Connect with us

asset selling

താഴേത്തട്ടിലും വിറ്റഴിക്കൽ; ആസ്തി വിറ്റഴിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം

നീക്കം നിതി ആയോഗിന്റെ നിർദേശ പ്രകാരം

Published

|

Last Updated

തിരുവനന്തപുരം | ധനസമാഹരണ യജ്ഞത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടത്തിവരുന്ന ആസ്തി വിൽപ്പന താഴേത്തട്ടിലേക്ക് വ്യാപിപ്പിക്കാൻ കേന്ദ്ര നിർദേശം. ഗ്രാമ പഞ്ചായത്തുകൾ ആസ്തികൾ സ്വകാര്യ മേഖലക്ക് വിറ്റഴിച്ച് വിഭവ സമാഹരണം നടത്തണമെന്ന് നിർദേശിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം കത്ത് നൽകി. കേന്ദ്രം നടപ്പാക്കി വരുന്ന നാഷനൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻ എം പി) പരിപാടിയുടെ തുടർച്ചയായാണ് നടപടി. ഫണ്ട് സമാഹരണത്തോടൊപ്പം രാജ്യത്തെ 13 മേഖലകളിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ കൂടിയാണ് കേന്ദ്ര നീക്കം.

ആഗസ്റ്റ് 16നാണ് കേന്ദ്ര പഞ്ചായത്തീരാജ് സെക്രട്ടറി സുനിൽ കുമാർ ആസ്തികൾ വിറ്റഴിക്കാനുള്ള വിവാദ നിർദേശങ്ങളടങ്ങിയ കത്ത് നൽകിയത്. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കുന്ന ഗ്രാമസഭകളെ സജീവമാക്കാനെന്ന പേരിലാണ് വിവാദ നിർദേശങ്ങളടങ്ങിയ കത്ത് നൽകിയത്. കേന്ദ്ര സർക്കാറിന്റെ ആസ്തി വിൽപ്പന പരിപാടി തയ്യാറാക്കിയ നിതി ആയോഗ് തന്നെയാണ് പഞ്ചായത്തുകൾക്കുള്ള നിർദേശവും മുന്നോട്ടുവെച്ചത്.
ഗ്രാമസഭകൾ മാസം തോറും പരിഗണിക്കേണ്ട വിഷയം സൂചിപ്പിച്ച് 71 ഇനങ്ങളാണ് കുറിപ്പിലെ മാതൃകാ കലണ്ടറിൽ ഉൾപ്പെടുത്തിയത്. ഇതിൽ ആഗസ്റ്റിൽ ഗ്രാമസഭകൾ പരിഗണിക്കാനായി നിർദേശിച്ചിട്ടുള്ള അജൻഡയിലാണ് ആസ്തികളുടെ വിൽപ്പന നിർദേശം വ്യക്തമാക്കുന്നത്. വസ്തു നികുതി, തൊഴിൽ നികുതി, പൊതു സ്വത്തുകളുടെ പാട്ടം, സർവീസ് ചാർജ്, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്വ ഫണ്ടിനെ(സി എസ് ആർ) ഉപയോഗപ്പെടുത്തൽ എന്നിവയും അജൻഡയായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്തുകളുടെ കീഴിലുള്ള കളിസ്ഥലങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ആശുപത്രികൾ മറ്റ് ആസ്തികൾ എന്നിവയുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറുക കൂടിയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഉടമസ്ഥാവകാശം കൈമാറാതെ, നിശ്ചിത കാലത്തേക്ക് കരാർ വ്യവസ്ഥയിൽ ആസ്തികളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് കൈമാറി അടിസ്ഥാന സൗകര്യ വികസന ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യമെന്നാണ് നിതി ആയോഗ് തയ്യാറാക്കിയ മാർഗരേഖയിൽ നിർദേശിച്ചത്.
കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റുകളെ ആശ്രയിച്ചാണ് പഞ്ചായത്തുകളുടെ മുന്നോട്ടുള്ള പ്രവർത്തനമെന്നത് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള വഴിയായി വിൽപ്പനയെ മുന്നോട്ടുവെച്ച് കേന്ദ്ര ധനകാര്യ കമ്മീഷനുകളുടെ ഗ്രാന്റ് തടയൽ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി കേന്ദ്രം മുന്നോട്ടുപോകുമോയെന്നാണ് സംസ്ഥാനങ്ങളുടെ ആശങ്ക.

എൻ എം പി പ്രകാരം റോഡുകൾ, സ്റ്റേഡിയങ്ങൾ, പാസഞ്ചർ ട്രെയിനുകൾ, നാനൂറ് റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയവ സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. നിലവിൽ തുടങ്ങിവെച്ച വിമാനത്താവള സ്വകാര്യവത്കരണവും സമാന്തരമായി നടപ്പാക്കി വരികയാണ്. അദാനി ഗ്രൂപ്പിന് കൈമാറിയ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറമേ കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരുള്ള കോഴിക്കോട് വിമാനത്താവളവും കേന്ദ്രത്തിന്റെ കൈമാറ്റ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറിയുള്ള “വിറ്റഴിക്കൽ വിൽപ്പന’ കേന്ദ്ര സർക്കാർ തുടങ്ങിയത്. 13 മേഖലകളിലായി ആറ് ലക്ഷം കോടി രൂപയുടെ ആസ്തികൾ നാല് വർഷത്തിനകം കൈമാറ്റത്തിലൂടെ സ്വകാര്യ മേഖലയെ ഏൽപ്പിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest