Kerala
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഒരാളെ ഇഡി അറസ്റ്റ് ചെയ്തു
വിവിധ ജില്ലകളില്‍ 900 നിക്ഷേപകരില്‍ നിന്നും 1200 കോടി രൂപ തട്ടിയ കേസാണ് മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്

കോഴിക്കോട് | മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സ്റ്റോക്‌സ് ഗ്ലോബല്‍ ട്രേഡിംഗ് കമ്പനി ഉടമ മലപ്പുറം സ്വദേശി അബ്ദുള്‍ ഗഫൂറിനെ ആണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
വിവിധ ജില്ലകളില്‍ 900 നിക്ഷേപകരില്‍ നിന്നും 1200 കോടി രൂപ തട്ടിയ കേസാണ് മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്. അബ്ദുല്‍ ഗഫൂറിന്റെ കമ്പനിയിലൂടെ 39 കോടി രൂപയുടെ കൈമാറ്റം നടന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കേസിലെ പ്രധാന പ്രതി മലപ്പുറം സ്വദേശി നിഷാദ് കളിയിടുക്കില്‍ ഒളിവിലാണ്. ഇയാളുടെയും കൂട്ടാളികളുടെയും ആസ്തി ഇഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. 36 കോടി 72 ലക്ഷത്തിലധികം രൂപയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്.
തട്ടിപ്പിലൂടെ സമാഹരിച്ച പണംകൊണ്ട് വാങ്ങിയ 25 ലക്ഷത്തിലധികം രൂപയുടെ ക്രിപ്‌റ്റോ കറന്‍സിയും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. ബിറ്റ്‌കോയിന്‍ അടക്കമുള്ള ഏഴ് ക്രിപ്‌റ്റോ കറന്‍സികളിലെ നിക്ഷേപം രൂപയിലേക്ക് മാറ്റിയാണ് ഇഡി കണ്ടുകെട്ടിയത്.