Connect with us

Kerala

പോത്തുണ്ടി സജിത കൊലക്കേസ്; പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍

ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു.

Published

|

Last Updated

പാലക്കാട്|പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാള്‍. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ മറ്റന്നാള്‍ വിധി പറയും. കേസില്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. അതേസമയം ശിക്ഷയില്‍ ഇളവ് വേണമെന്ന് പ്രതിഭാഗം വാദിച്ചു. സമൂഹത്തെ ബാധിക്കുന്ന കേസോ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസോ അല്ലെന്നും പ്രതിഭാഗം വാദിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. പോലീസ് കണ്ടെത്തിയ കുറ്റങ്ങളെല്ലാം പ്രതി ചെയ്തുവെന്ന് കോടതി പറഞ്ഞു. 2019 ഓഗസ്റ്റ് 31നാണ് അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് കോളനിയിലെ സജിതയുടെ വീട്ടില്‍ കയറി ചെന്താമര വെട്ടിക്കൊന്നത്. ചെന്താമരയുടെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണക്കാരി സജിതയാണ് എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അന്‍പത് സാക്ഷികളുടെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്.

സജിത വീട്ടില്‍ ഒറ്റയ്ക്കുള്ള സമയം നോക്കിയായിരുന്നു ചെന്താമര കൊലപാതകം നടത്തിയത്. കൊല നടന്ന ദിവസം സജിതയുടെ മക്കള്‍ സ്‌കൂളിലും ലോറി ഡ്രൈവറായ ഭര്‍ത്താവ് സുധാകരന്‍ തമിഴ്‌നാട്ടിലുമായിരുന്നു. സജിത അടുക്കളയില്‍ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് ചെന്താമര കൊടുവാളുമായെത്തി ശരീരത്തില്‍ തുടരെ തുടരെ വെട്ടി വീഴ്ത്തിയത്. മരിച്ചെന്നുറപ്പായതോടെ രക്തം പുരണ്ട കൊടുവാള്‍ വീട്ടില്‍ വെച്ച് നെല്ലിയാമ്പതി മലയില്‍ ഒളിവില്‍ പോയി.

വിശന്നു സഹിക്കവയ്യാതെ രണ്ടു ദിവസത്തിനുശേഷം മലയിറങ്ങി വന്നപ്പോഴാണ് പ്രതി പോലീസ് കസ്റ്റഡിയിലാകുന്നത്. മൂന്നു മാസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാനാവാതെ വന്നതോടെ വിചാരണ നീളുകയായിരുന്നു.ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരുന്നു ചെന്താമര സജിതയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തുകയും ചെയ്തത്.

 

 

---- facebook comment plugin here -----

Latest