Connect with us

indian economy

സമ്പദ് രംഗവും ജനാധിപത്യ സംവാദങ്ങളും

ഭരണകൂട അബദ്ധങ്ങള്‍ തുറന്ന് കാട്ടുന്നവരെ നിര്‍ദയം നേരിട്ടു മുന്നേറുന്ന മോദി സര്‍ക്കാറിനെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ ആഗോള പ്രശസ്തനായ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ മുന്നോട്ടു വന്നത് അന്താരാഷ്ട്ര തലത്തില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ധനക്കമ്മിയും വിലക്കയറ്റവും നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും ദുസ്സഹമാക്കിയ ഇന്ത്യന്‍ സമ്പദ് രംഗത്തെ വെള്ളപൂശാനുള്ള മുഴുവന്‍ പി ആര്‍ നീക്കങ്ങളെയും ഒറ്റയടിക്ക് റദ്ദ് ചെയ്യാന്‍ ശേഷിയുള്ള പ്രസ്താവനയാണിത്.

Published

|

Last Updated

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും സ്ഥിരതയും രൂപപ്പെടുന്നത് ജനാധിപത്യം മുന്നോട്ടു വെക്കുന്ന സംവാദങ്ങളിലൂടെയാണെന്നും ഏകാധിപത്യ പ്രവണതകളും ദുരഭിമാനവും തകര്‍ച്ചക്ക് വഴിവെക്കുമെന്നും ഇന്റര്‍നാഷനല്‍ സെറ്റില്‍മെന്റ് ബേങ്ക് വൈസ് ചെയര്‍മാന്‍ രഘുറാം രാജന്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി. ഭരണകൂട അബദ്ധങ്ങള്‍ തുറന്ന് കാട്ടുന്നവരെ നിര്‍ദയം നേരിട്ടു മുന്നേറുന്ന മോദി സര്‍ക്കാറിനെ രാഷ്ട്രീയമായി വിമര്‍ശിക്കാന്‍ ആഗോള പ്രശസ്തനായ സാമ്പത്തിക വിദഗ്ധന്‍ മുന്നോട്ടു വന്നത് അന്താരാഷ്ട്ര തലത്തില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ധനക്കമ്മിയും വിലക്കയറ്റവും നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും ദുസ്സഹമാക്കിയ ഇന്ത്യന്‍ സമ്പദ് രംഗത്തെ വെള്ളപൂശാനുള്ള മുഴുവന്‍ പി ആര്‍ നീക്കങ്ങളെയും ഒറ്റയടിക്ക് റദ്ദ് ചെയ്യാന്‍ ശേഷിയുള്ള പ്രസ്താവനയാണിത്. അന്താരാഷ്ട്ര നാണ്യ നിധി ചീഫ്, റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ പദവികള്‍ വഹിച്ചിട്ടുള്ള ഈ ഭോപ്പാലുകാരന്‍ ഇടവേളക്ക് ശേഷം വീണ്ടും പ്രഹര ശേഷി ബോധ്യപ്പെടുത്തിയിരിക്കുകയാണ്.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ അറിയപ്പെട്ടിരുന്നു. 2014ല്‍ എട്ട് ശതമാനം വളര്‍ച്ചാ നിരക്കുണ്ടായിരുന്ന ഒരു രാജ്യം എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 21 ശതമാനം ധനക്കമ്മിയും തുടര്‍ച്ചയായ ഏഴ് ശതമാനം നാണ്യപ്പെരുപ്പവും എട്ട് ശതമാനം തൊഴിലില്ലായ്മ വളര്‍ച്ചാ നിരക്കുമായി കിതക്കുകയാണ്. ഇതിനു കാരണം നോട്ടുനിരോധനവും മുന്നൊരുക്കമില്ലാത്ത ജി എസ് ടിയുമാണ്, കൊവിഡ് മാത്രമല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന വലിയൊരു നിരയുടെ അഭിപ്രായമാണ് രഘുറാം രാജന്‍ പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ മെയ് മാസത്തിലെ തൊഴില്‍ നഷ്ടങ്ങളുടെ എണ്ണം 39 കോടി ആയിരുന്നെങ്കില്‍ ജൂണില്‍ അത് 40.3 കോടിയായി ഉയര്‍ന്നു. ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറയുന്നുണ്ട്. എന്നാല്‍ ഉയര്‍ന്ന ധനക്കമ്മിയും സ്ഥായിയായ പണപ്പെരുപ്പവും മൂലം ജി ഡി പി വര്‍ധിച്ചാല്‍ പോലും ഗുണഫലം ദൃശ്യമാകാനിടയില്ല.

സംവാദങ്ങളുടെ അഭാവവും മുന്‍ഗാമികള്‍ തെറ്റാണെന്ന് വരുത്താനുള്ള വ്യഗ്രതയും പുതിയ ഇന്ത്യ പിറക്കുന്നത് 2014ന് ശേഷമാണ് എന്ന് സ്ഥാപിക്കാനുള്ള നീക്കങ്ങളും വലിയ ദുരിതങ്ങള്‍ പേറാന്‍ സാധാരണക്കാരനെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. കൂടിയാലോചനകള്‍ ഇല്ലാതെ 2016ല്‍ പ്രഖ്യാപിച്ച നോട്ടുനിരോധനം ഏറ്റവും വലിയ തെളിവാണ്. രാജ്യത്തെ കറന്‍സി വിനിമയത്തിന്റെ 86 ശതമാനമാണ് അതോടെ ഏകപക്ഷീയമായി റദ്ദായത്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ദി ഇന്ത്യന്‍ ഇക്കണോമി (സി എം ഐ ഇ) കണക്കുകള്‍ പ്രകാരം 7.5 കോടി ജനങ്ങളാണ് അതോടെ പുതുതായി ദാരിദ്ര്യ രേഖക്ക് കീഴിലായത്. ഇന്ത്യയില്‍ 10 കോടി മധ്യവര്‍ഗമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവരുടെ മൂന്നിലൊരു വിഭാഗത്തിന്റെ പത്ത് വര്‍ഷത്തെ മുഴുവന്‍ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടതായി പഠനം പറയുന്നുണ്ട്. ജി എസ് ടിക്ക് മുന്‍ മാതൃക പാടില്ലെന്ന ദുര്‍വാശി രാജ്യത്തെ സൂക്ഷ്മ – ചെറുകിട വ്യവസായ രംഗത്തെ തകര്‍ക്കുന്ന പരിഷ്‌കാരമായി മാറി. കുത്തകവത്കരണവും വില വര്‍ധനയും രൂക്ഷമായി. കുടില്‍ വ്യവസായങ്ങളും വാണിജ്യവും നശിച്ചു. രാജ്യത്തിന്റെ സമ്പദ്ഘടനക്ക് ആനുപാതികമായി പ്രതിവര്‍ഷം രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. എന്നാല്‍ ശരാശരി 45 ലക്ഷമാണ് മോദി ഭരണത്തില്‍ പുതുതായി രൂപപ്പെട്ടത്. ഈ രണ്ട് നയവൈകല്യങ്ങള്‍ രാജ്യത്തിന്റെ തൊഴില്‍ രംഗം ശോചനീയമാക്കി.

ഇന്ത്യയെ ഉത്പാദന മേഖലയിലെ ലോക തലസ്ഥാനമാക്കാന്‍ ഉദ്ദേശിച്ചാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രഖ്യാപിച്ചത്. കയറ്റുമതി കേന്ദ്രമായി രാജ്യം മാറുമെന്നും കണക്കുകൂട്ടി. ഇതു വഴി ഉത്പാദന മേഖല മൊത്തം ജി ഡി പിയുടെ 25 ശതമാനം സംഭാവന ചെയ്യുമെന്ന് കണക്കാക്കിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി 15 ശതമാനത്തില്‍ നിന്ന് അനങ്ങിയിട്ടില്ല. ഉത്പാദന മേഖലയിലെ തൊഴിലുകള്‍ പകുതിയായി കുറഞ്ഞത് മാത്രമാണ് മിച്ചം. സെന്റര്‍ ഫോര്‍ ഇക്കണോമിക് ഡാറ്റ ആന്‍ഡ് അനലൈസ് കണക്കു പ്രകാരം ഇന്ത്യയുടെ കയറ്റുമതി വിഹിതം 300 ബില്യണ്‍ ഡോളറില്‍ നിശ്ചലമായി തുടരുകയാണ്. ബംഗ്ലാദേശിനെ പോലുള്ളവര്‍ ഇന്ത്യയുടെ വിപണി വിഹിതം കൈയേറുന്നുണ്ട്. ടെക്‌സ്‌റ്റൈല്‍ കയറ്റുമതിയില്‍ അത് ദൃശ്യമാണ്.

ജനാധിപത്യത്തിന്റെ ശക്തിയും സംവാദത്തിന്റെ ഗുണ മേന്‍മയും സമ്പദ് രംഗത്ത് പ്രതിഫലിച്ചതിന്റെ വിജയ മാതൃകകള്‍ രാജ്യ ചരിത്രത്തിലെ രജത രേഖകളാണ്. 1991 ജൂലൈ 24ന് ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം കേവലം ആറ് ബില്യണ്‍ ഡോളറായിരുന്നു. അന്നത് രണ്ടാഴ്ചത്തെ ഇറക്കുമതി ബാധ്യത തീര്‍ക്കാന്‍ കഷ്ടി തികയുന്ന തുക മാത്രമാണ്. ഇന്ന് ഏറ്റവും മോശം സ്ഥിതിയിലും 300 ബില്യണ്‍ ഡോളര്‍ കരുതല്‍ നിക്ഷേപം ഇന്ത്യക്കുണ്ടെന്ന് കൂട്ടിവായിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് – സ്വിസ് ബേങ്കുകളിലായി ടണ്‍ കണക്കിന് സ്വര്‍ണവും ആ ഘട്ടത്തില്‍ പണയത്തിലായിരുന്നു. അക്കാലത്തെ പ്രമുഖ ധനകാര്യ വിദഗ്ധരായിരുന്ന രാജേഷ് ചെല്ലയ്യയുടെയും എം നരസിംഹത്തിന്റെയും നേതൃത്വത്തില്‍ രണ്ട് കമ്മിറ്റികളുണ്ടാക്കി വിപുലമായ കൂടിക്കാഴ്ചകളും വിശദ പഠനങ്ങളും സര്‍ക്കാര്‍ നടത്തുകയുണ്ടായി. അതിന്റെ വെളിച്ചത്തിലാണ് രാജ്യത്തിന്റെ ഭാവി തിരുത്തിക്കുറിച്ച സാമ്പത്തിക കുതിച്ചുചാട്ടം സാധ്യമായത്. രൂപയുടെ മൂല്യം രണ്ട് ഘട്ടങ്ങളിലായി കുറക്കുകയും പുതിയ സമ്പദ് നയം പ്രഖ്യാപിക്കുകയും ചെയ്തു. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച്, വിദേശ നിക്ഷേപ വ്യവസ്ഥകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. കള്ളപ്പണം വെളിപ്പെടുത്താനും പിഴയടച്ച് നിയമപരമാക്കാനുമുള്ള അവസരം പ്രഖ്യാപിച്ചു കൊണ്ട് സഭയില്‍ മന്‍മോഹന്‍ സിംഗ് ഉദ്ധരിച്ചത് വിക്ടര്‍ ഹ്യൂഗോയെയായിരുന്നു. “പുതിയ ആശയം പിറവി കൊള്ളുമ്പോള്‍ ലോകത്തെ ഒരു ശക്തിക്കും വഴി മുടക്കാന്‍ സാധിക്കില്ല’.

2008ലെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ ശരാശരി നിരക്ക് നാല് ശതമാനമായിരുന്നു. വികസിത രാഷ്ട്രങ്ങള്‍ ആടിയുലഞ്ഞ ഘട്ടത്തില്‍ ഇന്ത്യ മുന്‍ വര്‍ഷങ്ങളിലെ ഒമ്പത് ശതമാനം വളര്‍ച്ചയില്‍ നിന്ന് 2008ല്‍ 6.7 ശതമാനത്തിലേക്ക് താഴ്‌ന്നെങ്കിലും 2009ല്‍ 8.75 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി ലോകത്തിനു മുന്നില്‍ അത്ഭുതമായി മാറി. ലോകം സാമ്പത്തികമായി പാപ്പരായപ്പോള്‍ ഞങ്ങളുടെ ആശ്രയം മന്‍മോഹനായിരുന്നുവെന്ന് ബരാക് ഒബാമ പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ഇന്ത്യ വിശ്വഗുരുവായ ഘട്ടം അതായിരുന്നുവെന്ന് നിസ്സംശയം പറയാം. ജനാധിപത്യത്തിന്റെ മുഴുവന്‍ സാധ്യതകളും അന്നും സര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എഫ് എസ് ഡി സി) അതേ തുടര്‍ന്നാണ് രൂപമെടുത്തത്. കൂടിയാലോചനകള്‍ക്ക് ഭരണ- പ്രതിപക്ഷമെന്ന ഭേദഭാവം അക്കാലത്തുണ്ടായിരുന്നില്ല.

പ്രതിപക്ഷമില്ലാത്ത, സ്വന്തം പക്ഷത്ത് പോലും കൂടിയാലോചനകള്‍ ഇല്ലാത്ത, ചോദ്യങ്ങള്‍ ഇഷ്ടപ്പെടാത്ത, ഉപാധികളില്ലാത്ത വിധേയത്വം ആഗ്രഹിക്കുന്ന ഒരു വ്യവസ്ഥിതി വലിയ ദുരിതങ്ങള്‍ മാത്രമാണ് ചരിത്രത്തില്‍ അവശേഷിപ്പിച്ചിട്ടുള്ളത്. തിക്ത ഫലങ്ങള്‍ ഏറ്റുവാങ്ങുന്ന ഇന്ത്യന്‍ വോട്ടര്‍മാര്‍ ധ്രുവീകരണത്തിന്റെ ഹിസ്റ്റീരിയ വിട്ടുണരുന്ന ഒരു ദിനം അധികം വൈകാതെ സംഭവിക്കുക തന്നെ ചെയ്യും. രഘുറാം രാജനെപ്പോലുള്ളവരുടെ തട്ടിയുണര്‍ത്തലുകള്‍ അതിന്റെ വേഗം കൂട്ടുമെന്ന് പ്രത്യാശിക്കാം.

Latest