Connect with us

From the print

ഉപമുഖ്യമന്ത്രി, കോൺഗ്രസ്സ് അധ്യക്ഷ പദവികൾ; പാർട്ടിയിലും മന്ത്രിസഭയിലും ഡി കെ അജയ്യനാകും

മന്ത്രിസഭയിൽ എല്ലാ സമുദായ വിഭാഗങ്ങളെയും ഉൾപ്പെടുത്തുകയെന്നത് വെല്ലുവിളി

Published

|

Last Updated

ബെംഗളൂരു | കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് തുടക്കം മുതൽ തന്നെ സിദ്ധരാമയ്യക്ക് വലിയ മുൻതൂക്കമുണ്ടായിരുന്നുവെന്ന് വ്യക്തമാകുന്നതാണ് നീണ്ട ചർച്ചകളുടെയും അനുനയ ശ്രമങ്ങളുടെയും ഫലം. മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യത്തിൽ നിന്ന് ഡി കെ ശിവകുമാർ പിന്മാറിയെങ്കിലും വളരയെധികം കഠിനാധ്വാനം ചെയ്താണ് കന്നഡ മണ്ണിൽ അദ്ദേഹം മൂവർണക്കൊടി പാറിച്ചത്. ദേശീയ തലത്തിൽ, വിശിഷ്യാ കർണാടകയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ഫലത്തെ ആശ്രയിച്ചായിരിക്കും സിദ്ധരാമയ്യ- ശിവകുമാർ പിരിമുറുക്കത്തിന്റെ ആയുസ്സ്.

ഇരുവരും തമ്മിലുള്ള വടംവലിയിൽ സിദ്ധരാമയ്യക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിലും നിലവിലെ ‘ഡീൽ’ ശിവകുമാറിന് ലാഭകരമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

◆ വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദന കേസുമായി കേന്ദ്ര ഏജൻസികളായ സി ബി ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശിവകുമാറിന് പിന്നാലെയുണ്ട്. തിരിച്ചടിയേറ്റതിന് പിന്നാലെ ഈ കേസുകളിലെ തുടർനടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കും. സാമ്പത്തിക കേസുകൾ നേരിടുന്ന മുഖ്യമന്ത്രിയാണെങ്കിൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന ആശങ്ക കോൺഗ്രസ്സിനുണ്ട്. പ്രത്യേകിച്ച് ബി ജെ പിയുടേത് “40 ശതമാനം’ കമ്മീഷൻ സർക്കാറാണെന്ന കോൺഗ്രസ്സിന്റെ ക്യാമ്പയിൻ ഈ തിരഞ്ഞെടുപ്പിൽ വൻ വിജയമായ സാഹചര്യത്തിൽ.

◆ കർണാടക നിയമസഭാംഗങ്ങളിലെ കരുത്തനായ ജനകീയ നേതാവാണ് സിദ്ധരാമയ്യ. സംസ്ഥാനത്തെ ഭൂരിഭാഗം മേഖലകളിലെ പ്രവർത്തകരുടെയും ഭൂരിഭാഗം എം എൽ എമാരുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. ഡി കെ ശിവകുമാറിൽ നിന്ന് സമ്മർദം ഇല്ലായിരുന്നുവെങ്കിൽ നേരത്തേ തന്നെ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമായിരുന്നു. മുൻ കോൺഗ്രസ്സ് മന്ത്രിമാരിൽ മിക്കവരും സിദ്ധരാമയ്യയെയാണ് പിന്തുണച്ചത്. ഭരണാധികാരിയായുള്ള അദ്ദേഹത്തിന്റെ കഴിവിന് മികച്ച അഭിപ്രായമാണ് മുൻ മന്ത്രിമാരിൽ.

◆ വൊക്കലിഗ ഒ ബി സി വിഭാഗത്തിൽ നിന്നുള്ള ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാൽ ഇതര സമുദായങ്ങളെ കോൺഗ്രസ്സിന് പിണക്കേണ്ടി വരും. പ്രത്യേകിച്ച് ഈ തിരഞ്ഞെടുപ്പിൽ എല്ലാ സമുദായങ്ങളുടെയും പിന്തുണയോടെ 42 ശതമാനത്തിലധികം വോട്ട് കോൺഗ്രസ്സ് ലഭിച്ചതിനാൽ മറ്റു സമുദായങ്ങളെ അകറ്റി നിർത്തുകയെന്നത് കോൺഗ്രസ്സിന് പ്രയാസകരമാണ്.
എന്നാൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ വൊക്കലിഗ സമുദായത്തിൽ നിന്ന് എതിരഭിപ്രായമുണ്ടെങ്കിലും ശിവകുമാറിന്റെ ഉപമുഖ്യമന്ത്രി പദത്തിലൂടെ എതിർശബ്ദത്തെ മറികടക്കാനാകും.

◆ മുൻതൂക്കം സിദ്ധരാമയ്യക്ക് ലഭിച്ചെങ്കിലും ശിവകുമാറിന്റെ വിലപേശലാണ് വിജയിച്ചത്. ‘ഒരാൾക്ക് ഒരു പദവി’ എന്ന നിബന്ധനയിൽ പാർട്ടിക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. ഉപമുഖ്യമന്ത്രിക്കൊപ്പം സംസ്ഥാന കോൺഗ്രസ്സ് അധ്യക്ഷനായും ഡി കെ തുടരും. ഇത് മന്ത്രിസഭയിലും പാർട്ടിയിലും അദ്ദേഹത്തെ അജയ്യനാക്കും.

◆ ശിവകുമാറിനും അടുപ്പക്കാർക്കും മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകൾ തന്നെ ലഭിക്കും. ഇത് മന്ത്രിസഭയിലെ അധികാര തുല്യത ഉറപ്പാക്കും.

◆ സിദ്ധരാമയ്യയുടെ മുൻ അധികാര കാലത്ത് (2013-18) ശിവകുമാറിനെ ആദ്യവർഷത്തിൽ തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇത് സിദ്ധരാമയ്യക്ക് ഒരു സ്വേച്ഛാധിപത്യ പരിവേഷമുണ്ടാക്കി. നിലവിലെ കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടക്കമുള്ള മുതിർന്ന നേതാക്കളെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തുന്നതായിരുന്നു സിദ്ധരാമയ്യയുടെ ഇടപെടൽ.
ചർച്ചയിൽ മുതിർന്ന നേതാക്കളിൽ ചിലരുടെ പിന്തുണ ശിവകുമാറിന് ലഭിക്കാൻ ഇത് ഇടയാക്കി. ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് അധ്യക്ഷനുമായി ഡി കെ തുടരുന്നതോടെ അധികാര സന്തുലിതാവസ്ഥ മുഖ്യമന്ത്രിയിലേക്ക് മാത്രമായി ഒതുങ്ങില്ലെന്ന് ഉറപ്പാക്കാനുമാകും.

അതേസമയം, സിദ്ധരാമയ്യയും ശിവകുമാറും പഴയ മൈസൂർ മേഖലയിൽ നിന്നുള്ളവരാണ്. മന്ത്രിസഭയിൽ എല്ലാ മേഖലകളിൽ നിന്നും എല്ലാ സമുദായ വിഭാഗങ്ങളിൽ നിന്നുമുള്ളവരെ ഉൾപ്പെടുത്തുകയെന്നതാണ് കോൺഗ്രസ്സിന്റെ പുതിയ വെല്ലുവിളി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നിലവിലെ ഫോർമുല കോൺഗ്രസ്സിന് മാറ്റേണ്ടിവരുമെന്നും നിരീക്ഷണമുണ്ട്.