Connect with us

Editors Pick

'പെഗാസസ്' പോലും മുട്ടുമടക്കും; സ്പൈവെയർ ആക്രമണങ്ങൾ തടയാൻ ഐഫോൺ 17ൽ വൻ സുരക്ഷ അപ്ഗ്രേഡ്

പുതിയ A19, A19 പ്രോ ചിപ്പുകളിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഡെവലപ്‌മെൻ്റ് ടൂളുകളിലും മെമ്മറി ഇന്റഗ്രിറ്റി എൻഫോഴ്സ്മെന്റ് (Memory Integrity Enforcement - MIE) എന്ന പുതിയ സുരക്ഷാ സംവിധാനം ഉൾപ്പെടുത്തിയതായി ആപ്പിൾ അവരുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു.

Published

|

Last Updated

പുതിയ ഐഫോൺ 17 സീരീസും ആദ്യമായി അവതരിപ്പിച്ച ഐഫോൺ എയർ മോഡലും മികച്ച രൂപകൽപ്പന, പുതിയ നിറങ്ങൾ, ക്യാമറ, പ്രകടനം എന്നിവകൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. എന്നാൽ, ഈ മോഡലുകളിലെ സുരക്ഷാ സംവിധാനങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങൾ അത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പെഗാസസ് (Pegasus) പോലുള്ള സ്പൈവെയർ ആക്രമണങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സുരക്ഷാ അപ്‌ഗ്രേഡ് ആപ്പിൾ ഈ ഐഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ A19, A19 പ്രോ ചിപ്പുകളിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഡെവലപ്‌മെൻ്റ് ടൂളുകളിലും മെമ്മറി ഇന്റഗ്രിറ്റി എൻഫോഴ്സ്മെന്റ് (Memory Integrity Enforcement – MIE) എന്ന പുതിയ സുരക്ഷാ സംവിധാനം ഉൾപ്പെടുത്തിയതായി ആപ്പിൾ അവരുടെ ബ്ലോഗ് പോസ്റ്റിൽ പറയുന്നു. ഒരു ഉപകരണത്തിൻ്റെ മെമ്മറിയിൽ നടക്കുന്ന സുരക്ഷാ പിഴവുകൾ കണ്ടെത്താനും പരിഹരിക്കാനും എം ഐ ഇ സഹായിക്കും. ഇത്, ഇസ്റാഈലി സ്ഥാപനമായ എൻ എസ് ഒ ഗ്രൂപ്പിൻ്റെ പെഗാസസ് പോലുള്ള സങ്കീർണ്ണമായ സ്പൈവെയർ ആക്രമണങ്ങളെ പോലും തടുക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഐഫോൺ 17-ൻ്റെയും ഐഫോൺ എയറിന്റെയും എല്ലാ മോഡലുകളിലും ആപ്പിൾ ഹാർഡ്‌വെയറിലും സോഫ്റ്റ്‌വെയറിലും എം ഐ ഇ ഉൾപ്പെടുത്തുമെന്ന് ആപ്പിൾ വ്യക്തമാക്കി.

സർക്കാർ സ്പൈവെയറുകൾ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് ആപ്പിൾ ഉപയോക്താക്കൾക്ക് കാലാകാലങ്ങളിൽ മുന്നറിയിപ്പ് നൽകാറുണ്ട്. ഈ വർഷം ജൂലൈയിൽ, ഇറാനിലെ ഡസൻ കണക്കിന് ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിൾ സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

രണ്ട് വർഷം മുൻപ്, കോൺഗ്രസ് എംപി ശശി തരൂർ, തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര തുടങ്ങി നിരവധി പ്രമുഖ പ്രതിപക്ഷ നേതാക്കൾക്ക് തങ്ങളുടെ ഐഫോണുകൾക്ക് സർക്കാർ സ്പോൺസർ ചെയ്യുന്ന ആക്രമണകാരികളിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആപ്പിളിൽ നിന്ന് അറിയിപ്പ് ലഭിച്ചത് ഇന്ത്യയിൽ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

Latest