Kerala
സിനിമാ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു
ഷൂട്ടിങ്ങിനു ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ അദ്ദേഹത്തെ മരിച്ച നിലയില്‍ കാണുകയായിരുന്നു

കൊച്ചി | സിനിമാ നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഷൂട്ടിങ്ങിനു ശേഷം ഹോട്ടല്‍ മുറിയില്‍ എത്തിയ അദ്ദേഹത്തെ മരിച്ച നിലയില്‍ കാണുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണം എന്നാണു കരുതുന്നത്. ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ച് ചോറ്റാനിക്കരയിലെ ഹോട്ടലിലെ മുറി ഒഴിയാന്‍ എത്തിയതായിരുന്നു. ചെക്ക് ഔട്ട്‌നു പോയ അദ്ദേഹത്തെ കാണാതെ റൂംബോയ് അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മിമിക്രിയിലൂടെയാണ് കലാരംഗത്തേക്ക് പ്രവേശിക്കുന്നത്. ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനാണ് ഹോട്ടലിൽ മുറിയെടുത്തത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവന്‍ നവാസ്. കലാഭവനിലൂടെയാണ് നവാസ് വളര്‍ന്നത്. കോട്ടയം നസീര്‍, അബി തുടങ്ങിയവര്‍ക്കൊപ്പം നിരവധി വേദികളില്‍ നിറഞ്ഞുനിന്നു. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ സഹോദരന്‍ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകള്‍ ചെയ്തു. ഏകദേശം അഞ്ഞൂറിലേറെ വേദികളില്‍ കലാപരിപാടി അവതരിപ്പിച്ചു.
മിമിക്രി വേദിയില്‍ നിന്നാണ് സിനിമയില്‍ എത്തിയത്. 1995ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെ തുടങ്ങി. പിന്നീട് ഏഴരക്കൂട്ടം, മിമിക്‌സ് ആക്ഷന്‍ 500 തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു. 30 വര്‍ഷത്തിനുള്ളില്‍ നാല്‍പ്പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ