Kozhikode
മുഹമ്മദ് യൂസഫ് നൂറാനിക്ക് ഡോക്ടറേറ്റ്
അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഇദ്ദേഹം മൂന്ന് വിഷയങ്ങളില്‍ യു ജി സി നെറ്റ് യോഗ്യത നേടിയിട്ടുണ്ട്
പൂനൂര്‍ | ജാമിഅ മദീനത്തുന്നൂര്‍ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് യൂസഫ് നൂറാനി പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ്. കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ഡോ. ആശാ ലക്ഷ്മി ബി എസ് ആയിരുന്നു ഗൈഡ്. ‘ഇ-ഗവേര്‍ണന്‍സും സമഗ്ര നഗരവികസനവും; തിരുവനന്തപുരം കോര്‍പറേഷനെ ആസ്പദമാക്കിയുള്ള പഠനം’ (E-Governance and Inclusive Urban Development: A Study on Thiruvananthapuram Corporation, Kerala) എന്നതായിരുന്നു ഗവേഷണ വിഷയം.
അക്കാദമിക് രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഇദ്ദേഹം മൂന്ന് വിഷയങ്ങളില്‍ യു ജി സി നെറ്റ് യോഗ്യത നേടിയിട്ടുണ്ട്. 2017-ല്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ജെ ആര്‍ എഫ് കരസ്ഥമാക്കി. തുടര്‍ന്ന് 2020-ല്‍ പൊളിറ്റിക്കല്‍ സയന്‍സിലും, 2021-ല്‍ ഹിസ്റ്ററിയിലും നെറ്റ് യോഗ്യത നേടി. 2013-ലെ സിവില്‍ സര്‍വീസ് മെയിന്‍സ് പരീക്ഷ വിജയിക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോഷന്‍ ഓഫ് ഉറുദു ലാംഗ്വേജിന്റെ (NCPUL) ഉറുദു, അറബിക് ഡിപ്ലോമ കോഴ്‌സുകളില്‍ ‘ഔട്ട്സ്റ്റാന്‍ഡിംഗ്’ ഗ്രേഡും നേടിയിട്ടുണ്ട്.
ഗവേഷണ കാലയളവില്‍ രണ്ട് പ്രധാന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ‘സ്മാര്‍ട്ട് ആന്‍ഡ് ഇന്‍ക്ലൂസീവ് വില്ലേജ്’ എന്ന വിഷയത്തില്‍ ജേണല്‍ ഓഫ് എമര്‍ജിംഗ് ടെക്‌നോളജീസ് ആന്‍ഡ് ഇന്നൊവേറ്റീവ് റിസര്‍ച്ചിലും, ‘ഐ.സി.ടി ആന്‍ഡ് ഇന്‍ക്ലൂസീവ് ഗവേര്‍ണന്‍സ് ഇന്‍ കേരള’ എന്ന വിഷയത്തില്‍ ആര്‍.പി പബ്ലിക്കേഷന്‍സിന്റെ പുസ്തകത്തിലും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ദേശീയ അന്തര്‍ദേശീയ വേദികളിലായി വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2022-ല്‍ ‘സവീത സ്‌കൂള്‍ ഓഫ് ലോ’ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിലും, ജയ്പൂരില്‍ നടന്ന ഗാന്ധിയന്‍ ഡിസ്‌കോഴ്‌സസ് ദേശീയ കോണ്‍ഫറന്‍സിലും, കേന്ദ്ര സര്‍വകലാശാലയിലെ ദേശീയ സെമിനാറിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റിലീഫ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ, ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍ എന്നിവര്‍ക്കായി ഫെലോഷിപ്പ് പ്രോജക്റ്റ് റിപ്പോര്‍ട്ടുകളും തയ്യാറാക്കി. സംസ്ഥാനതല സാഹിത്യോത്സവത്തില്‍ ക്വിസ്, ഉപന്യാസ രചന എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
യൂസഫ് നൂറാനിയുടെ നേട്ടത്തില്‍ ജാമിഅ മദീനത്തുന്നൂര്‍ ചെയര്‍മാന്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരും, റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അഭിനന്ദനം അറിയിച്ചു.
തിരുവനന്തപുരം ബീമാപള്ളി പുതുവല്‍ പുരയിടത്തില്‍ മുഹമ്മദ് ഹനീഫയുടെയും നസീമ ബീവിയുടെയും മകനാണ്.





