Kerala
മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ടു; കോണ്‍ഗ്രസില്‍ ചേര്‍ന്നു
പത്തനംതിട്ട ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പിലാണ് കോണ്‍ഗ്രസ് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

പത്തനംതിട്ട|ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജോണ്‍സനെ പത്തനംതിട്ട ഡിസിസി അധ്യക്ഷന്‍ സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ഡിസിസി ഓഫീസില്‍ എത്തിയാണ് ജോണ്‍സണ്‍ അംഗത്വം സ്വീകരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ പാരമ്പര്യമുള്ള ഈ പ്രസ്ഥാനത്തിന്റെ അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം പി ജെ ജോണ്‍സണ്‍ പ്രതികരിച്ചു. രാജ്യത്തിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടാനും, കോണ്‍ഗ്രസ് പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ഞാന്‍ പ്രതിജ്ഞാബദ്ധനാണെന്ന് പി ജെ ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.