Connect with us

asadi ka amruth

വീര്യമേറ്റിയ മാപ്പിളയെഴുത്തുകൾ

പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന കാവ്യമാണ് തഹ്്രീള്. പോർച്ചുഗീസുകാരുടെ ക്രൂരതകൾക്കെതിരെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുൽ മുജാഹിദീനും ഖാസി മുഹമ്മദിന്റെ ഖുതുബതുൽ ജിഹാദും പ്രകാശിതമായത് ഏതാണ്ട് ഇതേ കാലത്തു തന്നെയാണ്. മുസ്്ലിം, നായർ പടയാളികൾക്ക് സാമ്രാജ്യത്വ ശക്തികളോട് പോരിനിറങ്ങാൻ പ്രചോദനം നൽകിയത് ഈ രചനകളിലെ ആശയങ്ങളായിരുന്നു.

Published

|

Last Updated

പിറന്ന നാടിനെ അധിനിവേശ ശക്തികളുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി സന്ധിയില്ലാ സമരം നയിച്ചവരാണ് മാപ്പിളമാർ. പറങ്കികളുടെ ആഗമനം മുതൽ അവസാന വെള്ളക്കാരനും ഈ നാട് വിടുന്നതു വരെ ആ പോരാട്ടം തുടർന്നു. സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇത്രയധികം ത്യാഗങ്ങൾ സഹിച്ച മറ്റൊരു ജനവിഭാഗം അപൂർവമായിരിക്കും. കായികsബലത്താൽ മാത്രമല്ല സർഗാത്മക ശേഷി കൊണ്ടും സാമ്രാജ്യത്വ ശക്തികളുടെ ഉറക്കം കെടുത്തിയ വിപ്ലവവീര്യത്തിന്റെ ഉടമകളായിരുന്നു അവർ. ഹിച്ച്‌കോക്ക്, ടോട്ടൻഹാം തുടങ്ങിയ ബ്രിട്ടീഷ് ചരിത്രകാരന്മാർ മാപ്പിളപ്പോരാളികളെ അതീവ അപകടകാരികളായി വിശേഷിപ്പിച്ചതും മറ്റൊന്നുകൊണ്ടല്ല.

കേരള മുസ്്ലിംകളുടെ അധിനിവേശ വിരുദ്ധ സാഹിത്യങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഈടുറ്റ താളുകളാണവ. ഫത്്വകൾ, മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, കവിതകൾ തുടങ്ങി വിവിധ രൂപങ്ങളിൽ അറബിയിലും അറബി മലയാളത്തിലുമായി അത്തരം ധാരാളം ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ രചിച്ച തഹ്്രീളു അഹ്്ലിൽ ഈമാൻ അലാ ജിഹാദി അബ്്ദതി സ്വുൽബാൻ ആയിരുന്നു അവയിൽ ആദ്യത്തേത്.

പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത വിവരിക്കുന്ന കാവ്യമാണ് തഹ്്രീള്. കേരളക്കരയിൽ നിന്ന് വിരചിതമായ സാമ്രാജ്യത്വ വിരുദ്ധ കാവ്യങ്ങളിൽ ഒന്നാമത്തേത് കൂടിയായിരുന്നു അത്. പോർച്ചുഗീസുകാരുടെ ക്രൂരതകൾക്കെതിരെ ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുൽ മുജാഹിദീനും ഖാസി മുഹമ്മദിന്റെ ഖുതുബതുൽ ജിഹാദും പ്രകാശിതമായത് ഏതാണ്ട് ഇതേ കാലത്തു തന്നെയാണ്. എം ജി എസ് നാരായണന്റെ അഭിപ്രായ പ്രകാരം ഇന്ത്യയിലെ യൂറോപ്യൻ അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ആദ്യ പ്രകടന പത്രികയാണ് തുഹ്ഫതുൽ മുജാഹിദീൻ. മുസ്്ലിം, നായർ പടയാളികൾക്ക് സാമ്രാജ്യത്വ ശക്തികളോട് പോരിനിറങ്ങാൻ പ്രചോദനം നൽകിയത് ഈ രചനകളിലെ ആശയങ്ങളായിരുന്നു. തഹ്്രീളിന്റെയും തുഹ്ഫയുടെയും വരികൾ പകർന്ന ആവേശത്തിലായിരുന്നു 1570ൽ ചാലിയം കോട്ട പറങ്കികളിൽ നിന്ന് തിരിച്ചു പിടിക്കാൻ സാമൂതിരിയുടെ സൈന്യത്തിന് സാധിച്ചത്. ഈ നിർണായക വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് ഖാസി മുഹമ്മദ് രചിച്ച കാവ്യമാണ് ഫത്ഹുൽ മുബീൻ. “മുസ്്ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്കാണ്’ ഖാസി മുഹമ്മദ് ഫത്ഹുൽ മുബീൻ സമർപ്പിച്ചിട്ടുള്ളത്. ഹിന്ദുവും മുസ്്ലിമും തോളോട് ചേർന്നാണ് നമ്മുടെ നാടിനെ പാരതന്ത്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് എന്നതിലേക്ക് വെളിച്ചം വീശുന്നതാണ് പ്രസ്തുത ഗ്രന്ഥത്തിന്റെ രചനാ പശ്ചാത്തലം. ഫത്്്വകൾക്ക് പുറമെ മാലപ്പാട്ടുകളും പോർച്ചുഗീസ് വിരുദ്ധ വികാരം വളർത്തുന്നതിനിടയാക്കിയിട്ടുണ്ട്. കോട്ടുപ്പള്ളി മാല, രാമന്തളി മാല തുടങ്ങിയവ ഈ ഗണത്തിൽ വരുന്ന രചനകളാണ്. പറങ്കി കടൽ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെ ധീര രക്തസാക്ഷിത്വം വരിച്ച മനാത്ത് പറമ്പിൽ കുഞ്ഞിമാരക്കാരുടെ അപദാനങ്ങളാണ് കോട്ടുപ്പള്ളി മാലയുടെ പ്രമേയം. പോക്കർ മൂപ്പന്റെ നേതൃത്വത്തിൽ പതിനെട്ട് ദേശാഭിമാനികൾ കണ്ണൂർ ജില്ലയിലെ ഏഴിമലക്കടുത്ത് രാമന്തളിയിൽ പോർച്ചുഗീസുകാർ നിർമിച്ച കോട്ട നശിപ്പിക്കാൻ വേണ്ടി യുദ്ധം ചെയ്ത സംഭവത്തിന്റെ കാവ്യാവിഷ്‌കാരമാണ് രാമന്തളി മാല.

പോർച്ചുഗീസുകാർക്ക് ശേഷം ഇന്ത്യയിലെത്തിയ ഡച്ചുകാർ പ്രധാനമായും വ്യപാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാരണത്താൽ പോർച്ചുഗീസുകാരോടുള്ള നയ നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ഡച്ചുകാരോട് മുസ്്ലിംകൾ സ്വീകരിച്ചത്. ഇന്ന് ചിലർ ചിത്രീകരിക്കുന്നത് പോലെ ഒരിക്കലും വർഗീയമായിരുന്നില്ല മാപ്പിളമാരുടെ സ്വാതന്ത്ര്യ സമരത്തിലെ സാന്നിധ്യം. സ്വസ്ഥമായി ജീവിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന രൂപത്തിലായിരുന്നില്ല ഈ സമരങ്ങൾ. രാജ്യത്തിന്റെ ക്രിയാത്മകമായ മുന്നോട്ടുപോക്കിന് കളങ്കം ഉണ്ടാക്കുന്നവരെ മാറ്റിനിർത്തേണ്ടത് രാജ്യസ്‌നേഹികളുടെ കടമയാണ് എന്ന തരത്തിലായിരുന്നു മാപ്പിളമാർ സമരത്തിനിറങ്ങിയത്. മമ്പുറം തങ്ങളുടെ സൈഫുൽ ബത്താർ അലാ മൻ യുവാലിൽ കുഫാറും സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ ഉദ്ദത്തുൽ ഉമറാഅ് എന്ന ഫത്്വയുമാണ് ബ്രിട്ടീഷ് ഭരണകാലത്ത് രചിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് രചനകൾ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ക്രൂരതകൾക്കെതിരെ രംഗത്തിറങ്ങാനുള്ള ആഹ്വാനമാണ് സൈഫുൽ ബത്താറിലും ഉദ്ദത്തുൽ ഉമറയിലുമുള്ളത്. പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിൽ അരങ്ങേറിയ മലബാർ സമരം വരെയുള്ള പോരാട്ടങ്ങളിൽ ഇവ രണ്ടും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചേറൂർ, മഞ്ചേരി, മണ്ണാർക്കാട് പടപ്പാട്ടുകളും ഏതാണ്ട് ഇതേ കാലയളവിലാണ് മുദ്രണം ചെയ്യപ്പെട്ടത്.
1921 ൽ മലബാർ സമരത്തിന്റ ഭാഗമായി തയാറാക്കപ്പെട്ട ഫത്്വയാണ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്്ലിയാരുടെ മുഹിമ്മാത്തുൽ മുഅ്മിനീൻ. സമരത്തിന് ആവേശം നൽകുന്നതിൽ പ്രസ്തുത കൃതിയുടെ സ്വാധീനം ചെറുതല്ല. നാൽപ്പത് പേജുകളുള്ള മുഹിമ്മാത്ത് ഖുർആൻ സൂക്തങ്ങൾ, പ്രവാചക വചനങ്ങൾ, പണ്ഡിതരുടെ ഉദ്ധരണികൾ എന്നിവ ക്രോഡീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന തർജമയാണ്. പ്രമുഖ പണ്ഡിതരായിരുന്ന ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്്ലിയാർ, പാനായിക്കുളത്ത് അബ്ദുർറഹിമാൻ മുസ്്ലിയാർ, കൂട്ടായി ബാവ മുസ്്ലിയാർ തുടങ്ങിയവർ ഗ്രന്ഥത്തിന് അവതാരിക നൽകിയിട്ടുണ്ട്. ബ്രിട്ടീഷുകാർ നിരോധിക്കുകയും അതിന്റെ കോപ്പികൾ കണ്ടു കെട്ടുകയും പിന്തുണച്ചവർക്കെതിരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു എന്നത് സ്വാതന്ത്ര്യ സമരത്തിൽ കൃതിയുടെ പ്രാധാന്യം അടയാളപ്പെടുത്തുന്നുണ്ട്.
മലബാർ സമരവുമായി ബന്ധപ്പെട്ട് അറബി മലയാളത്തിൽ മാത്രമല്ല അറബിയിലും നിരവധി ഫത്്വകളും കവിതകളും എഴുതപ്പെട്ടിട്ടുണ്ട്. താനൂർ അബ്ദുർറഹ്മാൻ ശൈഖിന്റെ പൗത്രൻ അഹ്മദ് കുട്ടി എന്ന ആറ്റ മുസ്്ലിയാർ രചിച്ച അറബി കാവ്യം ശ്രദ്ധേയമാണ്. മലബാർ സമര ചരിത്രപഠനത്തിൽ കൂടുതൽ വിശകലന വിധേയമാകാത്ത രചനയാണിത്. 46 വരികളാണ് ആറ്റ മുസ്്ലിയാരുടെ കവിതയിലുള്ളത്. ബ്രിട്ടീഷുകാരുടെ ക്രൂരതകൾ, 1921ലെ മലബാർ സമരത്തിലേക്ക് നയിച്ച കാരണങ്ങൾ, രാജകക്ഷി പണ്ഡിതന്മാർക്കെതിരെയുള്ള വിമർശനം തുടങ്ങിയ കാര്യങ്ങളാണ് കവിതയിലെ പ്രതിപാദ്യവിഷയങ്ങൾ. വായനക്കാരന് അനായാസം ആലപിക്കാനും മനഃപാഠമാക്കാനും സാധിക്കുന്ന ശൈലിയിലാണ് മുസ്്ലിയാർ ഇതിലെ വരികൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്.

മഹാത്മാഗാന്ധി, അലി സഹോദരന്മാർ തുടങ്ങിയവർ ദേശീയതലത്തിലും യാക്കൂബ് ഹസൻ, മൊയ്തീൻകോയ, ഗോപാലൻനായർ, മാധവൻ നായർ തുടങ്ങിയവർ പ്രാദേശികമായും നടത്തിയ സമര പ്രഖ്യാപനങ്ങളെയും നീക്കങ്ങളെയും കവി പ്രശംസിക്കുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിക്കും രാജ്യ പുരോഗതിക്കും വേണ്ടി എപ്രകാരമാണ് നമ്മുടെ പൂർവികർ സഹകരിച്ചതെന്ന വിളംബരം കൂടിയാണ് ആറ്റ മുസ്്ലിയാരുടെ കവിത. പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങളുടെ ഫത്്വ, കോക്കൂർ കുഞ്ഞഹമ്മദ് മുസ്്ലിയാരുടെ മൽജഉൽ മുതവസ്സിലീൻ, കടായിക്കൽ മൊയ്തീൻ കുട്ടി ഹാജിയുടെ പാട്ടുകൾ തുടങ്ങിയ സർഗാത്മക ആവിഷ്‌കാരങ്ങളും സ്വാതന്ത്ര്യ സമര പോരാട്ടത്തിന് അതുല്യ സംഭാവനകളർപ്പിച്ചവയാണ്.

രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ കൊളോണിയൽ ശക്തികളുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നതിൽ മാപ്പിള സാഹിത്യങ്ങൾ ചെലുത്തിയ സ്വാധീനം കൂടുതൽ പഠിക്കപ്പെടേണ്ടതുണ്ട്. ലഭ്യമായവയെ ഗവേഷണ വിധേയമാക്കാനും ഇനിയും ലഭ്യമാവാത്തവയെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ അനിവാര്യമാണ്. എന്നാൽ മാത്രമേ ചരിത്രം വക്രീകരിച്ച് ജനമനസ്സുകളിൽ വെറുപ്പിന്റെ വിത്തു വിതക്കാൻ പരിശ്രമിക്കുന്നവർ എയ്തുവിടുന്ന കള്ള പ്രചാരണങ്ങളെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

Latest