Kerala
വയനാട് തുരങ്കപാത നിര്‍മാണത്തിന് നാളെ തുടക്കമാവും
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി

തിരുവനന്തപുരം | കോഴിക്കോട്-വയനാട് യാത്രാ ദുരിതത്തിനു ശാശ്വത പരിഹാരമാവുന്ന ആനക്കാംപൊയില്‍ -കള്ളാടി-മേപ്പാടി തുരങ്ക പാത നിര്‍മാണത്തിന് നാളെ തുടക്കമാവും. തുരങ്കപാത യാഥാര്‍ഥ്യമാവുന്നതോടെ കേരളത്തില്‍ നിന്ന് കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര സുഗമമാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പാതയുടെ നിര്‍വ്വഹണ ഏജന്‍സി.
കേന്ദ്ര സര്‍ക്കാറിന്റെ പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് തുരങ്ക പാത പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍മാണം. 8.73 കിലോമീറ്റര്‍ പാതയുടെ 8.1 കിലോമീറ്റര്‍ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്വകാര്യ ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു.
ടണല്‍ റോഡിലേക്കുള്ള പ്രധാന പാതയുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. രണ്ട് പാക്കേജുകളിലായാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണല്‍ വെന്റിലേഷന്‍, അഗ്‌നിശമന സംവിധാനം, ടണല്‍ റേഡിയോ സിസ്റ്റം, ടെലിഫോണ്‍ സിസ്റ്റം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട്‌ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സി സി ടി വി, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
കഴിഞ്ഞ സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. ഒട്ടേറെ കടമ്പകള്‍ കടന്നാണ് അനുമതി നേടിയത്. തുരങ്കപ്പാത യാര്‍ഥ്യമാകുന്നതോടെ ആനക്കാംപൊയിലില്‍ നിന്നു 22 കിലോമീറ്റര്‍ കൊണ്ട് മേപ്പാടിയിലെത്താം. ചുരം യാത്രാദുരിതത്തിനും ഇതോടെ അറുതിയാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.