Connect with us

Mandous cyclone

ബംഗാൾ ഉൾക്കടലിൽ മാൻദൗസ് ചുഴലിക്കാറ്റ് രൂപപ്പെട്ടു; വിവിധ ജില്ലകളിൽ നാളെയും മറ്റന്നാളും മഞ്ഞ ജാഗ്രത

കേരളത്തിൽ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മാൻദൗസ് (Mandous) ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നാളെ അർധരാത്രിയോടെ തമിഴ്നാട്- പുതുച്ചേരി- തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തെത്തി പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ മണിക്കൂറിൽ 65- 75 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

വെള്ളിയും ശനിയും കേരളത്തിലെ വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് മഞ്ഞ ജാഗ്രത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

അതേസമയം, ഡിസംബർ 11 മുതൽ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Latest