Connect with us

Kerala

പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസ്; പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്

മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്

Published

|

Last Updated

തിരുവനന്തപുരം| പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണ കേസില്‍ പോലീസ് വാദം കള്ളമെന്ന് ക്രൈംബ്രാഞ്ച്. മാല മോഷണം പോയതല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഓമനാ ഡാനിയലിന്റെ വീടിനുള്ളില്‍ നിന്നാണ് മാല കിട്ടിയത്. എന്നാല്‍ മാല വീടിനു പുറത്തുള്ള മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് ലഭിച്ചതെന്നായിരുന്നു പോലീസിന്റെ വാദം. മാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ദലിത് യുവതിയായ ബിന്ദുവിനെ അന്യായമായി കസ്റ്റഡിയിലെടുത്തത്

ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലില്‍ സന്തോഷമെന്ന് പറയാന്‍ പറ്റില്ലെന്നും സ്റ്റേഷനില്‍ അനുഭവിച്ച കാര്യങ്ങള്‍ മറക്കാന്‍ പറ്റില്ലെന്നും ബിന്ദു പ്രതികരിച്ചു. മാല മോഷ്ടിച്ചെന്ന കുറ്റം തന്റെ തലയില്‍ വെച്ചുകെട്ടാന്‍ പോലീസ് ഒരുപാട് ശ്രമിച്ചു. ചെയ്യാത്ത തെറ്റാകുമ്പോള്‍ സത്യം എന്തായാലും പുറത്ത് വരുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നുവെന്നും ഓമന ഡാനിയല്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും ബിന്ദു പറഞ്ഞു.

ചുള്ളിമാനൂര്‍ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടില്‍ നിന്നും സ്വര്‍ണ മാല കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിന്റെ പരാതിയിലാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. പരാതി നല്‍കിയതിന് നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ പോലീസ് കസ്റ്റഡിലെടുത്തു. രാത്രിയില്‍ സ്റ്റേഷനിലിരുത്തി മാനസികമായി പീഡിപ്പിച്ചു. എന്നാല്‍ അടുത്ത ദിവസം നഷ്ടപ്പെട്ടെന്ന് പറഞ്ഞ സ്വര്‍ണം പരാതിക്കാരിയുടെ വീട്ടിന് പിന്നിലെ ചവറുകൂനയില്‍ നിന്നും കിട്ടിയെന്ന് ഓമന ഡാനിയല്‍ തന്നെ പോലീസിനെ അറിയിച്ചു. പിന്നാലെ പോലീസ് ബിന്ദുവിനെ വിട്ടയച്ചു. സംഭവത്തില്‍ എസ്‌ഐയെയും എഎസ്‌ഐയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറെ കോഴിക്കോടേക്ക് സ്ഥലം മാറ്റി.

കാണാതായ മാല എങ്ങനെ ചവറുകൂനയിലെത്തിയെന്നു പോലും അന്വേഷണം നടത്താതെയാണ് പോലീസ് കേസ് അവസാനിപ്പിച്ചത്. പീഡനത്തില്‍ ഉള്‍പ്പെടെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിന്ദു നല്‍കിയ പരാതി ജില്ലക്ക് പുറത്തുള്ള ഡിവൈഎസ്പി അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍ വെളിച്ചത്തെത്തിയത്.

 

Latest