Ongoing News
മിന്നു മണി മിന്നിയിട്ടും ഇന്ത്യ എക്ക് തോല്‍വി
നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്.

മുംബൈ | ക്യാപ്റ്റന്റെ കളി പുറത്തെടുത്ത മിന്നു മണി രണ്ട് വിക്കറ്റുമായി തിളങ്ങിയെങ്കിലും ഇംഗ്ലണ്ട് എ ക്കെതിരായ രണ്ടാം ടി20യില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യ എ. നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ജയിച്ചത്. ഇന്ത്യ മുന്നോട്ടുവെച്ച 150 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നു. ജയത്തോടെ, മൂന്ന് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 1-1ന് സമനില നേടി. ഞായറാഴ്ച നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
സ്‌കോര്‍: ഇന്ത്യ എ: 20 ഓവറില്‍ ഒമ്പതിന് 149. ഇംഗ്ലണ്ട് 18.5 ഓവറില്‍ ആറിന് 151. ഗ്രേസ് സ്‌ക്രിവന്‍സ് (39), ഇസ്സി വോംഗ് (35), മയ ബൗച്ചിയര്‍ (27) എന്നിവരുടെ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. ഓപണര്‍മാരായ സ്‌ക്രിവന്‍സ്, ബൗച്ചിയര്‍ എന്നിവരുടെ വിക്കറ്റാണ് മിന്നു മണിക്ക് ലഭിച്ചത്.
മധ്യനിര ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ ഇന്ത്യ പ്രതീക്ഷ കാത്തെങ്കിലും 15 പന്തില്‍ പുറത്താകാതെ 35 റണ്‍സെടുത്ത ഇസ്സി വോംഗിനെ തളയ്ക്കാനായില്ല. കണിക അഹൂജ (27), ഉമ ഛേത്രി (26), ആരുഷി ഗോയല്‍ (26) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മിന്നു മണി 14 റണ്‍സെടുത്ത് പുറത്തായി.