Articles
രാഷ്ട്രീയത്തിലെ കുടുംബ പോര്
തെലങ്കാന നിയമസഭയില്‍ എം എല്‍ സിയായ കവിതയെ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ചന്ദ്രശേഖരറാവു സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവര്‍ പാര്‍ട്ടി അംഗത്വവും എം എല്‍ സി സ്ഥാനവും രാജിവെച്ചു അച്ഛനെ വെല്ലുവിളിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാരത് രാഷ്ട്ര സമിതി മേധാവി കെ ചന്ദ്രശേഖരറാവുവിന്റെ കുടുംബത്തില്‍ അസ്വസ്ഥത പുകയുന്നുണ്ട്.

തെലുങ്ക് ദേശത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ കുടുംബ പോര് പുത്തരിയല്ല. തെലുഗുദേശം സ്ഥാപക നേതാവ് എന്‍ ടി രാമറാവുവിനെ കാലുവാരി മരുമകന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടിയെ സ്വന്തമാക്കി. കോണ്‍ഗ്രസ്സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വൈ എസ് രാജശേഖര റെഡ്ഡിയുടെ മരണത്തെ തുടര്‍ന്ന് മകന്‍ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ്സ് വിട്ടു പിതാവിന്റെ പേരില്‍ ഒരു പാര്‍ട്ടി രൂപവത്കരിച്ചു. വൈ എസ് ആര്‍ കോണ്‍ഗ്രസ്സ് എന്നായിരുന്നു പാര്‍ട്ടിയുടെ പേര്. അച്ഛന്റെ ജനപിന്തുണ ജഗന്‍ മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രി പദവിയിലേക്കുയര്‍ത്തി. പക്ഷേ സഹോദരി ശര്‍മിള സഹോദരനുമായി കൊമ്പുകോര്‍ത്തു. ഒടുവില്‍ ജഗ്‌മോഹന്‍ റെഡ്ഡി സഹോദരിയെ പാര്‍ട്ടിയില്‍ നിന്ന് പിടിച്ചു പുറത്താക്കി. ശര്‍മിള നിലവില്‍ കോണ്‍ഗ്രസ്സിന്റെ പി സി സി അധ്യക്ഷയാണ്. ആന്ധ്ര വിഭജിച്ചുണ്ടായ തെലങ്കാനയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ്.
കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) എന്ന പാര്‍ട്ടി രൂപവത്കരിച്ച് രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖരറാവു മകള്‍ കവിതക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ്. സംസ്ഥാന നിയമസഭയില്‍ എം എല്‍ സിയായ കവിതയെ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ ചന്ദ്രശേഖരറാവു സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവര്‍ പാര്‍ട്ടി അംഗത്വവും എം എല്‍ സി സ്ഥാനവും രാജിവെച്ചു അച്ഛനെ വെല്ലുവിളിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭാരത് രാഷ്ട്ര സമിതി മേധാവി കെ ചന്ദ്രശേഖരറാവുവിന്റെ കുടുംബത്തില്‍ അസ്വസ്ഥത പുകയുന്നുണ്ട്.
മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവുവിനെ തന്റെ പിന്‍ഗാമിയായി വെച്ചതായിരുന്നു കാരണം. അതിനിടെ ചന്ദ്രശേഖരറാവുവിന്റെ വിശ്വസ്തരായ നേതാക്കളായ മുന്‍ മന്ത്രി ടി ഹരീഷ്‌റാവു, ജെ സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കവിത ആരോപണം ഉന്നയിക്കുകയുണ്ടായി. കുടുംബാംഗങ്ങള്‍ കുടിയായ ഈ രണ്ട് പേരും ചന്ദ്രശേഖരറാവുവിനെ കുഴിയില്‍ ചാടിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കവിതയുടെ പരാതി. കലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖരറാവു അന്വേഷണം നേരിടുകയാണ്. യഥാര്‍ഥ പ്രതികള്‍ ഹരീഷ്‌റാവുവും സന്തോഷ് കുമാറും ആണെന്നാണ് കവിതയുടെ പരാതി. അവര്‍ ഈ പരാതി പരസ്യമായി പറയുകയുണ്ടായി.
കവിതയെ സസ്പെന്‍ഡ് ചെയ്തതിന് കാണമായി പറഞ്ഞത് ഈ വെളിപ്പെടുത്തലാണ്. എന്നാല്‍ അതൊരു കാരണമായി കണ്ട് മകന്‍ രാമരാവുവിനെതിരെയുള്ള കവിതയുടെ നീക്കം തടയുകയായിരുന്നു ലക്ഷ്യമെന്നു പറയപ്പെടുന്നു.
അതിനിടെ പാര്‍ട്ടി പ്രസിഡന്റും പിതാവുമായ കെ ചന്ദ്രശേഖര്‍റാവുവിന് കവിത എഴുതിയ ആറ് പേജുള്ള കത്ത് പുറത്തുവന്നത് വിവാദമായിരുന്നു. പാര്‍ട്ടിയെയും പാര്‍ട്ടി അധ്യക്ഷനായ പിതാവിനെയും വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു കവിതയുടെ കത്ത്. ബി ജെ പിയോടും സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോടും പാര്‍ട്ടി മൃദുസമീപനം സ്വീകരിക്കുന്നുവെന്നായിരുന്നു കവിതയുടെ പരാതി. ഡല്‍ഹി മദ്യ അഴിമതി കേസില്‍ എ എ പി നേതാവും ഡല്‍ഹി ഉപമുഖ്യ മന്ത്രിയുമായിരുന്ന സിസോദിയയോടൊപ്പം മോദി സര്‍ക്കാര്‍ കവിതയെയും പ്രതി ചേര്‍ത്ത് ജയിലില്‍ അടച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായിരുന്ന ചന്ദ്രശേഖരറാവു കവിതക്ക് അനുകൂലമായോ പ്രതികൂലമായോ ഇടപെട്ടിരുന്നില്ല. കവിതയും പിതാവും വഴിപിരിയുകയാണെന്ന് അന്നേ ചിലര്‍ പ്രവചിച്ചിരുന്നു.
താഴെത്തട്ടിലുള്ളവരുടെ ശബ്ദങ്ങള്‍ കേള്‍ക്കാനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും നേതൃത്വം തയ്യാറാകണമെന്ന് ചന്ദ്രശേഖരറാവുവിന് അയച്ച കത്തില്‍ കവിത ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയില്‍ അയച്ച കത്ത് പുറത്തുവന്നതിന് പിന്നിലും കവിതയാണെന്നാരോപണമുണ്ട്. ഈ കത്തിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത് ലെറ്റര്‍ ബോംബ് എന്നാണ്.
അച്ഛനും മകനും മകളും ബന്ധുക്കളും ചേര്‍ന്നതാണ് ബി ആര്‍ എസ് നേതൃത്വം. വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയ പാര്‍ട്ടികളില്‍ സംഭവിക്കുന്ന സ്വാഭാവിക ദുരന്തം ബി ആര്‍ എസിനെയും പിടികൂടിയിരിക്കുകയാണ്. തമിഴ്നാട്ടിലെ പട്ടാളി മക്കള്‍ കക്ഷി (പി എം കെ)യില്‍ നിന്ന് പിതാവായ രാംദാസും മകന്‍ അന്‍പു മണിയും വേര്‍പിരിഞ്ഞത് ഒരു മാസം മുമ്പാണ്. 35 വയസ്സുള്ള അന്‍പുമണിയെ കേന്ദ്രമന്ത്രിയായി നിയമിച്ചത് തെറ്റായിപ്പോയെന്നാണ് പിതാവ് രാംദാസ് ഇപ്പോള്‍ പരിഭവിക്കുന്നത്. രാംദാസ് മൂത്ത മകള്‍ ഗാന്ധിമതിയുടെ മകന്‍ പരശുരാമന്‍ മുകുന്ദനെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായി നിയമിച്ചതിനെ അന്‍പുമണി ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടിയില്‍ കലഹം തുടങ്ങിയത് അത് മുതലാണ്. നിലവില്‍ പിതാവും മകനും രണ്ട് വഴിക്കാണ്. പിതാവിനും മകനും അണികളുണ്ട്. ഒരാള്‍ വിളിച്ചു കൂട്ടുന്ന യോഗത്തില്‍ മറ്റേയാളുടെ അണികള്‍ പങ്കെടുക്കാറില്ല. കരുണാനിധി ജീവിച്ചിരിക്കെ ഡി എം കെ നേതൃസ്ഥാനത്തേക്ക് രണ്ടാമത്തെ മകന്‍ സ്റ്റാലിനെ നിയമിച്ചത് കൊണ്ട് ആ പാര്‍ട്ടി പിളരാതെ രക്ഷപ്പെട്ടു. കരുണാനിധിയുടെ പിന്‍ഗാമിയാവാന്‍ മൂത്തമകന്‍ അഴഗിരി ആഗ്രഹിച്ചതായിരുന്നു. ഇതറിഞ്ഞ കരുണാനിധി ഉറച്ച തീരുമാനമെടുക്കുകയായിരുന്നു.
കരുണാനിധിയുടെ മകള്‍ കനിമൊഴിയും സ്റ്റാലിന്റെ കൂടെയാണ്. അവര്‍ ലോക്‌സഭാ എം പിയാണ്. മുഖ്യമന്ത്രി സ്റ്റാലിനും പിന്‍ഗാമിയായി സംസ്ഥാന ഉപ മുഖ്യമന്ത്രി കൂടിയായ മകന്‍ ദയാനിധിമാരനെ നിശ്ചയിച്ചു കഴിഞ്ഞു. കെ എം മാണിയുടെയും ആര്‍ ബാലകൃഷ്ണപിള്ളയുടെയും ബേബി ജോണിന്റെയും കാലശേഷം മക്കള്‍ അതത് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത അനുഭവം കേരളത്തിലുണ്ട്.
സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് അഖിലേഷ് യാദവിന്റെ കയറ്റം എളുപ്പമായിരുന്നില്ല. പിതാവ് മുലായം സിംഗ് യാദവ് സ്ഥാപിച്ച പാര്‍ട്ടിയുടെ അധ്യക്ഷനാകാന്‍ മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവ് ആഗ്രഹിച്ചതായിരുന്നു. മുലായം സിംഗിന്റെ പരോക്ഷ പിന്തുണയും സഹോദരനായിരുന്നു. പക്ഷേ ഇളയച്ഛനെ മൂലക്കിരുത്തി അഖിലേഷ് പാര്‍ട്ടിയുടെ അമരത്തെത്തി. മുലായത്തിന്റെ മരണത്തോടെ അഖിലേഷ് പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറി.
ശരദ് പവാറിന്റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെയ്ക എന്‍ സി പി അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടേക്കാം. അനന്തരവന്‍ അജിത് പവാര്‍ ശരദ് പവാറിനെ കൈവിട്ടു പാര്‍ട്ടിയെ പിളര്‍ത്തി അതിന്റ നേതാവായതിനാല്‍ പിന്‍ഗാമിയെ നിശ്ചയിക്കുന്നതില്‍ ശരദ് പവാറിന്റെ മുന്പിലുണ്ടാകുമായിരുന്ന ഭീഷണി ഒഴിവായിരിക്കുകയാണ്.
ജവഹര്‍ലാല്‍ നെഹ്റു മന്ത്രിസഭയില്‍ അംഗമായിരുന്നെങ്കിലും മകള്‍ ഇന്ദിരാഗാന്ധിയെ നെഹ്‌റു തന്റെ പിന്‍ഗാമിയായി കണ്ടിരുന്നില്ല. എന്നാല്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് രണ്ടാമത്തെ മകന്‍ സഞ്ജയ് ഗാന്ധിയെ മുമ്പില്‍ നിര്‍ത്തിയത് വെറുതെയായിരുന്നില്ല. സഞ്ജയ് ഗാന്ധിയുടെ അകാലമരണത്തെ തുടര്‍ന്ന് മൂത്തമകന്‍ രാജീവ് ഗാന്ധിയോട് പൈലറ്റ് ജോലി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ആവശ്യപെട്ടതും ആ ഉദ്ദേശ്യത്തൊടെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ദാരുണമായ അന്ത്യം കോണ്‍ഗ്രസ്സില്‍ നേതൃത്വത്തിന്റെ പേരില്‍ ഉണ്ടാകുമായിരുന്ന തര്‍ക്കം രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കൊണ്ട് തടയാനായി. സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് സഫ്ദര്‍ജംഗ് റോഡിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോരേണ്ടിവന്ന ഇന്ദിരാഗാന്ധിയുടെ മരുമകള്‍ മേനകാ ഗാന്ധി രാഷ്ട്രീയ സഞ്ജയ് മഞ്ച് എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ചു. രാഷ്ട്രീയ സഞ്ജയ് മഞ്ച് ജനതാദളില്‍ ലയിച്ചെങ്കിലും അവര്‍ പിന്നീട് ബി ജെ പിയില്‍ അഭയം കണ്ടെത്തി. മേനകാ ഗാന്ധിയും മകന്‍ വരുണ്‍ ഗാന്ധിയും ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചു എം പിമാരായി. മേനകാ ഗാന്ധി വാജ്പയ് സര്‍ക്കാറിലും നരേന്ദ്രമോദി സര്‍ക്കാറിലും മന്ത്രിയായി.
ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം)യുടെ സ്ഥാപകരില്‍ പ്രമുഖന്‍ കേന്ദ്ര മന്ത്രിയും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്ന ഷിബു സോറനാണ്. മൂത്ത മകന്‍ ദുര്‍ഗ പാര്‍ട്ടിയില്‍ രണ്ടാമനായിരുന്നു. ഒരു വാഹനാപകടത്തില്‍ ദുര്‍ഗ മരണപ്പെട്ടതിനെ തുടര്‍ന്ന് എം എല്‍ എ കൂടിയായ ഭാര്യ സീത നേതൃപദവി ആഗ്രഹിച്ചതായിരുന്നു. പക്ഷേ, നറുക്ക് വീണത് മറ്റൊരു മകനായ ഹേമന്തിനായിരുന്നു. അതോടെ സീത ബി ജെ പിയില്‍ ചേര്‍ന്നു. കഴിഞ്ഞ മാസം ഷിബു സോറന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റായി യി ഹേമന്ത് സോറന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയിലെ ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഓം പ്രകാശ് ചൗത്താലക്ക് ലഭിച്ചത് പിതാവ് ദേവി ലാല്‍ വിരമിച്ചതിനെ തുടര്‍ന്നാണ്. ഓം പ്രകാശ് ചൗത്താല തന്റെ ഇളയ മകന്‍ അഭയയെ അനന്തരാവകാശിയായി പിന്തുണച്ചതോടെ ചൗത്താലയുടെ രണ്ടാമത്തെ മകന്‍ അജയ് ചൗത്താല കലാപക്കൊടി ഉയര്‍ത്തി.
പാര്‍ട്ടിയില്‍ നിന്ന് പുറത്തായ അജയ് ജനനായക് ജനതാ പാര്‍ട്ടി (ജെ ജെ പി) രൂപവത്കരിച്ചു 2019ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച അജയിന്റെ പാര്‍ട്ടി ബി ജെ പി നേതൃത്വത്തിലുള്ള ഹരിയാന സര്‍ക്കാറില്‍ അംഗമായി. ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്റെ മരണം ആ പാര്‍ട്ടിയെയും ദുരിതത്തിലാക്കി. പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനും അമ്മാവന്‍ പശുപതി കുമാര്‍ പരസും നേതൃ സ്ഥാനത്തെ ചൊല്ലി ഇടഞ്ഞു. ഒടുവില്‍ രണ്ട് പേരും രണ്ട് പാര്‍ട്ടി രൂപവത്കരിച്ചു അവയുടെ അധ്യക്ഷന്മാരായി. ബിഹാറിലെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ ജെ ഡി) നേതാവ് ലാലു യാദവിന് ഇഷ്ടം മൂത്തമകന്‍ തേജ് പ്രതാപിനെക്കാള്‍ തേജസ്വി യാദവിനോടാണ്. ബിഹാര്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലാലു പ്രസാദ് യാദവ് രണ്ട് മാസം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ തേജ് പ്രതാപ് സംസ്ഥാനത്തെ ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് വരുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കത്തിലാണ്.