Connect with us

Kerala

ജില്ലാ കലക്ടര്‍ വയനാട് ചുരം സന്ദര്‍ശിച്ചു; വിദഗ്ധ പരിശോധനക്ക് ശേഷം മാത്രം ഭാരവാഹനങ്ങള്‍ കടത്തി വിടുന്നതില്‍ തീരുമാനം

ഉച്ചകഴിഞ്ഞ് വിദഗ്ധ സംഘം പരിശോധിക്കും.

Published

|

Last Updated

കോഴിക്കോട്  | മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം നിലവിലുള്ള താമരശേരി ചുരത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്ന് ജില്ലാ കലക്ടര്‍ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. കലക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കാത്തതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിലവില്‍ ചുരം വഴി ചെറിയ വാഹനങ്ങള്‍ മാത്രമേ കടത്തി വിടുന്നുള്ളൂ. ഉച്ചകഴിഞ്ഞ് വിദഗ്ധ സംഘം പരിശോധിക്കും. ഭാരവാഹനങ്ങള്‍ കടത്തിവിടുന്നതില്‍ അതിന് ശേഷം മാത്രം തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും കലക്ടര്‍ വ്യക്തമാക്കി.

മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹനഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

റോഡിന്റെ താമരശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള്‍ ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം, ആധുനിക ഉപകരണങ്ങള്‍ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ റോഡ് പൂര്‍ണഗതാഗതത്തിനായി തുറക്കുകയുള്ളൂ എന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ചുരത്തിലെ ഒമ്പതാം വളവില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര്‍ ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ താമരശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest