Connect with us

Articles

ഇടിച്ചുനിരത്തല്‍, പിന്നെ പുറന്തള്ളല്‍

ഫാസിസത്തിന് ഓശാന പാടലാണ് പുതിയ കാല ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് മുന്നില്‍ പരമോന്നത കോടതിയുടെ ഉത്തരവിന് വിലയുണ്ടായില്ല. പരമാവധി നാശം വിതക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമായി അവര്‍ കണ്ടു. അഷ്ടിയുടെ വകയും ഉറക്കത്തില്‍ കാവലായുള്ള തകരഷീറ്റും ചിതറിത്തെറിക്കുമ്പോള്‍ കണ്ണില്‍ നിന്ന് ചോര വാര്‍ന്നവരെ കാണേണ്ട കാര്യം അവര്‍ക്കില്ലല്ലോ? ആ ചോരയുടെ നനവിലാണ് വര്‍ഗീയതയുടെ വിത്തിറക്കേണ്ടതെന്ന് പഠിപ്പിക്കുന്ന അധികാരത്തിന്റെ കാവലാളുകളാണല്ലോ അവര്‍.

Published

|

Last Updated

1948 ജനുവരി 30, വൈകുന്നേരം അഞ്ച് മണി കഴിഞ്ഞിരിക്കുന്നു. ഹിന്ദു മഹാസഭയിലെ അംഗവും രാഷ്ട്രീയ സ്വയം സേവക് സംഘിലെ മുന്‍ അംഗവുമായ (ഔദ്യോഗികമായി അംഗത്വം അനുവദിക്കുന്ന രീതിയില്ലാത്ത സംഘടനയിലെ മുന്‍ അംഗം എന്ന് പറയുന്നതിലെ യുക്തി ഇതുവരെ മനസ്സിലായിട്ടില്ല) നാഥുറാം വിനായക് ഗോഡ്സെ, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്കു നേര്‍ക്ക് വെടിയുതിര്‍ത്തു. മിനുട്ടുകള്‍ക്കകം അഹിംസാവാദിയായ, അര്‍ധ നഗ്‌നനായ ഫക്കീര്‍ മരിച്ചു. വെയിലാറിയ നേരത്ത് നിരവധി പേര്‍ നേരിട്ടു കണ്ടു, രാജ്യത്തെ ആദ്യത്തെ ഭീകരാക്രമണം. കൊല്ലപ്പെട്ടത് രാഷ്ട്രപിതാവാണ്. കൊല നേരിട്ട് കണ്ടവര്‍ നിരവധിയുണ്ട്. പ്രതിയെ സ്ഥലത്തു നിന്ന് തന്നെ പിടികൂടിയിട്ടുണ്ട്. ശിക്ഷ നടപ്പാക്കാന്‍ അണുവിട വൈകേണ്ട കാര്യമില്ല. പ്രതിയെ അറസ്റ്റ് ചെയ്ത്, കൊലക്ക് പിന്നിലെ ഗൂഢാലോചന കൂടി അന്വേഷിച്ച്, അതില്‍ പങ്കെടുത്തവരെന്ന് സംശയിക്കുന്നവരെ പ്രതി ചേര്‍ത്ത് വിചാരണ നടത്തി, വിചാരണക്കോടതിയുടെ വിധിക്കുമേലെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ച് (ഗൂഢാലോചന എന്ന കുറ്റം തെളിയിക്കപ്പെട്ടുവെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ മാത്രമേ ഗോഡ്സെ അപ്പീലിലൂടെ ചോദ്യം ചെയ്തുള്ളൂ, കൊല താന്‍ ആലോചിച്ച് തീരുമാനിച്ച് നടപ്പാക്കിയതാണെന്ന വാദം കേസിലെ വലിയ ഗൂഢാലോചന പുറത്തുവരാതിരിക്കാനുള്ള തന്ത്രം മാത്രം) തീര്‍പ്പാക്കിയ ശേഷം മാത്രമാണ് ശിക്ഷ നടപ്പാക്കിയത്.

ഒന്നര വര്‍ഷത്തിലധികം നീണ്ടു നിയമ നടപടികള്‍. എന്നിട്ടും നിയമ നടപടികള്‍ വേഗം തീര്‍ത്തത് ഭരണകൂടത്തിന്റെ താത്പര്യമനുസരിച്ചാണെന്ന ആക്ഷേപമുണ്ടായി. കൊലക്ക് കാരണമായ സുരക്ഷാ വീഴ്ചയെക്കുറിച്ചും ഗാന്ധി വധത്തിന് പിറകിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിനുള്ള വലിയ പങ്കിനെക്കുറിച്ചും അന്വേഷണം നടക്കാതിരിക്കണമെന്ന സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ താത്പര്യമാണ് ശരവേഗത്തിന് കാരണമെന്ന് രാജ്യത്തിനകത്തും പുറത്തും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സെക്ക് പോലും താന്‍ കുറ്റവാളിയല്ലെന്ന് വാദിക്കാനുള്ള അവസരം ഇന്ത്യന്‍ യൂനിയനിലുണ്ടായിരുന്നു. എന്തുകൊണ്ട് ഗാന്ധിയെ കൊന്നുവെന്ന് ഗോഡ്സെ, കോടതിയില്‍ വിശദീകരിച്ചത്, പില്‍ക്കാലത്ത് തീവ്ര ഹിന്ദുത്വ വാദികളുടെ ‘വിശുദ്ധ പുസ്തക’മായി. ആ വിശദീകരണത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ച്, ഗോഡ്സെയെ പരസ്യമായും രഹസ്യമായും പ്രകീര്‍ത്തിക്കാന്‍ ഇന്ന് രാജ്യഭരണം നിയന്ത്രിക്കുന്നവര്‍ക്ക് സാധിക്കുന്നത്, കൊലയാളിക്ക് പോലും സ്വന്തം ഭാഗം വാദിക്കാന്‍ അവസരം നല്‍കണമെന്ന വിശാല നീതിബോധം പുലര്‍ന്നതുകൊണ്ടാണല്ലോ!

പരമോന്നത കോടതി വധശിക്ഷ ശരിവെച്ചതിന് ശേഷവും ദയാഹരജിക്ക് അവസരമുണ്ട് രാജ്യത്ത്. ദയാഹരജി തള്ളിയതിന് ശേഷവും വധശിക്ഷയൊഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നതും അത്തരം ശ്രമങ്ങള്‍ക്ക് ചെവികൊടുക്കാന്‍ പരമോന്നത നീതിപീഠം രാത്രി വൈകി ചേര്‍ന്നതും ഈ രാജ്യത്ത് തന്നെയാണ്. കുറ്റവാളിയാണെന്ന് ഉറപ്പിച്ചവര്‍ക്ക് പോലും ശിക്ഷയുടെ കാര്യത്തില്‍ നിയമപരമായ പുനപ്പരിശോധനക്കുള്ള ഒരവസരവും നിഷേധിക്കപ്പെടരുതെന്ന നിര്‍ബന്ധബുദ്ധി നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ സവിശേഷതയായി ഗണിക്കപ്പെട്ടു. അത്തരമൊരു ചരിത്രം മുന്നില്‍ നില്‍ക്കെയാണ് നിയമ വ്യവസ്ഥകളെയും നീതിന്യായ സംവിധാനത്തെയും നോക്കുകുത്തിയാക്കിക്കൊണ്ട്, തീവ്രഹിന്ദുത്വം അവരുടെ വര്‍ഗീയ വിഭജനത്തിന്റെ പുതിയ അധ്യായം ബുള്‍ഡോസറുപയോഗിച്ച് എഴുതിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ തുടങ്ങി, മധ്യപ്രദേശില്‍ തുടര്‍ന്ന അക്രമം രാജ്യതലസ്ഥാനത്ത് നിഷ്‌കരുണം ആവര്‍ത്തിക്കുന്ന താണ് ജഹാംഗീര്‍പുരിയില്‍ കണ്ടത്.

രാമനവമി – ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം നടത്തിയിരുന്നു സംഘ്പരിവാര്‍ സംഘടനകള്‍. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രകളുടെ വഴി മുസ്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാകണമെന്നും അത്തരം ഇടങ്ങളിലെത്തുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ചേഷ്ടകളുമുണ്ടാകണമെന്നും തീരുമാനിക്കപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയിലാണ് മധ്യപ്രദേശിലും ഡല്‍ഹിയിലുമടക്കം സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായത്. ഹനുമാന്‍ ജയന്തി ദിനത്തില്‍ ജഹാംഗീര്‍പുരിയിലൂടെ നടന്നത് മൂന്ന് ഘോഷയാത്രകളാണ്. അതില്‍ വൈകിട്ട് നടന്ന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ വടികളും വാളുകളുമേന്തിയിരുന്നുവെന്ന് വസ്തുതാന്വേഷണ സംഘത്തോട് പറഞ്ഞത് ജഹാംഗീര്‍പുരിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഹിന്ദുക്കളടക്കമുള്ളവരാണ്. ഭീഷണി മുഴക്കുകയും പ്രകോപനപരമായ മുദ്രാവാക്യം മുഴക്കുകയും ചെയ്ത ‘ഘോഷ’യാത്രികര്‍ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം നേടുന്നതില്‍ വിജയിച്ചു. സംഘര്‍ഷത്തിന് ശേഷം രംഗത്തിറങ്ങിയ പോലീസ് പെരുമാറിയത് ഏകപക്ഷീയമായാണ്. വാളും വടിയും തോക്കുമൊക്കെയായി ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ പോലീസിന് പ്രശ്നമായിരുന്നില്ല, പ്രദേശത്തെ മുസ്ലിം ചെറുപ്പക്കാരെ പിടികൂടി, സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ആ സമൂഹത്തിന് മേല്‍ ചാര്‍ത്താനായിരുന്നു താത്പര്യം.

ആ ചടങ്ങ് നടന്നതിന് തൊട്ടുപിറകെ, ജഹാംഗീര്‍പുരിയിലെ ‘കലാപകാരി’കളായ ‘അനധികൃത താമസ’ക്കാരെ ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ബി ജെ പി ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേശ് കുമാര്‍ ഗുപ്ത രംഗത്തുവന്നു. ഗുപ്ത എഴുതിയ പ്രസ്താവനയിലെ മഷി ഉണങ്ങുന്നതിന് പിറകെ, ‘അനധികൃത’ താമസക്കാരെ ഒഴിപ്പിക്കാനും അവരുടെ കുടിലുകളും ചെറുകടകളും ഇടിച്ചുനിരത്താനും തീരുമാനമെടുത്തു ബി ജെ പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍. അനധികൃത നിര്‍മാണമാണോ അല്ലയോ എന്നത് പരിശോധിച്ച്, രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കി, രേഖകളില്ലാത്തതിനാല്‍ പൊളിച്ചുനീക്കുമെന്ന് നോട്ടീസ് നല്‍കി, ആ നോട്ടീസിനു മേല്‍ പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാന്‍ സമയം നല്‍കിയൊക്കെ വേണം തല്ലിത്തകര്‍ക്കലെന്നാണ് നിയമ വ്യവസ്ഥ. എന്നാല്‍ ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലും പിന്തുടരാത്ത നിയമ വ്യവസ്ഥയൊന്നും ഡല്‍ഹിയിലും പന്തുടരേണ്ടതില്ലെന്ന് വടക്കന്‍ ഡല്‍ഹി മേയര്‍ രാജ ഇഖ്ബാല്‍ സിംഗ് തീരുമാനിച്ചു. ആ തീരുമാനത്തെ, സെന്‍ട്രല്‍ റിസര്‍വ് പോലീസിലെ 1,250 അംഗങ്ങളെ വിട്ടുനല്‍കിയും പൊളിച്ചേ പിന്മാറാവൂ എന്ന നിര്‍ദേശം ഡല്‍ഹി പോലീസിന് നല്‍കിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം (അമിത് ഷാ എന്ന് തിരുത്തി വായിക്കാം) സര്‍വാത്മനാ പിന്തുണച്ചു.

അന്നന്നത്തെ അന്നത്തിന് വേണ്ടത്ര വഴിയില്ലാത്ത പാവങ്ങള്‍ താമസിച്ചിരുന്ന ചായ്പ്പുകളും അവരുടെ ഉപജീവനമാര്‍ഗമായ ചെറു കടകളും ഉന്തുവണ്ടികളും തകര്‍ത്തെറിഞ്ഞ് താണ്ഡവമാടിയ ഉദ്യോഗസ്ഥര്‍, പറിച്ചെറിയുന്നതില്‍ ഭൂരിഭാഗവും ബി ജെ പി അധ്യക്ഷന്‍ പറഞ്ഞ ‘കലാപകാരി’കളുടേതാണെന്ന് ഉറപ്പിച്ചിരുന്നു. ഫാസിസത്തിന് ഓശാന പാടലാണ് പുതിയ കാലത്ത് ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തിരിച്ചറിഞ്ഞവര്‍ക്ക് മുന്നില്‍ പരമോന്നത കോടതിയുടെ ഉത്തരവിന് പോലും വിലയുണ്ടായില്ല. ഉത്തരവിന്റെ പകര്‍പ്പ് കിട്ടുന്നതിന് മുമ്പ് പരമാവധി നാശം വിതക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമായി അവര്‍ കണ്ടു. അഷ്ടിയുടെ വകയും ഉറക്കത്തില്‍ കാവലായുള്ള തകരഷീറ്റും ചിതറിത്തെറിക്കുമ്പോള്‍ കണ്ണില്‍ നിന്ന് ചോര വാര്‍ന്നവരെ കാണേണ്ട കാര്യം അവര്‍ക്കില്ലല്ലോ? ആ ചോരയുടെ നനവിലാണ് വര്‍ഗീയതയുടെ വിത്തിറക്കേണ്ടതെന്ന് പഠിപ്പിക്കുന്ന അധികാരത്തിന്റെ കാലാളുകളാണല്ലോ അവര്‍.

ഇനി ഇറങ്ങാന്‍ പോകുന്നത് ബുള്‍ഡോസറുകളാണെന്ന് ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയം നേടി ദിവസങ്ങള്‍ക്കകം അതവിടെ ഉരുളാന്‍ തുടങ്ങുകയും ചെയ്തു. വീട് ഇടിച്ചുനിരത്താന്‍ ബുള്‍ഡോസറെത്തുമെന്ന ഭീതിയില്‍ അമ്പത് പേര്‍ പോലീസിന് കീഴടങ്ങിയെന്ന് ഉത്തര്‍ പ്രദേശിലെ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഊറ്റം കൊള്ളുന്നു. ബലാത്സംഗക്കേസില്‍ ആരോപണ വിധേയന്‍ കീഴടങ്ങിയത്, പോലീസിന്റെ ബുള്‍ഡോസര്‍ വീട് ഇടിച്ചുനിരത്തിയതോടെയാണെന്നത് വീരഗാഥയായി മുഴങ്ങുന്നു. രാമനവമിയുടെ പാര്‍ശ്വങ്ങളിലുണ്ടായ കലാപങ്ങള്‍ക്ക് ഉത്തരവാദിയെന്ന് ആരോപിച്ച് ഒരു വിഭാഗത്തിന്റെ വീടുകളും കടകളും മുഴുവന്‍ ഇടിച്ചുനിരത്തിക്കൊണ്ട് മധ്യപ്രദേശ് സര്‍ക്കാര്‍, ക്രമസമാധാനപാലനം ഇനി എളുപ്പമാണെന്ന് അവകാശപ്പെടുന്നു. (ഇടിച്ചുനിരത്തിയത് അനധികൃത നിര്‍മാണങ്ങളാണെന്നും അത് ചെയ്യാന്‍ നിയമപരമായ അധികാരമുണ്ടെന്നും ഉദ്യോഗസ്ഥരുടെ വായ്ത്താരി പിറകെ)

ധരിച്ച വസ്ത്രമൊഴികെ മറ്റൊന്നുമെടുക്കാന്‍ സാവകാശം നല്‍കാതെ, കെട്ടിടങ്ങളും മറ്റാസ്തികളും തകര്‍ക്കപ്പെടുമ്പോള്‍ നിരാലംബരായി പുറന്തള്ളപ്പെടുന്നവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. അവരില്‍ വലിയൊരു ഭാഗം ഇനിമേല്‍ രേഖകളുടെ സംരക്ഷണമില്ലാത്ത, തെരുവാധാരമായവര്‍ മാത്രം. ജഹാംഗീര്‍പുരിയുടെ കാര്യമെടുത്താല്‍ അവിടെ താമസിക്കുന്നവരില്‍ വലിയൊരളവ് ബംഗാളില്‍ നിന്ന് കുടിയേറിയ മുസ്ലിംകളാണ്. തെരുവിലേക്ക് ഇറക്കിവിടപ്പെട്ടാല്‍, ഇവരെ ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരെന്ന് ചിത്രീകരിക്കുക എളുപ്പം. അതുമല്ലെങ്കില്‍ മ്യാന്മറില്‍ നിന്നെത്തിയ റോഹിംഗ്യന്‍ വംശജരെന്ന് വിശേഷിപ്പിച്ച് പുറന്തള്ളാം. ഇതിനൊക്കെയുള്ള ശ്രമം ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട് താനും. ഇപ്പോഴാരംഭിച്ചിരിക്കുന്ന ഇടിച്ചുനിരത്തലും പുറന്തള്ളലും പൊടുന്നനെയുണ്ടായതാണെന്ന് കരുതുക വയ്യ. പൗരത്വ നിയമം ഭേദഗതി ചെയ്തതിന്റെയും ദേശീയ പൗരത്വപ്പട്ടിക തയ്യാറാക്കുന്നതിന്റെയും ബലത്തില്‍ രാജ്യത്തു നിന്ന് പുറത്താക്കാനുള്ളവരെ നിര്‍ണയിച്ചെടുക്കാനുള്ള എളുപ്പ വഴിയായി ഇതിനെ കാണണം. അതുവഴി ഭൂരിപക്ഷ സമുദായത്തെ വര്‍ഗീയമായി കൂടുതല്‍ ഏകീകരിക്കലും.

ജഹാംഗീര്‍പുരിയിലെ കുടിയൊഴിപ്പിക്കലിനെ ന്യായീകരിക്കുമ്പോള്‍, മുസ്ലിംകളെ മാത്രമല്ല അനധികൃത താമസക്കാരായ ഹിന്ദുക്കളെക്കൂടി അവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട് എന്ന് ബി ജെ പി ഡല്‍ഹി ഘടകം പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതൊരു മുന്നറിയിപ്പാണ്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍, പാര്‍ക്കുന്ന ഇതര വിഭാഗക്കാര്‍ക്കുള്ള മുന്നറിയിപ്പ്. അത്തരം പ്രദേശങ്ങളില്‍ തുടര്‍ന്നാല്‍ ന്യൂനപക്ഷ വേട്ടയുടെ പാര്‍ശ്വഫലങ്ങള്‍ നിങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ബി ജെ പി നേതാവ് പറയാതെ പറയുന്നത്. ന്യൂനപക്ഷ വിഭാഗക്കാര്‍ മാത്രം അധിവസിക്കുന്ന ചേരികള്‍ മാത്രമായാല്‍ ഇത്തരം കൊളാറ്ററല്‍ ഡാമേജ് ഒഴിവാക്കാമല്ലോ!

നിയമ വ്യവസ്ഥകള്‍ അട്ടിമറിച്ച്, പരമോന്നത കോടതിയുടെ ഉത്തരവിനെ തൃണവത്ഗണിച്ച് പാവപ്പെട്ടവരുടെ കൂരയ്ക്കു മേല്‍ ജെ സി ബി ആഴ്ന്നിറങ്ങുമ്പോള്‍ നിശ്ശബ്ദം, നിശ്ചലമിരുന്ന് ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും അതിന്റെ നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും. അവിടെയൊരു ചെറിയ പ്രതിരോധമെങ്കിലും തീര്‍ക്കണമെന്ന തോന്നലുണ്ടായില്ല, 2024ലേക്കുള്ള തന്ത്രങ്ങളെക്കുറിച്ച് തീവ്രമായി ആലോചിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്. രോഷം ട്വീറ്റുകളില്‍ പ്രകടിപ്പിച്ച്, കര്‍ത്തവ്യം നിര്‍വഹിച്ചു അവരെല്ലാം. പ്രതിരോധിക്കാന്‍ ആകെയുണ്ടായത് സി പി എമ്മിന്റെയും സി പി ഐ (എം എല്‍) യുടെയും നേതാക്കള്‍ മാത്രം. ബുള്‍ഡോസറുകളെ യോജിച്ചു നിന്ന് ചെറുക്കാന്‍ ശ്രമമുണ്ടാകുമ്പോഴേ, ജനത്തിന് അതില്‍ വിശ്വാസമുണ്ടാകൂ. ഇല്ലെങ്കില്‍ വിധേയരുടെ വേഷമാണ് തത്കാലം നല്ലതെന്ന ചിന്ത അവരെ ഭരിക്കും. സമഗ്രമായ അന്വേഷണം ഇനിയും ആരംഭിക്കാത്ത കുറ്റകൃത്യത്തിന്റെ പേരില്‍, ഒരു വിഭാഗത്തെ പ്രതിസ്ഥാനത്തു നിര്‍ത്തി ഒന്നിച്ച് ശിക്ഷിക്കുന്ന നടപടികളെ യോജിപ്പോടെ പ്രതിരോധിക്കാന്‍ ആളുകളുണ്ടെന്ന തോന്നല്‍, ഇപ്പോഴുമുണ്ടാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് സംഘ്പരിവാറിന്റെ വേഗം കൂടുമെന്നുറപ്പിക്കാം.