Connect with us

electric vehicles

നിരത്തുകൾ കൈയടക്കി ഇലക്ട്രിക് വാഹനങ്ങൾ

രാജ്യത്ത് വൈദ്യുതി കാർ രജിസ്‌ട്രേഷനിൽ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളത്

Published

|

Last Updated

മലപ്പുറം | ഇന്ധന വില അനുദിനം വർധിക്കുന്നതിനനുസരിച്ച് ഇലക്‌ട്രിക് വാഹന ഉപഭോക്താക്കളുടെ എണ്ണവും കൂടുന്നു. ഇന്ധന വില താങ്ങാവുന്നതിലുമപ്പുറം കുതിച്ചുയരുമ്പോഴാണ് സാധരണക്കാർ കീശ ചോർച്ച തടയാൻ ഇലക്ട്രിക് വാനങ്ങളിലേക്ക് ഗിയർ മാറ്റുന്നത്. രാജ്യത്ത് വൈദ്യുതി കാർ രജിസ്‌ട്രേഷനിൽ കേരളത്തിന് രണ്ടാം സ്ഥാനമാണുള്ളത്. ഈ വർഷം ഇതുവരെ 1,461 കാറുകളാണ് രജിസ്റ്റർ ചെയ്തത്. 2,377 കാറുകളുമായി മഹാരാഷ്ട്രയാണ് വൈദ്യുതി കാർ ഉപഭോക്താക്കളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത്.

കഴിഞ്ഞ മാസമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഇലക്‌ട്രിക് കാറുകൾ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ മാസം മുതൽ ഇതുവരെ 230 കാറുകൾ കേരളത്തിലെ വിവിധ ആർ ടി ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യുതി മുച്ചക്ര, ഇരുചക്ര, ഇതര വാഹനങ്ങളുടെ രജിസ്‌ട്രേഷനും വർധിച്ചിട്ടുണ്ട്. നവംബറിൽ മാത്രം 1,162 ഇലക്‌ട്രിക് വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 206 കാറുകളും 131 മുചക്ര വാഹനങ്ങളും 943 ഇരുചക്ര വാഹനങ്ങളും ഉൾപ്പെടും. രണ്ട് വർഷത്തിനിടെ കേരളത്തിൽ ഇലക്‌ട്രിക് വാഹന രജിസ്‌ട്രേഷനിൽ വലിയ വർധനവാണുണ്ടായത്. 2020ൽ 1,325 വാഹനങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 2021ൽ 7,450 ആയി വർധിച്ചു. ഇന്ധനവില നൂറിലേക്ക് കടന്ന മാസങ്ങളിൽ വാഹന വിൽപ്പന കുത്തനെ കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരു ചക്ര വാഹനങ്ങളാണ് കൂടുതലും നിരത്തുകളിൽ നിറയുന്നത്. നിലവിലെ പെട്രോൾ വില തട്ടിച്ച് നോക്കുമ്പോൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇരുച്ചക്ര വാഹനങ്ങളുടെ മുടക്ക് മുതൽ തിരിച്ചു പിടിക്കാനാകുമെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.

സാധാരണക്കാരന്റെ ജീവിത ആശ്രയമായ മുച്ചക്ര വാഹനങ്ങളും നിരത്തുകളിൽ വർധിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് (സി ഇ എസ് എൽ) കേരള സർക്കാറുമായി ധാരണയിൽ ഏർപ്പെട്ടിട്ടുണ്ട്.
നികുതി ഇളവ്, സബ്‌സിഡി എന്നിവയെല്ലാം നൽകി ഇലക്ട്രിക് വാഹനങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുമ്പോൾ അത് സാധാരണക്കാരന് വലിയ ആശ്വാസമാണ് നൽകുന്നത്. സർക്കാറിന്റെ വിവിധ വകുപ്പുകൾ വാഹനം വാങ്ങുമ്പോൾ അത് ഇലക്‌ട്രിക് വാഹനങ്ങളാകണമെന്ന് നിർദേശമുണ്ട്. മോട്ടോർ വാഹന വകുപ്പാണ് കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കിയിട്ടുള്ളത്.

ഇലക്‌ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ കൂടിവരുന്നതായാണ് കാണുന്നതെന്ന് മലപ്പുറം ആർ ടി ഒ. വി എ സഹദേവൻ പറഞ്ഞു. വാഹന രജിസ്‌ട്രേഷനിൽ ഇന്ധന വാഹനങ്ങളാണ് നിലവിൽ കൂടുതലെങ്കിലും മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇലക്‌ട്രിക് വാഹന രജിസ്‌ട്രേഷൻ കൂടിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് മലപ്പുറം ജോ. ആർ ടി ഒ. കെ സി ആന്റണി പറഞ്ഞു. അതേസമയം, വൈദ്യുതി ചാർജിംഗിന് എടുക്കുന്ന സമയം ദീർഘദൂര യാത്രകളെ ഇലക്‌ട്രിക് വാഹനങ്ങൾ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഉപഭോക്താക്കൾ അഭിപ്രായപ്പെടുന്നു.

റിപ്പോർട്ടർ, മലപ്പുറം ബ്യൂറോ

Latest