Connect with us

Articles

ജനകീയാസൂത്രണ പ്രസ്ഥാനം ലക്ഷ്യം നേടിയോ?

കേരളത്തിന്റേതായ ഒരു വികസന മാതൃക അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളീയ സമൂഹത്തിന്റെ നിരവധിയായ സാമ്പത്തിക-സാമൂഹിക ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. ജനകീയാസൂത്രണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരു സുസ്ഥിര വികസന സമീപനം പിന്തുടരാന്‍ നമ്മുടെ ഭാവി തദ്ദേശ സ്വയംഭരണ സമിതികള്‍ മുന്നിട്ടിറങ്ങണം.

Published

|

Last Updated

കേരള സംസ്ഥാന രൂപവത്കരണത്തിന് ശേഷം ഭൂപരിഷ്‌കരണം കഴിഞ്ഞാല്‍ കേരളത്തിന്റെ അടിത്തട്ടില്‍ ഉണ്ടായ ഏറ്റവും വലിയ മാറ്റം ജനകീയാസൂത്രണമാണെന്ന് ഇ എം എസ് ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ അധികാര വികേന്ദ്രീകരണ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1992ലെ ഭരണഘടന 73,74 ഭേദഗതി പ്രകാരം 1994ല്‍ നിലവില്‍ വന്ന കേരള പഞ്ചായത്തീരാജ് നിയമവും കേരള മുനിസിപല്‍ നിയമവും. ഇതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ പരമായ അംഗീകാരവും സാധ്യതകളും ലഭിച്ചു. ഭരണ സമിതികളുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് നിശ്ചയിച്ചു. സംസ്ഥാന ധനകാര്യ കമ്മീഷനും ജില്ലാ ആസൂത്രണ സമിതികളും നിലവില്‍ വന്നു. എന്നാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം പൂര്‍ണമായി കൈമാറാന്‍ തയ്യാറായിരുന്നില്ല.

എന്നാല്‍, ദേശീയ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായ നിലയിലാണ് ഈ രംഗത്ത് കേരളം മുന്നേറിയത്. ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി നിലവില്‍ വന്ന 1994ലെ കേരള പഞ്ചായത്തീരാജ്/മുനിസിപല്‍ നിയമം പരിമിതികള്‍ നിറഞ്ഞതായിരുന്നു. 1996ല്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ നിയമപരമായ എല്ലാ പരിമിതികളെയും മറികടന്ന് മുന്നേറാന്‍ കേരളത്തിന് സാധിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപവത്കരിച്ച എസ് ബി സെന്‍ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ ഈ രംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ക്ക് കാരണമായി.
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യന്‍ ജനത അധികാര വികേന്ദ്രീകരണത്തിലൂടെ ജനപങ്കാളിത്തത്തോടെയുള്ള ഭരണം സ്വപ്നം കണ്ടിരുന്നു. അതിനുള്ള പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചത് ഗാന്ധിജിയുടെ ആശയങ്ങളായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് ഒരു വര്‍ഷം മുമ്പ് ഹരിജന്‍ പത്രത്തില്‍ ഗാന്ധിജി ഇങ്ങനെ എഴുതി. ‘സ്വാതന്ത്ര്യം അടിത്തട്ടില്‍ നിന്ന് ആരംഭിക്കണം. അങ്ങനെ ഓരോ ഗ്രാമവും പൂര്‍ണ അധികാരങ്ങളുള്ള ഓരോ റിപബ്ലിക്കോ പഞ്ചായത്തോ ആക്കാം. അതിനാല്‍ ഓരോ ഗ്രാമവും പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും നടക്കത്തക്ക വിധം സ്വയം പര്യാപ്തമായിരിക്കണമെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ പുരുഷനും സ്ത്രീക്കും തങ്ങള്‍ക്ക് വേണ്ടത് എന്തെന്നറിയാം’. സ്വാതന്ത്ര്യം, ജനാധിപത്യം, അധികാര വികേന്ദ്രീകരണം എന്നിവയെ സംബന്ധിച്ച ഗാന്ധിജിയുടെ സുചിന്തിതമായ വാക്കുകള്‍ ഇന്ത്യയിലെ പൊതു സമൂഹവും ജവഹര്‍ലാല്‍ നെഹ്റു അടക്കമുള്ള നേതാക്കളും ഏറെ ആദരവോടെയാണ് ശ്രദ്ധിച്ചിരുന്നത്.

1996 ആഗസ്റ്റ് 17 മുതല്‍ കേരളത്തില്‍ നടപ്പാക്കിയ വികേന്ദ്രീകൃത- ജനകീയാസൂത്രണ വികസന മാതൃക ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിച്ച നവീനമായൊരു പരീക്ഷണമായിരുന്നു. ഇന്ത്യയില്‍ വര്‍ഷങ്ങളായി നടന്നു വന്നിരുന്ന ഗ്രാമ വികസന രീതികളെ പുനരാവിഷ്‌കരിക്കാനും പുതിയൊരു ദിശാബോധം നല്‍കാനും ഈയൊരു പുതു പരീക്ഷണ മാതൃകയിലൂടെ സാധിച്ചു. കേരളത്തില്‍ നടപ്പാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കഴിഞ്ഞ 29 വര്‍ഷങ്ങള്‍ അഭിമാനാര്‍ഹങ്ങളായ ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും പോരായ്മകള്‍ വിലയിരുത്തി കൂടുതല്‍ മെച്ചപ്പെട്ടതും മികവാര്‍ന്നതുമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഗ്രാമീണ മേഖലയിലെ വികസന കുതിപ്പിനോടൊപ്പം തന്നെ കാര്‍ഷിക- ചെറുകിട, ഇടത്തരം ഉത്പാദന മേഖലകളും ശക്തിപ്പെടേണ്ടതുണ്ട്. ജനകീയാസൂത്രണം കൊണ്ട് ഭക്ഷ്യ സുരക്ഷയും ഉത്പാദന മേഖലയിലെ വളര്‍ച്ചയുമാണ് ലക്ഷ്യമാക്കുന്നത്. അതിനനുസൃതമായ പദ്ധതികളും പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തിപ്പെടണം. ആഭ്യന്തര തൊഴില്‍- വരുമാന മേഖലകള്‍ സൃഷ്ടിക്കണം. അതോടൊപ്പം തന്നെ ആരോഗ്യ- വിദ്യാഭ്യാസ- സുസ്ഥിര വികസന മേഖലകളും ശക്തിപ്പെടണം.

ജനകീയാസൂത്രണ പ്രക്രിയയിലെ അടിസ്ഥാന സംവാദ മണ്ഡലം ഓരോ വാര്‍ഡിലെയും ജനസഭകള്‍ എന്നറിയപ്പെടുന്ന ഗ്രാമസഭകളാണ്. ഗ്രാമസഭകള്‍ വാര്‍ഡ് മെമ്പര്‍മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളുടെയും വികസന സമിതി അംഗങ്ങളുടെയും നേതൃത്വത്തില്‍ കൃത്യമായി വിളിച്ചുചേര്‍ക്കണം. വാര്‍ഡിലെ മുഴുവന്‍ ആളുകളുടെയും പ്രാതിനിധ്യവും പങ്കാളിത്തവും ഉറപ്പുവരുത്തണം. ഓരോ വ്യക്തിയും കുടുംബവും ഉള്‍ക്കൊള്ളുന്ന പ്രദേശത്തിന്റെ ജനകീയ പ്രശ്നങ്ങള്‍ ഈ സഭയില്‍ ഉന്നയിക്കുകയും ചര്‍ച്ച ചെയ്യുകയും ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കുകയും ചെയ്യണം. ഓരോ വാര്‍ഡിലെയും കുടുംബശ്രീ, അയല്‍ക്കൂട്ടം, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജീവനക്കാര്‍, വിരമിച്ചവര്‍, സംരംഭകര്‍ തുടങ്ങി രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിക്കുകയും പരസ്പരമുള്ള ആശയവിനിമയവും കാഴ്ചപ്പാടുകളും അവതരിപ്പിക്കുകയും ചെയ്യണം. വാര്‍ഡ്തല ഗ്രാമസഭകള്‍ക്ക് കീഴില്‍ അയല്‍ക്കൂട്ടം/പ്രാദേശിക സമിതി തുടങ്ങിയ ഒന്നിലധികം സമിതികള്‍ ആവശ്യമെങ്കില്‍ രൂപവത്കരിക്കാം. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പഞ്ചായത്ത് മൊത്തത്തില്‍ ഉള്‍പ്പെടുന്ന സംയുക്ത ഗ്രാമസഭകളും സംഘടിപ്പിക്കണം. ഈ യോഗങ്ങളില്‍ ഭരണ സമിതികള്‍ ഓരോ വര്‍ഷത്തെയും പെര്‍ഫോമന്‍സ് റിപോര്‍ട്ട് തയ്യാറാക്കി അവതരിപ്പിക്കണം. ഇത്തരം യോഗങ്ങളില്‍ ഓരോ വാര്‍ഡിലെയും പൊതുവായ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരം ഉണ്ടാകണം.

ജനകീയാസൂത്രണത്തിന്റെ തുടക്ക കാലത്തെ ആവേശം ഇപ്പോള്‍ ഗ്രാമസഭകളില്‍ പ്രതിഫലിക്കുന്നില്ല എന്ന് കാണാം. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയും ഗ്രാമസഭകള്‍ കൂടുതല്‍ ആകര്‍ഷകമാക്കുകയും പങ്കാളിത്തവും ചര്‍ച്ചകളും ഉറപ്പുവരുത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി/ഉപസമിതികളില്‍ കാലോചിതമായ ചില മാറ്റങ്ങള്‍ ആവശ്യമാണ്. പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ കഴിഞ്ഞാല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സമിതികള്‍ ഉണ്ട്. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളിലെ അംഗ സംഖ്യ പഞ്ചായത്തുകളില്‍ മൂന്നില്‍ കുറയാനോ അഞ്ചില്‍ കൂടാനോ പാടില്ല. മുനിസിപാലിറ്റികളില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ ഉണ്ടായിരിക്കണം. ആരോഗ്യ- വിദ്യാഭ്യാസ ഉപസമിതിക്ക് നിലവില്‍ ഒരു കമ്മിറ്റി ആണ് ഉള്ളത്.

ഓരോ പ്രദേശത്തെയും സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വികസന, ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാകണമെന്നും അതിന്റെ മുന്‍ഗണന നിശ്ചയിക്കേണ്ടത് എങ്ങനെയാകണമെന്നും ജനകീയാസൂത്രണ വികസന പ്രക്രിയയുടെ മാനദണ്ഡ പ്രകാരം അതത് ഗ്രാമസഭകളില്‍ ഉള്‍പ്പെടുന്ന പൗരസമൂഹമാണ് നിശ്ചയിക്കേണ്ടത്. ഇതിലൂടെ പദ്ധതി നിര്‍വഹണം, ആനുകൂല്യങ്ങളുടെ വിതരണം എന്നിവയിലെ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും സാധ്യതകള്‍ ഇല്ലാതാക്കി നീതി പൂര്‍വമായ വിതരണം സാധ്യമാക്കുന്നു.

ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1996 ആഗസ്റ്റ് 17നാണ് കേരളത്തിന്റെ ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പദ്ധതികള്‍ ഉദ്യോഗസ്ഥതലത്തില്‍ മുകള്‍ തട്ടില്‍ നിന്ന് ആവിഷ്‌കരിക്കുകയും താഴെത്തട്ടിലേക്ക് നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്ന അന്ന് വരെയുള്ള സാമൂഹിക വികസന കാഴ്ചപ്പാടിന് പാടേ മാറ്റം വരുത്തിയ വിപ്ലവകരമായ മുന്നേറ്റമാണ് ഈ പദ്ധതിയിലൂടെ പുനരാവിഷ്‌കരിച്ചത്. ആദ്യഘട്ടത്തില്‍ ഇത് അത്ര എളുപ്പമായിരുന്നില്ല. ഉദ്യോഗസ്ഥ സമൂഹത്തെയും താഴെത്തട്ടിലുള്ള സാധാരണക്കാരായ പൗരസമൂഹത്തെയും വിശ്വാസത്തിലെടുത്ത് കാര്യങ്ങള്‍ നേരാവണ്ണം ബോധ്യപ്പെടുത്തി പങ്കാളിയാക്കുക എന്നത് ശ്രമകരമായിരുന്നു. എന്നാല്‍ ഈ പ്രക്രിയയിലൂടെ നടപ്പാക്കിയ വികസന മുന്നേറ്റവും പദ്ധതി വിതരണവുമെല്ലാം എല്ലാവര്‍ക്കും ബോധ്യപ്പെട്ടതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ ജനപിന്തുണ ലഭിക്കുകയായിരുന്നു. നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെയും വികസന മുന്നേറ്റത്തിന്റെയും നിലവിലുള്ള ധാരണകളെ പൊളിച്ചെഴുതി വന്‍ മുന്നേറ്റമാണ് ജനകീയാസൂത്രണ പ്രക്രിയയിലൂടെ നടപ്പിലാക്കിയ അധികാര കേന്ദ്രീകരണവും പദ്ധതി നിര്‍വഹണവും കേരളത്തില്‍ ഉണ്ടാക്കിയത്.

സ്ത്രീകള്‍, ദളിത്-ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ അന്നുവരെ മുഖ്യധാരയില്‍ ഇടം കിട്ടാതിരുന്ന ജനവിഭാഗങ്ങള്‍ക്ക് അധികാര നിര്‍വഹണത്തിലും പദ്ധതി ആസൂത്രണത്തിലും സാമൂഹികപരമായ പങ്ക് നിര്‍വഹിക്കാനും മുഖ്യധാരയില്‍ ഇടം കണ്ടെത്താനും തങ്ങളുടെ കഴിവുകള്‍ തെളിയിക്കാനും ഇതിലൂടെ അവസരം ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. കേരളം പിന്നിട്ട ഈ പരിവര്‍ത്തന കാലഘട്ടത്തെ കൂടുതല്‍ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്. ഭാവി കേരളത്തെ രൂപപ്പെടുത്താന്‍ അതാവശ്യമാണ്. കേരളത്തിന്റേതായ ഒരു വികസന മാതൃക അവതരിപ്പിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുമ്പോള്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളീയ സമൂഹത്തിന്റെ നിരവധിയായ സാമ്പത്തിക-സാമൂഹിക ഘടകങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.

ജനകീയാസൂത്രണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് ഒരു സുസ്ഥിര വികസന സമീപനം പിന്തുടരാന്‍ നമ്മുടെ ഭാവി തദ്ദേശ സ്വയംഭരണ സമിതികള്‍ മുന്നിട്ടിറങ്ങണം.പ്രാദേശിക ഉത്പാദനം ശക്തിപ്പെടുത്തുക, പരിസ്ഥിതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കുക, തദ്ദേശ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതു വഴി പ്രാദേശിക സമ്പദ്ഘടന ശക്തമാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ആസൂത്രണത്തില്‍ മുന്‍ഗണന നല്‍കണം. സുസ്ഥിര വികസനം, ജനാധിപത്യം, സാമൂഹിക നീതി, സേവന ഗുണത, ജനങ്ങളോടുള്ള ഉത്തരവാദിത്വം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ ഊന്നല്‍ നല്‍കുന്ന ഒരു വികസന സമീപനമാണ് ഭാവിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാകേണ്ടത്.

 

Latest