Connect with us

From the print

ലീഗ് വിരുദ്ധ വോട്ടുകളുടെ ഏകീകരണം; പൊന്മുണ്ടത്ത് ജനകീയ മുന്നണിക്ക് അട്ടിമറി ജയം

ലീഗിലെ പല വമ്പൻമാരും ഇത്തവണ തോൽവിയുടെ രുചിയറിഞ്ഞു

Published

|

Last Updated

വൈലത്തൂർ (മലപ്പുറം) | യു ഡി എഫ് സംവിധാനമില്ലാത്ത പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിൽ ലീഗ് വിരുദ്ധ വോട്ടുകളുടെ ഏകീകരണം ജനകീയ മുന്നണിക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം. 15 വർഷത്തെ ലീഗിന്റെ ഭരണത്തിന് അന്ത്യം കുറിച്ച് കോൺഗ്രസ്സ്- സി പി എം സഖ്യമായ ജനകീയ മുന്നണി സ്ഥാനാർഥികൾ ആകെയുള്ള 18 സീറ്റിൽ 13 ഇടങ്ങളിലും വിജയിച്ചാണ് പഞ്ചായത്തിൽ ഭരണമാറ്റത്തിന് കളമൊരുക്കിയത്.

ഒന്ന്, മൂന്ന്, നാല്, എട്ട്, ഒമ്പത്, പത്ത്, 11, 12, 13, 14, 15, 17, 18 വാർഡുകളിലാണ് ജനകീയ മുന്നണി സ്ഥാനാർഥികൾ വിജയിച്ചത്. ശക്തമായ മത്സരം നടന്ന വാർഡുകളിലെല്ലാം ലീഗ് സ്ഥാനാർഥികളായ വമ്പന്മാരെല്ലാം കടപുഴകി. ഭരണവിരുദ്ധ തരംഗവും ലീഗിന്റെ പരാജയത്തിന് ആക്കം കൂട്ടി. സിറ്റിംഗ് സീറ്റ് വെൽഫെയർ പാർട്ടിക്ക് വിട്ടുനൽകിയതിലുള്ള എതിർപ്പ് പരമ്പരാഗത ലീഗ് വോട്ടിൽ വിള്ളലുണ്ടാക്കിയതും പഞ്ചായത്ത് ഭരണം നഷ്ടപ്പെടാൻ ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു.

ലീഗിലെ പല വമ്പൻമാരും ഇത്തവണ തോൽവിയുടെ രുചിയറിഞ്ഞു. മുൻ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ തോറ്റ പ്രമുഖരിലുണ്ട്. താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈലത്തൂർ ഡിവിഷൻ ലീഗിന് നഷ്ടമായി. ജനകീയ മുന്നണി സ്ഥാനാർഥി സിദ്ദീഖ് പുല്ലാട്ടാണ് ഇവിടെ വിജയിച്ചത്. ലീഗ്- വെൽഫെയർ കൂട്ടുകെട്ടാണ് ജനകീയ മുന്നണിയെ നേരിട്ടത്. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചുവിട്ട് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഡി സി സി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest