Connect with us

Kerala

കോട്ടയത്ത് കഞ്ചാവ് മിഠായികള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ പിടികൂടി എക്‌സൈസ്; അസം സ്വദേശി അറസ്റ്റില്‍

ആദ്യമായാണ് കോട്ടയം ജില്ലയില്‍ കഞ്ചാവ് മിഠായികള്‍ എക്‌സൈസ് പിടികൂടുന്നത്.

Published

|

Last Updated

കോട്ടയം | കോട്ടയത്ത് 1.1 കിലോ കഞ്ചാവും 32 മില്ലി ഗ്രാം ബ്രൗണ്‍ഷുഗറും 27 കഞ്ചാവ് മിഠായികളും പിടികൂടി കോട്ടയം എക്‌സൈസ് റേഞ്ച് ടീം. അസം സ്വദേശിയായ തൊഴിലാളിയില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്, അനധികൃത മദ്യ-മയക്കുമരുന്ന് ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി കോട്ടയം എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അഖിലിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ ആണ് ആസം സ്വദേശിയായ കാസിം അലി (24) എന്നയാളുടെ പക്കല്‍ നിന്നും ലഹരിവസ്തുക്കള്‍ പിടിച്ചത്. കഞ്ചാവ് അരച്ച് ഉരുളകളാക്കി ആകര്‍ഷണീയമായ പാക്ക് ചെയ്തതായിരുന്നു അഞ്ച് ഗ്രാം വീതം തൂക്കമുള്ള 27 മിഠായികള്‍.

ആദ്യമായാണ് കോട്ടയം ജില്ലയില്‍ കഞ്ചാവ് മിഠായികള്‍ എക്‌സൈസ് പിടികൂടുന്നത്. അസമില്‍ നിന്നും കാസിം അലി ഹെറോയിനും കഞ്ചാവും മറ്റും കോട്ടയത്ത് എത്തിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം റേഞ്ചിലെ എക്‌സൈസ് ഷാഡോ ടീം ദിവസങ്ങളായി ഇയാളെ പിന്തുടര്‍ന്ന് നിരീക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ താമസിക്കുന്ന മുറി കണ്ടെത്തി റെയ്ഡ് നടത്തി.

പലയിടത്തും മാറി മാറി താമസിക്കുന്ന രീതിയാണ് പ്രതി അവലംബിച്ചിരുന്നത്. ഏതെങ്കിലും ഒരു മുറി വാടകയ്‌ക്കെടുത്ത ശേഷം അവിടെ മയക്കു മരുന്നുകള്‍ സൂക്ഷിക്കുകയും മറ്റൊരു മുറിയില്‍ പോയി താമസിക്കുകയുമായിരുന്നു പതിവ്.

Latest