Connect with us

From the print

പേ വിഷബാധയേറ്റ് മരണം; ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന

ഈ വര്‍ഷം ആറ് മാസമാകുമ്പോഴേക്ക് 13 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. ഇതില്‍ ഏഴ് മരണവും ഒരു മാസത്തിനിടെയാണ് സംഭവിച്ചത്.

Published

|

Last Updated

കോഴിക്കോട് | പേ വിഷബാധയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വര്‍ധിച്ചത് മൂന്നിരട്ടി. 2018ല്‍ ഒമ്പത് പേരായിരുന്നു തെരുവുനായ്ക്കളുടെ കടിയേറ്റ് മരണത്തിന് കീഴടങ്ങിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം മരണനിരക്ക് 26 ആയി വര്‍ധിച്ചു. 2019ല്‍ പേപ്പട്ടിയുടെ കടിയേറ്റ് എട്ട് പേരാണ് മരണപ്പെട്ടത്. 2020, 21 വര്‍ഷങ്ങളില്‍ യഥാക്രമം ഇത് അഞ്ച്, 11 എന്നിങ്ങനെയായിരുന്നു.

2022ല്‍ 27 പേരുടെയും 2023ല്‍ 25 പേരുടെയും മരണം പേപ്പട്ടി കടിച്ചാണ് സംഭവിച്ചത്. 2023ല്‍ കൊല്ലത്തും ആലപ്പുഴയിലുമായി 13 പേരാണ് ഇങ്ങനെ മരണപ്പെട്ടത്. 2022ല്‍ തിരുവനന്തപുരത്ത് മാത്രം എട്ട് പേര്‍ പേ വിഷബാധയേറ്റ് മരിച്ചിട്ടുണ്ട്. ഇതേവര്‍ഷം തൃശൂരിലും പാലക്കാട്ടും യഥാക്രമം അഞ്ചും നാലും പേര്‍ക്കാണ് പേപ്പട്ടി കാരണം മരണത്തിന് കീഴടങ്ങേണ്ടിവന്നത്.

ഈ വര്‍ഷം ആറ് മാസമാകുമ്പോഴേക്ക് 13 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. ഇതില്‍ ഏഴ് മരണവും ഒരു മാസത്തിനിടെയാണ് സംഭവിച്ചത്. മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ കുഞ്ഞുങ്ങളായിരുന്നുവെന്നത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം കടിച്ചത് 3.25 ലക്ഷം പേരെ
തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയുണ്ടായത്. 2021ല്‍ 2,21,379 പേര്‍ ചികിത്സ തേടിയപ്പോള്‍ 2024ല്‍ 3,16,000 ആയി. കടിയേറ്റവരുടെ എണ്ണം മൂന്ന് വര്‍ഷത്തിനിടെ ഒരു ലക്ഷത്തോളം വര്‍ധിച്ചു എന്നര്‍ഥം. 2022ല്‍ 2,88,000 പേര്‍ക്കും 2023ല്‍ 3,60,000 പേര്‍ക്കുമാണ് നായയുടെ കടിയേറ്റത്.

നാല് ലക്ഷം തെരുവുനായ്ക്കള്‍
സംസ്ഥാനത്ത് നാല് ലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. 2018ലെ കണക്ക് പ്രകാരം കോഴിക്കോട് നഗരത്തില്‍ മാത്രം 13,182 തെരുവുനായ്ക്കളുണ്ട്. ജനിച്ച് ആറ് മാസമാകുമ്പോഴേക്ക് ഇവ ലൈംഗികമായി പാകപ്പെടും.

വര്‍ഷത്തില്‍ രണ്ട് തവണ പ്രസവിക്കാന്‍ സാധിക്കും. ഒരു പ്രസവത്തില്‍ പത്ത് മുതല്‍ 12 കുഞ്ഞുങ്ങള്‍ വരെയാണ് കണക്ക്. ഇങ്ങനെ വര്‍ഷത്തില്‍ ശരാശരി 20 കുഞ്ഞുങ്ങളെ പ്രസവിക്കുന്നതില്‍ പത്തെണ്ണമെങ്കിലും അടുത്ത വര്‍ഷം മുതല്‍ പ്രജനനമാരംഭിക്കും. ഒരു നായക്ക് പത്ത് മുതല്‍ പതിനഞ്ച് വര്‍ഷം വരെയാണ് ആയുസ്സ്.

മൂന്ന് തരം കടികള്‍
തെരുവുനായ്ക്കള്‍ കടിയേല്‍പ്പിച്ചുണ്ടാക്കുന്ന പ്രഹരത്തെ മൂന്ന് തരമായാണ് തരംതിരിക്കുന്നത്. കടിയേറ്റയാള്‍ക്ക് രക്തം പൊടിയാതെയുള്ളതാണ് ഒന്നും രണ്ടും വിഭാഗത്തില്‍പ്പെടുന്നത്. എന്നാല്‍, കടിച്ച് പരുക്കേല്‍പ്പിക്കപ്പെടുന്ന അവസ്ഥയെ കാറ്റഗറി മൂന്ന് ഇനത്തിലാണ് ആരോഗ്യ വിദഗ്ധര്‍ കണക്കാക്കുന്നത്. ഇത്തരക്കാര്‍ക്ക് വാക്സീനും ആന്റിബോഡിയും നല്‍കേണ്ടതുണ്ട്.

മൃഗങ്ങളുടെ കടിയേല്‍ക്കുന്നതിന് മുമ്പ് വാക്സീന്‍ നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നിട്ടുണ്ട്. നിലവില്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള റിസ്‌ക് കാറ്റഗറിയിലുള്ളവര്‍ക്കാണ് ഇങ്ങനെ പ്രീ- എക്സ്പോഷര്‍ പ്രൊഫിലാക്സിസ് വാക്സീനേഷന്‍ നല്‍കുന്നത്. ഏഴ് ദിവസം ഇടവിട്ട് രണ്ട് ബൂസ്റ്റര്‍ ഡോസുകളാണ് ഇവര്‍ക്ക് നല്‍കുന്നത്.