Connect with us

articles

അവരുടെ ആവശ്യങ്ങളെ അസാധുവാക്കരുത്‌

പുരോഗമനപരമായ ആരോഗ്യ സംവിധാനത്തിലും അടിമത്ത സമാനമായ തൊഴില്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ആശാ വര്‍ക്കര്‍മാരുടെ ജീവിതം. ആരോഗ്യ സംരക്ഷണത്തിന് അടിത്തറയിടുന്ന ഈ തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളം, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ്- ക്ഷേമനിധി ആനുകൂല്യങ്ങള്‍ തുടങ്ങിയ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ.

Published

|

Last Updated

ഫെബ്രുവരി 10ന് ആരംഭിച്ച ആശാ വര്‍ക്കര്‍മാരുടെ സമരം ഇപ്പോള്‍ മറ്റൊരു ഘട്ടത്തിലെത്തിയിരിക്കുന്നു. ഒരു മാസത്തിലേറെയായി തുടരുന്ന ഈ സമരം ഇന്നലെ മുതല്‍ നിരാഹാര സമരമായി മാറി. മാര്‍ച്ച് 17 തിങ്കളാഴ്ച, സമരത്തിന്റെ 36ാം ദിവസം, ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. പ്രതിമാസം 21,000 രൂപ ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ, 62 വയസ്സില്‍ പിരിച്ചുവിടല്‍ ഉത്തരവ് പിന്‍വലിക്കല്‍ തുടങ്ങിയവയാണ് അവരുടെ പ്രധാന ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാനോ ചര്‍ച്ച ചെയ്യാനോ സര്‍ക്കാര്‍ തയ്യാറാകാതിരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴി പറയുകയാണ്.

സംസ്ഥാനത്ത് 26,125 ആശാ വര്‍ക്കര്‍മാരുണ്ട്, അതില്‍ 21,529 പേര്‍ ഗ്രാമീണ പ്രദേശങ്ങളിലും 4,104 പേര്‍ നഗര പ്രദേശങ്ങളിലും 492 പേര്‍ ട്രൈബല്‍ മേഖലകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഭൂരിഭാഗം ആശാ പ്രവര്‍ത്തകരും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലും പിന്നാക്ക വിഭാഗങ്ങളിലും പെട്ടവരാണ്. ഇത് അവരുടെ ചൂഷണത്തിനും വിവേചനത്തിനും കാരണമാകുന്നു. ജോലിയില്‍ സമൂഹത്തിലെ ജാതി അടിസ്ഥാനമാക്കിയുള്ള പക്ഷപാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു.

2005ല്‍ ലോക ബേങ്കിന്റെ സാമ്പത്തിക സഹായത്തോടെ ആരോഗ്യ പരിപാലന പദ്ധതിയായി തുടങ്ങിയതാണ് (ASHA) “ആശ’. 2007ല്‍ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (എന്‍ ആര്‍ എച്ച് എം) കേരളം അംഗീകരിച്ചതോടെ, ആശാ തൊഴിലാളികളെ പ്രാഥമികാരോഗ്യ സംവിധാനത്തിന്റെ ഭാഗമാക്കി. ആരോഗ്യ സേവനങ്ങളില്‍ സമൂഹത്തിന്റെ പങ്കാളിത്തം വര്‍ധിപ്പിക്കുകയും സര്‍ക്കാര്‍ ചെലവ് കുറക്കുകയുമായിരുന്നു ഇതിന്റെ ലക്ഷ്യം. പദ്ധതി ആരംഭിച്ചപ്പോള്‍ 60 ശതമാനം ഫണ്ട് കേന്ദ്ര സര്‍ക്കാറില്‍ നിന്നായിരുന്നു. പക്ഷേ, ഈ ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കേണ്ടത് എന്നത് സംസ്ഥാന സര്‍ക്കാറിന്റെ നയപരമായ തീരുമാനമായിരുന്നു. അതായത്, ആശാ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കണോ കൂടുതല്‍ ഇന്‍സെന്റീവ് നല്‍കണോ എന്നത് സംസ്ഥാന സര്‍ക്കാറിന്റെ അവലോകനത്തിന് വിധേയമാണ്.

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലത്തിന്റെ കണക്ക് ഇതാണ്: സംസ്ഥാനം നല്‍കുന്ന ഓണറേറിയം 7,000 രൂപ. കേന്ദ്രം നല്‍കുന്ന ഫിക്‌സഡ് ഇന്‍സെന്റീവ് 3,000 രൂപ. ഈ ഇന്‍സെന്റീവ് 60:40 അനുപാതത്തിലാണ്. അതായത്, 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും. നിശ്ചിത പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍സെന്റീവുണ്ട്. ഉദാഹരണത്തിന് പോളിയോ വാക്‌സീനേഷന് 75 രൂപ. സാധാരണ പ്രതിരോധ കുത്തിവെപ്പിന് 20 രൂപ. ഇതും 60:40 അനുപാതത്തിലാണ്. അതായത് ഇന്‍സെന്റീവുകള്‍ അടക്കം ഒരു ആശാ വര്‍ക്കര്‍ക്ക് 13,000 രൂപ ലഭിക്കും. അതില്‍ 9,400 രൂപയും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. എന്നാല്‍, ഈ തുക രേഖകളില്‍ മാത്രമാണുള്ളത് എന്നാണ് ആശാ വര്‍ക്കര്‍മാര്‍ പറയുന്നത്. ഈ തുക എല്ലാവര്‍ക്കും ലഭിക്കാറില്ല. ഈ തുക എങ്ങനെയെല്ലാമാണ് നിഷേധിക്കപ്പെടുന്നത് എന്ന കാര്യം അന്വേഷിച്ചാല്‍ അവര്‍ നേരിടുന്ന ചൂഷണം വ്യക്തമാകും.

ഓണറേറിയമായ 7,000 രൂപയില്‍ പോലും പലതരം വെട്ടിക്കുറക്കലുകള്‍ നടക്കും. സര്‍ക്കാര്‍ നിര്‍ദേശിച്ച 10 മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാലാണ് പൂര്‍ണമായും ഓണറേറിയം ലഭിക്കുക. വാര്‍ഡ് റിപോര്‍ട്ട് തയ്യാറാക്കുക, വാര്‍ഡ് തല അവലോകന യോഗം നടത്തുക, സബ് സെന്റര്‍ അവലോകന യോഗത്തില്‍ പങ്കെടുക്കുക, പഞ്ചായത്ത് അവലോകന യോഗത്തില്‍ പങ്കെടുക്കുക, ആരോഗ്യസംബന്ധിയായ ക്ലാസ്സ് / ചര്‍ച്ച ആക്്ടിവിറ്റി, വൾണറബിള്‍ ആയ വ്യക്തികളുള്ള 10 വീടുകളില്‍ സന്ദര്‍ശനം നടത്തുക, മാസത്തില്‍ നാല് ദിവസത്തെ ഡ്യൂട്ടി എന്നിവയാണ് ഈ നിബന്ധനകള്‍. ഒരു മാനദണ്ഡത്തിന് 700 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒന്ന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 700 രൂപ നഷ്ടമാകും. അവരുടെ സ്വതവേയുള്ള തുച്ഛമായ പ്രതിമാസ ഓണറേറിയം അങ്ങനെ വീണ്ടും തുച്ഛമായ തുകയായി മാറും. ഇതാണ് സാഹചര്യം. ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 13,000 രൂപ കിട്ടുന്നുണ്ടെന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് ഈ കണക്ക്. എല്ലാ ഇന്‍സെന്റീവുകളും ചേര്‍ത്താല്‍ പോലും 13,000 രൂപ കിട്ടാറില്ലെന്നാണ് ആശാ വര്‍ക്കര്‍മാര്‍ പറയുന്നത്.

ആദ്യകാലത്ത് ആശാ വര്‍ക്കര്‍മാർ മറ്റു ജോലികള്‍ക്കും പോകുമായിരുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ ആശാ വര്‍ക്കറുടെ ജോലിക്ക് പോയാല്‍ മതിയായിരുന്നു. എന്നാല്‍ പിന്നീട്, ആശാ വര്‍ക്കര്‍മാര്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നു. രാവിലെ ഒമ്പത് മുതല്‍ നാല് വരെ ഫീല്‍ഡില്‍ തന്നെ ഉണ്ടാകണം. അത് കഴിഞ്ഞാലും അവരുടെ ജോലി അവസാനിക്കാറില്ല. ആശാ വര്‍ക്കര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാന്‍ അധിക ജോലികള്‍ നിര്‍ബന്ധിതമായി ചെയ്യണമായിരുന്നു. എന്നാല്‍, അധിക ജോലിക്ക് അധിക വേതനം ലഭിക്കാറില്ല. പ്രത്യേക ജോലികള്‍ക്ക് നല്‍കുന്ന പ്രോത്സാഹന തുക വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു വാക്സീന്‍ ഡോസ് നല്‍കുന്നതിന് ആശാ വര്‍ക്കര്‍മാര്‍ക്ക് 20 രൂപയാണ് ലഭിക്കുക. ഒരു ഗര്‍ഭിണിയെ മൂന്ന് മാസത്തിനുള്ളില്‍ കണ്ടെത്തി രജിസ്റ്റര്‍ ചെയ്യിപ്പിച്ചാല്‍ 200 രൂപ. ഇത്തരം ജോലികളുടെ പ്രയത്‌നവും അതിനുവേണ്ട സമയവും കണക്കിലെടുക്കുമ്പോള്‍ ഈ തുക തീര്‍ത്തും അപര്യാപ്തമാണ്.

കൊവിഡ് സമയത്ത് ആശാ വര്‍ക്കര്‍മാരുടെ നിസ്സഹായത പ്രകടമായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ നിര്‍ണായക പങ്കുവഹിച്ചു. പൊതുജനം വീടുകളില്‍ സുരക്ഷിതരായിരുന്നപ്പോള്‍, ആശാ വര്‍ക്കര്‍മാര്‍ നടന്ന് വീടുകളിലേക്കെത്തി അവശ്യ മരുന്നും ഭക്ഷണസാധനങ്ങളും വിതരണം ചെയ്യുകയും ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് ആശാ വര്‍ക്കര്‍മാര്‍ വലിയ തോതില്‍ രോഗബാധിതരായി. പലര്‍ക്കും മരുന്നും മെഡിക്കല്‍ സഹായവും ലഭിക്കാതെ ദുരിതമനുഭവിക്കേണ്ടി വന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. 2020-21 കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് 1,000 രൂപ കൊവിഡ് റിസ്‌ക് അലവന്‍സ് നല്‍കിയെങ്കിലും ഇത് സ്ഥിരമായ ശമ്പള വര്‍ധനവായി കണക്കാക്കിയില്ല. വാക്‌സീനേഷന്‍ ഡ്രൈവുകള്‍, പരിശോധന, ഹോം ക്വാറന്റൈന്‍ നിരീക്ഷണം എന്നിവയില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടും ഇവര്‍ക്ക് ശമ്പള വര്‍ധനവ് നിഷേധിച്ചു. പ്രതിരോധ സാധനങ്ങള്‍ പോലുള്ള അടിസ്ഥാന സുരക്ഷാ ഉപകരണങ്ങള്‍ പോലും നല്‍കിയില്ല. ദുരിതകരമായ കാര്യം, പാന്‍ഡെമിക് സമയത്ത് മരിച്ച ആശാ വര്‍ക്കര്‍മാരുടെ കുടുംബങ്ങള്‍ക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിച്ചില്ല.

2015ല്‍ നടന്ന 45ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് (ഐ എല്‍ സി) ആശ, അങ്കൺവാടി തൊഴിലാളികളെ ശമ്പളം ലഭിക്കേണ്ട തൊഴില്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തു. 46ാം ഐ എല്‍ സി (2018) പ്രമേയം അനുസരിച്ച്, ആശാ തൊഴിലാളികള്‍ സ്വയംസേവകരല്ല, തൊഴിലാളികളായതിനാല്‍ അവര്‍ക്കും മറ്റ് തൊഴില്‍ മേഖലയിലുള്ളവരെപ്പോലെ എല്ലാ തൊഴിലവകാശങ്ങളും ലഭിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ശമ്പളം, പെന്‍ഷന്‍, ആരോഗ്യസുരക്ഷ, മറ്റ് തൊഴില്‍ ആനുകൂല്യങ്ങള്‍ എന്നിവ ആശാ തൊഴിലാളികള്‍ക്കും ലഭിക്കേണ്ടതാണെന്ന് ഈ പ്രമേയങ്ങള്‍ വ്യക്തമാക്കുന്നു. സന്നദ്ധപ്രവര്‍ത്തകരെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് തന്നെ ജീവനക്കാരെന്ന ആനുകൂല്യം ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സേവന- വേതന വ്യവസ്ഥയും അവധി ആനുകൂല്യങ്ങളുമില്ലാതെ, സ്ഥിരമോ താത്കാലികമോ ആയ മറ്റ് ജോലികളില്‍ ഏര്‍പ്പെടാനാകാതെ, കുറഞ്ഞ കൂലിയില്‍ ഈ സ്ത്രീകള്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നു.

നവലിബറല്‍ കാലത്ത്, ആരോഗ്യ മേഖല അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ അധിക ചെലവിടലില്‍ നിന്നും ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി, തൊഴില്‍ മേഖലകളെ സന്നദ്ധ പ്രവര്‍ത്തനമാക്കി മാറ്റി, പരിചരണ ജോലികളിലെ ചൂഷണവും വാണിജ്യവത്കരണവും തീവ്രമാക്കുന്ന നയങ്ങള്‍ വ്യാപകമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സ്ത്രീകളെ കുറഞ്ഞ ശമ്പളത്തോടെയോ ശമ്പളമില്ലാതെയോ ജോലി ചെയ്യാന്‍ നിയോഗിക്കുന്ന രീതി വ്യാപകമായി വരികയാണ്. താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ സ്ത്രീകളാണ് ഇത്തരം അധിക ജോലികള്‍ക്ക് നിര്‍ബന്ധിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാരാണ് അനീതിക്ക് ഇരകളാകുന്നത്. ദൈര്‍ഘ്യമേറിയതും ഉറപ്പില്ലാത്തതുമായ ജോലിസമയം, കൂടാതെ വീട്ടിലെ ശമ്പളമില്ലാത്ത ജോലികളും ഇവരുടെ മാനസിക- ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു.

പുരോഗമനപരമായ ആരോഗ്യ സംവിധാനത്തിലും അടിമത്ത സമാനമായ തൊഴില്‍ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് ആശാ വര്‍ക്കര്‍മാരുടെ ജീവിതം. ആരോഗ്യ സംരക്ഷണത്തിന് അടിത്തറയിടുന്ന ഈ തൊഴിലാളികള്‍ക്ക് ന്യായമായ ശമ്പളം, പെന്‍ഷന്‍, ഇന്‍ഷ്വറന്‍സ്- ക്ഷേമനിധി ആനുകൂല്യങ്ങള്‍ തുടങ്ങിയ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ മാത്രമേ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകൂ. എന്നാല്‍, കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും അവരെ തൊഴിലാളികളായി പരിഗണിക്കുന്നില്ല എന്നതാണ് പ്രശ്‌നങ്ങളുടെ കാതല്‍. അവരുടെ തൊഴില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനൊപ്പം, തൊഴില്‍ സുരക്ഷയും ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള അടിസ്ഥാനാവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് നിര്‍ബന്ധമാണ്.

സാമൂഹിക നീതി, തൊഴില്‍ സുരക്ഷ, സാമ്പത്തിക സുസ്ഥിരത എന്നിവയെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊണ്ടേ തീരൂ. കേരളത്തിലെ പൊതുജനാരോഗ്യരംഗം ചൂഷണമുക്തമാക്കാനും ആശാ വര്‍ക്കര്‍മാരുടെ തൊഴില്‍ അവസ്ഥ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 2015, 2018 വര്‍ഷങ്ങളില്‍ നടന്ന ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകളുടെ ശിപാര്‍ശകള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം.

കേരളത്തിന്റെയും അതിന്റെ സഖ്യ ട്രേഡ് യൂനിയനുകളുടെയും വാദത്തോട് യോജിക്കുന്നു, ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കാനുള്ള ഓണറേറിയവും മികച്ച വേതനത്തിനുള്ള ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ നിറവേറ്റണം. ഇത് പറഞ്ഞതിന് ശേഷം, ആശാ സമരത്തോടുള്ള സര്‍ക്കാറിന്റെ നിഷ്‌ക്രിയ നിലപാട് നിരവധി കാരണങ്ങളാല്‍ നിരാശാജനകമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ ഇന്ത്യയിലെ ആശാ പ്രവര്‍ത്തകര്‍ ഒരു ദശാബ്ദത്തിലേറെയായി ആവര്‍ത്തിച്ച് ഉന്നയിച്ചുകൊണ്ടിരിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാതിരിക്കുക ഒരു കാര്യമാണ്. എന്നാല്‍ അവരുടെ പോരാട്ടങ്ങളെ അസാധുവാക്കുക മറ്റൊരു കാര്യമാണ്.

സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയുന്നത് ഏറ്റവും കുറഞ്ഞത് ഈ സമരത്തോട് ഐക്യദാർഢ്യവും അനുഭാവവും പ്രകടിപ്പിക്കുക എന്നതാണ്. കേരളത്തിന്റെ അന്താരാഷ്ട്ര പ്രശംസ നേടിയ പൊതു ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ അടിത്തറയില്‍ ഈ സ്ത്രീകള്‍ക്ക് കൂടി പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ മെഡിക്കല്‍ പ്രൊഫഷനലുകള്‍ അവരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആശാ വര്‍ക്കര്‍മാര്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് സമരം തുടരുന്നു. കൊവിഡ് കാലത്ത് അവരുടെ സേവനം അനിവാര്യമായിരുന്നെങ്കിലും, പ്രതിഫലവും സംരക്ഷണവും പര്യാപ്തമല്ല. ശമ്പള വര്‍ധന, സ്ഥിരതയുള്ള തൊഴില്‍, പെന്‍ഷന്‍ തുടങ്ങിയ അവകാശങ്ങള്‍ ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. അവരുടെ ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

---- facebook comment plugin here -----

Latest