുന്നത് മനുഷ്യജീവനുകളാണെന്ന വസ്തുത മറക്കരുത്. ഈ വിഷയത്തില്‍ നിസ്സംഗത ഭൂഷണമാണോയെന്ന ആത്മപരിശോധന അധികാരികളും പൊതുസമൂഹവും നടത്തേണ്ടതുണ്ട്.

 

Latest