Connect with us

eid al fitr 2022

നന്മയുടെ പെരുന്നാൾ

നാം നമ്മെ മറ്റൊരാളിലേക്ക് ഏറെയും പകർന്നു കൊടുക്കുന്നത് ആഘോഷ നാളുകളിലാണ്. ചെറിയ പെരുന്നാളും ഇതിൽ നിന്ന് വിഭിന്നമല്ല.

Published

|

Last Updated

ചെറിയ പെരുന്നാളിനെക്കുറിച്ചെഴുതുമ്പോൾ റമസാൻ മാസത്തെക്കുറിച്ച് എഴുതാതിരിക്കാൻ കഴിയില്ല. റമസാൻ മാസത്തിലെ ഒരു രാത്രിയിലാണ് മുഹമ്മദ് നബി(സ)യുടെ മനസ്സിലേക്ക് വിശുദ്ധ ഖുർആൻ അകംതാളുകൾ ആവേശിക്കപ്പെട്ടത്. അല്ലെങ്കിൽ മാനവരാശിയുടെ മുഴുവൻ മാർഗദർശനത്തിന്റെ സമഗ്രത വെളിപ്പെടുന്നത് ആയിരം മാസത്തേക്കാൾ മഹത്വമുള്ള ഈ രാത്രിയിലാണ്. പരിശുദ്ധ ഖുർആനിൽ മഹത്വത്തിന്റെ രാത്രിയെന്നു വിശേഷിപ്പിക്കപ്പെട്ട ലൈലത്തുൽ ഖദ്ർ! പന്ത്രണ്ട് മാസങ്ങളിൽ ആദരിക്കപ്പെട്ട മാസമായി ഖുർആനിൽ പറയുന്ന റമസാൻ മാസത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ടാണ് ചെറിയ പെരുന്നാളിന്റെ തുടക്കം. ആത്മീയവും മാനസികവുമായ സംതൃപ്തിയുടെ ഒരു മാസം നീണ്ട “ആത്മീയ സംസ്‌കരണം’ പെരുന്നാളോടു കൂടി അവസാനിക്കുകയാണ്.

ഇസ്‌ലാമിൽ ചെറിയ പെരുന്നാൾ കൊണ്ടാടപ്പെടുന്നത് ഒരു മാസക്കാലത്തെ വ്രതം മുറിച്ചുകൊണ്ടാണ്. വിശപ്പ് എന്ന വികാരത്തെ മനുഷ്യകുലത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്‌ലാം മതത്തിൽ വ്രതകാലം ആദരിക്കപ്പെടുന്നത്. വിശപ്പു മാത്രമല്ല, ആത്മീയവും, ഭൗതികവുമായ സംസ്‌കരണം കൂടിയാണത്. കാരുണ്യത്തിനു വേണ്ടിയുള്ള ഒരു വിശ്വാസിയുടെ ആർത്തിയും അർത്ഥനയും സഹജീവികളോടും ഇതരജീവജാലങ്ങളോടും കാണിക്കുമ്പോൾ പെരുന്നാൾ ആഘോഷത്തിന്റെ പ്രസക്തി വാനോളമുയരുന്നു. എന്നാൽ, വർത്തമാന സാമൂഹിക ഘടനയിൽ വന്ന അഭൂതപൂർവമായ മാറ്റങ്ങൾ നമ്മുടെ ആഘോഷങ്ങളെയും വിശ്വാസങ്ങളെയും അതിരുവിട്ട് ബാധിച്ചതായി കാണാം. ഇതു തിരിച്ചറിയാൻ നമ്മൾ ദേശങ്ങൾ താണ്ടുകയോ, വർഷങ്ങൾ കാത്തിരിക്കുകയോ വേണ്ട. നമുക്കു ചുറ്റിലും ഒന്നു സൂക്ഷ്മമായി നിരീക്ഷിച്ചാൽ മതി!

ഇസ്‌ലാം മതത്തെ സംബന്ധിച്ചിടത്തോളം കാരുണ്യമെന്ന വികാരം ഉദാത്തമാണ്. മഹത്തായ ഒരു ആശയവും ജീവിത ലക്ഷ്യവുമാണത്. അന്യന്റെ വേദനകൾ തന്റെ കൂടി വേദനയായും അവന്റെ വേവലാതികൾ തന്റേതു കൂടിയായും തിരിച്ചറിയുമ്പോഴേ ഇതു പൂർണമാകുന്നുള്ളൂ. ചെറിയ പെരുന്നാൾ ഒരു യഥാർഥ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കാരുണ്യത്തിന്റെ ദിവസം കൂടിയാണ്. പുകയാത്ത അടുപ്പ് കാണുമ്പോൾ നമ്മുടെ കണ്ണുകൾ നിറഞ്ഞില്ലെങ്കിൽ ഒരു മാസക്കാലം അന്നപാനീയങ്ങൾ ഉപേക്ഷിച്ചു ദൈവത്തെ സ്തുതിച്ചതിനു എന്തു ഫലം? മേത്തരം ഉടുപ്പുകൾ ധരിച്ച്, അത്തറ് പൂശി ദൈവത്തിന്റെ വീട്ടിലേക്കു പെരുന്നാൾ ദിനത്തിൽ നാം കയറിച്ചെല്ലുമ്പോൾ, ഒട്ടിയ വയറും പിഞ്ഞിയ ഉടുവസ്ത്രവുമായി ഒരു വിശ്വാസിയെ അവിടെ കണ്ടാൽ അല്ലാഹു ആദരിച്ച മാസവും പെരുന്നാളും വെറുതെയാവുകയാണല്ലോ! സമൂഹത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികൾ വ്യക്തിമനസ്സുകളെയാണ് ഏറ്റവും കഠിനമായി ബാധിച്ചിരിക്കുന്നത്. നാം നമ്മിലേക്കു തന്നെ ചെറുതായിക്കൊണ്ടിരിക്കുകയാണ്.
വീടുണ്ടാക്കുന്നതിനു മുമ്പു നാം ചുറ്റുമതിലുകൾ പണിയുന്നതും വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഏറ്റവും ചെറിയ കോലായ വരച്ചു ചേർക്കുന്നതും ഇതിന്റെ ബാഹ്യ കാഴ്ചകളാണ്. അയൽക്കാരന്റെ വേദനകൾക്ക് കാത് കൊടുക്കാനോ, ഒരു പുഞ്ചിരി കൊണ്ടെങ്കിലും അവനെ സാന്ത്വനപ്പെടുത്താനോ നമുക്കിന്ന് സമയമോ, സാവകാശമോ ഇല്ലതന്നെ!
അയൽക്കാരൻ വിശന്നു കിടക്കുമ്പോൾ ഉണ്ണുന്നത് നിഷിദ്ധമാക്കിയ ഒരു മതത്തിൽ വിശ്വസിക്കുന്നവർ തന്നെയാണ് ഇങ്ങനെ ചുരുങ്ങിപ്പോകുന്നതും ഉൾവലിയുന്നതും. എന്റെ കൈയിൽ നിന്നും ഒന്നും നഷ്ടപ്പെടരുതേ എന്നാണ് സുഹൃത്തിന്റെ പോക്കറ്റിൽ കണ്ണു വെച്ചു നാം പ്രാർഥിക്കുന്നത്. ഈയൊരു അവസ്ഥാ വിശേഷത്തെ നൂറ്റാണ്ടുകൾക്കു മുമ്പ് തിരിച്ചറിഞ്ഞ മതമാണ് ഇസ്‌ലാം. ചെറിയ പെരുന്നാൾ അഗതികളോടും അശരണരോടുമുള്ള കാരുണ്യത്തിന്റെ ദിനമാണെന്ന് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത് അതുകൊണ്ടാണല്ലോ. “ഫിത്‌റ് സകാത്തി’ന്റെ പ്രാധാന്യവും അതുകൊണ്ടാണത്രെ! അകമഴിഞ്ഞ് ഇല്ലാത്തവനെ സഹായിക്കുന്നവൻ വാഴ്ത്തപ്പെടുന്നത് ചെറിയ പെരുന്നാളിലാണ്.

എന്നാൽ ഇത്രയും കാര്യങ്ങൾ എത്ര പേർ പാലിക്കപ്പെടുന്നുണ്ട് എന്നതു ചിന്തനീയമാണ്. സമ്പത്ത് ഒരാളിൽ തന്നെ കുമിഞ്ഞുകൂടുന്ന വ്യവസ്ഥയെ എങ്ങനെ ഇല്ലാതാക്കാൻ കഴിയുമെന്നറിയാൻ ഇസ്‌ലാമിന്റെ കർമശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും പഠിച്ചാൽ മതി. വരുമാനത്തിന്റെ ഒരു പങ്ക് പാവപ്പെട്ടവർക്കായി നീക്കിവെക്കണമെന്ന് പഠിപ്പിച്ച മറ്റൊരു മതവും ഇന്ന് ഭൂമുഖത്തില്ല. അതിന്റെ ഓർമപ്പെടുത്തൽ ഓരോ വിശ്വാസിയിലും നിറക്കുകയാണ് റമസാൻ മാസവും അതിനു ശേഷമുള്ള ചെറിയ പെരുന്നാളും.

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നും സമൂഹത്തിൽ നിന്നു വേറിട്ടുകൊണ്ടുള്ള ഒരു അസ്തിത്വം അവനില്ലെന്നും സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നതിനും മുമ്പേ മനുഷ്യകുലത്തിനു ഓതിക്കൊടുത്ത മതമാണ് ഇസ്‌ലാം. ചെറിയ പെരുന്നാൾ ഉയർത്തിപ്പിടിക്കുന്നതും മറ്റൊന്നല്ല. ഒരു വിശ്വാസിക്ക് ഒരു വർഷത്തെ ജീവിതത്തെ പരിശോധിക്കാനും, ശുദ്ധി ചെയ്യാനും കഴിയുന്നത് ചെറിയ പെരുന്നാളോടു കൂടിയാണ്. നാം മനസ്സ് തുറക്കുന്നത് ദൈവത്തോടു മാത്രമല്ല തന്നോടു കൂടിയാണ്. പ്രാർഥനകളിൽ നിറയുന്നത് സ്വർഥതയല്ല, മാനവരാശിയുടെ മോചനമാണ്. എല്ലാവരും സർവ ഐശ്വര്യങ്ങളോടും കൂടി ജീവിക്കണമെന്നാണ് നാം ആശിക്കുന്നത്. നിറഞ്ഞ മനസ്സ് മാത്രം കാണാൻ കൊതിക്കുന്ന ഉൾത്തടമാണ് പെരുന്നാളിന്റെത്. അതുകൊണ്ടാണ് “തന്റെ കാരുണ്യം മറ്റെല്ലാ ഗുണത്തേക്കാളും വലുതാണെ’ന്നു ഖുർആൻ പറയുന്നത്.

ഓരോ ആഘോഷവും ഒത്തൊരുമയുടെതും കൂടിച്ചേരലിന്റെതുമാണ്. നാം നമ്മെ മറ്റൊരാളിലേക്ക് ഏറെയും പകർന്നു കൊടുക്കുന്നത് ആഘോഷ നാളുകളിലാണ്. ചെറിയ പെരുന്നാളും ഇതിൽ നിന്ന് വിഭിന്നമല്ല. സമൂഹത്തിൽ നിന്നു വേരറ്റുകൊണ്ടിരിക്കുന്ന നല്ല കാഴ്ചകളെയും നന്മകളെയും തിരിച്ചുകൊണ്ടുവരാനുള്ള ഒരു അവസരമായി നാം ചെറിയ പെരുന്നാളിനെ സമീപിക്കേണ്ടതുണ്ട്. റമസാൻ മാസ വ്രതവും പെരുന്നാളും കൊണ്ട് മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കാൻ കഴിഞ്ഞെങ്കിൽ അത് സമൂഹത്തെയും ശുദ്ധീകരിക്കലാണ്.

Latest